ഇന്ത്യക്കെതിരേ പരിഹാസവുമായി രംഗത്തു വന്നിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ്. താന്‍ കളിച്ചിരുന്ന സമയത്തു പാകിസ്താന്‍ ടീമുമായി ഏറ്റുമുട്ടാന്‍ പോലും ഇന്ത്യ ഭയപ്പെട്ടിരുന്നുവെന്നാണ് റസാഖിന്റെ അവകാശവാദം. ഒരു പാക് ചാനലില്‍ ലോകകപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു ഇന്ത്യന്‍ ടീമിനെതിരേയുള്ള അദ്ദേഹത്തിന്റെ പരിഹാസം. ഇതാദ്യമായല്ല അദ്ദേഹം ഇക്കാര്യം പറയുന്നത്. നേരത്തേയും ഈ തരത്തില്‍ റസാഖ് ഇന്ത്യയെ കളിയാക്കിയിട്ടുണ്ട്.
ലോകകപ്പില്‍ ഇത്തവണ പാകിസ്താന്‍ ടീം സെമി ഫൈനലില്‍ കളിക്കുമോയെന്ന കാര്യം പോലും സംശയത്തില്‍ നില്‍ക്കവെയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യക്കെതിരേ റസാഖ് ആഞ്ഞടിച്ചിരിക്കുന്നത്. ഈ ലോകകപ്പില്‍ ഒരു തവണ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്‍ ക്ലാസിക്കോ പോരാട്ടം സംഭവിച്ചു കഴിഞ്ഞു. അതില്‍ ഇന്ത്യ ഏകപക്ഷീയമായ വിജയവും സ്വന്തമാക്കിയിരുന്നു.

ഇനി സെമി ഫൈനലില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യ- പാകിസ്താന്‍ ത്രില്ലര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ പാകിസ്താനു സാധിച്ചാല്‍ ഇന്ത്യയുമായിട്ടാണ് സെമി ഫൈനലില്‍ കളിക്കേണ്ടതായി വരിക.
താന്‍ കളിച്ചിരുന്ന കാലഘട്ടത്തില്‍ പാകിസ്താന്‍ വളരെ ശക്തരായിരുന്നുവെന്നും ഇന്ത്യക്കെതിരേ വ്യക്തമായ ആധിപത്യം അന്നു പുലര്‍ത്തുകയും ചെയ്തിരുന്നുവെന്നാണ് റസാഖ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിരുന്ന സമയത്തു പാകിസ്താന്‍ ടീമിനെ ഇന്ത്യ വളരെയധികം ഭയപ്പെട്ടിരുന്നു.
അവര്‍ അന്നു വലിയ ഭീരുക്കളായിരുന്നു. ഇതു കാരണം ഞങ്ങളോടു കളിക്കാന്‍ തയ്യാറാവാതെ പേടിച്ചോടുകയും ചെയ്തു. കാരണം ഞങ്ങള്‍ ഇന്ത്യക്കെതിരേ ആ കാലത്തു വളരെയധികം ആധിപത്യം പുലര്‍ത്തിയിരുന്നു. ഏകപക്ഷീയമായ മല്‍സരങ്ങളില്‍ ഇന്ത്യയെ തോല്‍പ്പിക്കുകയും ചെയ്തിരുന്നതായി റസാഖ് വ്യക്തമാക്കി.
അതേസമയം, സമീപകാലത്തെ മല്‍സരങ്ങളെടുത്താല്‍ പാകിസ്താനെതിരേ മേധാവിത്വം പുലര്‍ത്താന്‍ ഇന്ത്യക്കായിട്ടുണ്ട്. അവസാനത്തെ നാലു മല്‍സരങ്ങളിലും പാകിസ്താനോടു ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ത്രില്ലറിലായിരുന്നു പാകിസ്താനെ അവസാന ഓവറില്‍ ഇന്ത്യ വീഴ്ത്തിയത്.
അതിനു ശേഷം ഈ വര്‍ഷം ഏഷ്യാ കപ്പില്‍ രണ്ടു തവണ ഇരുടീമുകളും മുഖാമുഖം വന്നു. ഇതില്‍ ആദ്യ മല്‍സരം മഴ കാരണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ രണ്ടാമത്തേതില്‍ റെക്കോര്‍ഡ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഏറ്റവും അവസാനമായി ഈ ലോകകപ്പിലും പാകിസ്താനെ നിഷ്പ്രഭരാക്കിയാണ് ഇന്ത്യ ജയിച്ചുകയറിയത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഏഴു വിക്കറ്റിനു ബാബര്‍ ആസമിനെയും സംഘത്തെയും ഇന്ത്യ വാരിക്കളഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 191 റണ്‍സിനു ഇന്ത്യ എറിഞ്ഞിടുകയായിരുന്നു. രണ്ടിനു 155 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നാണ് പാകിസ്താന്‍ 191 റണ്‍സിലേക്കു വീണത്. അഞ്ചു ബൗളര്‍മാര്‍ ഇന്ത്യക്കു വേണ്ടി രണ്ടു വീതം വിക്കറ്റുകളെടുക്കുകയും ചെയ്തു.
റണ്‍ ചേസില്‍ 192 റണ്‍സെന്ന വിജയലക്ഷ്യം കുറിക്കാന്‍ ഇന്ത്യക്കു 30.3 ഓവറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. ക്യാപ്റ്റന്‍ രോഹിത്തിന്റെ (86) തീപ്പൊരി ഇന്നിങ്‌സാണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. വെറും 63 ബോളിലാണ് ഹിറ്റ്മാന്‍ ഇത്രയും റണ്‍സ് വാരിക്കൂട്ടിയത്. ആറു വീതം ഫോറുകളും സിക്‌സറുമടക്കമായിരുന്നു ഇത്. ശ്രേയസ് അയ്യര്‍ 62 ബോളില്‍ പുറത്താവാതെ 53 റണ്‍സും നേടി.