മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. കളിച്ച എട്ട് മത്സരത്തിലും ജയിച്ച ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇത്തവണ രോഹിത് ശര്‍മക്ക് കീഴില്‍ ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ പ്രകടനം കാഴ്ചവെക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കുന്നു. വിരാട് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരെല്ലാം തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യക്ക് കരുത്തേകുന്നു.
ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നര്‍മാര്‍ ഇന്ത്യക്കുണ്ടാവുന്നു. എന്നാല്‍ ഇന്ത്യയുടെ ശരിയായ മാച്ച് വിന്നര്‍ നായകന്‍ രോഹിത് ശര്‍മയാണെന്നും അതിനുള്ള കാരണവും പറഞ്ഞിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍. 'രോഹിത് ശര്‍മയാണ് ഇന്ത്യയുടെ മാച്ച് വിന്നറായ താരം. രോഹിത് ശര്‍മ ആക്രമണോത്സകതയോടെ തുടങ്ങുന്നതാണ് മധ്യനിരക്ക് സമയമെടുത്ത് മികച്ച പ്രകടനം നടത്താന്‍ കരുത്താവുന്നത്'- താഹിര്‍ പറഞ്ഞു.
രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കമാണ് ഇന്ത്യക്ക് നല്‍കുന്നത്. പവര്‍പ്ലേയ്ക്കുള്ളില്‍ ഇന്ത്യക്ക് അടിത്തറ പാകാന്‍ രോഹിത്തിന്റെ പ്രകടനം ടീമിനെ സഹായിക്കുന്നു. രോഹിത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുമ്പോള്‍ പിന്നാലെയെത്തുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുന്നു. രോഹിത് തന്റെ വ്യക്തിഗത നോട്ടങ്ങള്‍ ലക്ഷ്യംവെക്കാതെ തുടക്കം മുതല്‍ അടിച്ച് തകര്‍ക്കുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന രോഹിത് എതിര്‍ ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം നേടുന്നു.
രോഹിത് പുറത്താവുമ്പോഴേക്കും 50ലധികം റണ്‍സ് മിക്ക മത്സരങ്ങളിലും സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. രോഹിത് ഫ്‌ളോപ്പാവുന്ന മത്സരങ്ങളിലും ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും രോഹിത്തിന്റെ പ്രകടനം പ്രധാന മത്സരങ്ങളില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണെന്നുറപ്പ്. പ്രധാന മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തെ മറികടക്കാന്‍ രോഹിത്തിന്റെ ബാറ്റിങ്ങാണ് ഇന്ത്യയെ സഹായിക്കുന്നത്. സെമി പോരാട്ടം പടിവാതുക്കല്‍ എത്തിനില്‍ക്കവെ രോഹിത് - ശുബ്മാന്‍ കൂട്ടുകെട്ട് ഇന്ത്യയുടെ നട്ടെല്ലാണെന്ന് പറയാം.

നിലവിലെ സാധ്യതകള്‍ പ്രകാരം ന്യൂസീലന്‍ഡ് സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി എത്താനാണ് സാധ്യത. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ പുറത്താക്കിയത് കിവീസാണ്. അതുകൊണ്ടുതന്നെ പകരം വീട്ടാനുള്ള അവസരം ഇന്ത്യക്ക് മുന്നിലുണ്ട്. രോഹിത് ശര്‍മയുടെ നായക മികവ് ഇന്ത്യയുടെ കുതിപ്പിന് കരുത്താവുന്നു. ബൗളര്‍മാരെ നന്നായി ഉപയോഗിക്കുന്നതിനോടൊപ്പം മികച്ച ഫീല്‍ഡിങ് വിന്യാസവും രോഹിത് നടത്തുന്നു.
ഓസ്‌ട്രേലിയ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവരെയെല്ലാം അനായാസമായാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഒരു ടീമിനും ഇന്ത്യക്ക് മുകളില്‍ ആധിപത്യം കാട്ടാനോ സമ്മര്‍ദ്ദം സൃഷ്ടിക്കാനോ സാധിച്ചിട്ടില്ല. തട്ടകത്തിന്റെ ആധിപത്യം ഇന്ത്യ നന്നായി മുതലാക്കുന്നു. ഇത്തവണ കിരീട സാധ്യതയില്‍ മുന്നിട്ട് നില്‍ക്കുന്നത് ഇന്ത്യയാണ്. എന്നാല്‍ സെമി കടമ്പ ഏറെ നാളുകളായി ഇന്ത്യയുടെ തലവേദനയാണ്. ഇത്തവണ സെമി വെല്ലുവിളി മറികടക്കാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.
സെമിയിലേക്കെത്തുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. നിലവില്‍ മികച്ച പേസ് ഓള്‍റൗണ്ടര്‍ ഇന്ത്യക്കില്ല. ഹാര്‍ദിക്കിന്റെ അഭാവത്തോടെ ഇന്ത്യയുടെ മധ്യനിര ദുര്‍ബലമായിരിക്കുകയാണ്. കെ എല്‍ രാഹുല്‍ അവസാന രണ്ട് മത്സരത്തിലും ഫ്‌ളോപ്പാണ്. സൂര്യകുമാര്‍ യാദവിനെ വിശ്വസ്തനായി കാണാനുമാവില്ല. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദം നിറഞ്ഞ നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല.
ടോപ് ഓഡറിന്റെ മികച്ച ബാറ്റിങ് പ്രകടനം ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഫ്‌ളോപ്പായാല്‍ ഇന്ത്യ പതറാന്‍ സാധ്യത കൂടുതലാണ്. നിലവില്‍ ഇരുവരും ഗംഭീര പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും പ്രധാന മത്സരങ്ങളിലും ഇതേ ഫോം തുടരേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. 2015, 2019 ഏകദിന ലോകകപ്പുകളില്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്കെത്തിയെങ്കിലും കപ്പിലേക്കെത്താനായില്ല. അതുകൊണ്ടുതന്നെ ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.