മുംബൈ: ഏകദിന ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ് ആതിഥേയരായ ഇന്ത്യ. ആദ്യത്തെ എട്ട് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ പോയിന്റ് പട്ടികയിലും ഒന്നാം സ്ഥാനക്കാരാണ്. തട്ടകത്തിന്റെ ആധിപത്യം മുതലാക്കി കളിക്കാന്‍ രോഹിത് ശര്‍മക്കും സംഘത്തിനും സാധിക്കുന്നു. ഇത്തവണ ഇന്ത്യ കപ്പിലേക്കെത്തുമെന്ന് തന്നെയാണ് കൂടുതല്‍ ആളുകളും വിലയിരുത്തുന്നത്. ഇന്ത്യയുടെ സെമി ഫൈനലിലെ എതിരാളികള്‍ ആരാണെന്നതാണ് കണ്ടറിയേണ്ടത്.
നിലവിലെ സാധ്യതകള്‍ പ്രകാരം നാലാം സ്ഥാനക്കാരായി ന്യൂസീലന്‍ഡ് സെമി കളിച്ചേക്കും. അങ്ങനെ വരുമ്പോള്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയുടെ എതിരാളികളായി നാലാം സ്ഥാനക്കാരായ ന്യൂസീലന്‍ഡ് എത്തിയേക്കും. എന്നാല്‍ ഇന്ത്യ-പാകിസ്താന്‍ സെമി ഫൈനലാണ് കൂടുതല്‍ ആരാധകരും പ്രതീക്ഷിക്കുന്നത്. പാകിസ്താന്റെ സെമി സാധ്യതകള്‍ അവസാനിക്കാത്തതിനാല്‍ ഭാഗ്യം തുണച്ചാല്‍ ഇന്ത്യ-പാക് സെമി സംഭവിച്ചേക്കും. എന്നാല്‍ പാകിസ്താന്‍ സെമി കളിച്ചാലും ജയിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുഹമ്മദ് കൈഫ്.
ഇന്ത്യ-പാകിസ്താന്‍ സെമി മത്സരം നടന്നാല്‍ ഏകപക്ഷീയമായ മത്സരമായി ഇത് മാറുമെന്നാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പറയുന്നത്. 'പാകിസ്താന് സെമിയിലേക്കെത്താന്‍ സാധിച്ചേക്കും. എന്നാല്‍ സെമിയില്‍ ഇന്ത്യക്കെതിരേ എത്തിയാല്‍ ഏകപക്ഷീയമായ മത്സരമായി ഇത് മാറും. നേരത്തെ കളിച്ചപ്പോഴുള്ള ചരിത്രം ഞാന്‍ തുറക്കുന്നില്ല. പാകിസ്താനെത്തിയാല്‍ ഇന്ത്യ ഏകപക്ഷീയമായിത്തന്നെ ജയിക്കും. എന്നാല്‍ പാകിസ്താന്‍ സെമി കളിക്കണമെങ്കില്‍ ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിന് തോല്‍പ്പിക്കേണ്ടതായുണ്ട്.
വലിയ ജയമില്ലാതെ സെമിയിലെത്താന്‍ പാകിസ്താനാവില്ല. എന്നാല്‍ പാകിസ്താനെക്കാള്‍ ഞാന്‍ ശ്രദ്ധ നല്‍കുന്നത് അഫ്ഗാനിസ്ഥാനാണ്. രണ്ട് ബുദ്ധിമുട്ടുള്ള മത്സരങ്ങളാണ് അഫ്ഗാന് മുന്നിലുള്ളത്. എന്നാല്‍ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കയ്ക്കും വലിയ വെല്ലുവിളി ഉയര്‍ത്താന്‍ അഫ്ഗാനിസ്ഥാന് സാധിക്കും'-കൈഫ് പറഞ്ഞു. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ പാകിസ്താന് ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല.

2021ലെ ടി20 ലോകകപ്പില്‍ ബാബര്‍ ആസമും സംഘവും 10 വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഇത്തവണ ഇന്ത്യ-പാക് സെമി സാധിച്ചാല്‍ ഇന്ത്യയെ പാകിസ്താന്‍ തകര്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ന്യൂസീലന്‍ഡിനെതിരേ പാകിസ്താന്റെ ബാറ്റിങ് പ്രകടനം ഗംഭീരമായിരുന്നു. ഫഖര്‍ സമാന്‍, ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍, ഷഹീന്‍ ഷാ അഫ്രീദി എന്നിവരെല്ലാം ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നവരാണ്. അതുകൊണ്ടുതന്നെ ചരിത്രം തിരുത്താനുള്ള കഴിവ് പാകിസ്താനുണ്ട്.
എന്നാല്‍ ഇംഗ്ലണ്ടിനെ വലിയ സ്‌കോറിന് തോല്‍പ്പിക്കുകയും ശ്രീലങ്കയോട് ന്യൂസീലന്‍ഡ് തോല്‍ക്കുകയും ചെയ്യാതെ പാകിസ്താന് സെമി സാധ്യത വളരെ കുറവാണ്. നിലവിലെ കിവീസിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ പാകിസ്താന് വലിയ പ്രതീക്ഷ വേണ്ട. എന്നാല്‍ ഇത്തവണ വലിയ ഭാഗ്യം പാകിസ്താനുണ്ട്. നിര്‍ണ്ണായക സമയത്ത് മഴനിയമ പ്രകാരം ന്യൂസീലന്‍ഡിനെയടക്കം തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ സെമി സാധ്യത തള്ളിക്കളയാറായിട്ടില്ല.
പാകിസ്താനെ പ്രവചിക്കാന്‍ സാധിക്കാത്ത ടീമാണെന്നാണ് സഞ്ജയ് ബംഗാര്‍ അഭിപ്രായപ്പെട്ടത്. 'കഴിഞ്ഞ ലോകകപ്പുകളിലെല്ലാം സമാന സാഹചര്യമായിരുന്നു പാകിസ്താനുണ്ടായിരുന്നത്. 1992ലേയും 2022ലേയും ലോകകപ്പുകളിലേക്ക് നോക്കുക. പ്രവചിക്കാന്‍ ബുദ്ധിമുട്ടുള്ള ടീമാണ് പാകിസ്താന്‍. ഫഖര്‍ സമാന്‍ അനായാസം സിക്‌സറുകള്‍ നേടുന്ന താരമാണ്.
ഇത്തരത്തിലുള്ള പവര്‍പ്ലേയറെയാണ് പാകിസ്താന് ആവശ്യം. ഫഖറിന്റെ പ്രകടനം ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ സമ്മര്‍ദ്ദം കുറക്കുന്നു. ഫഖര്‍ സമാന്‍ മികച്ച പ്രകടനം നടത്തുന്നത് പാകിസ്താനെ സംബന്ധിച്ച് നല്ല സന്ദേശമാണ് നല്‍കുന്നത്'- സഞ്ജയ് ബംഗാര്‍ പറഞ്ഞു. ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താനെ നാണംകെടുത്താന്‍ ഇന്ത്യക്കായിരുന്നു. നിലവിലെ ഇന്ത്യയുടെ ഫോമില്‍ പാകിസ്താനെതിരേ വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ മുന്‍വിധിയില്‍ പ്രസക്തിയില്ലാത്തതിനാല്‍ എന്ത് സംഭവിക്കുമെന്നത് കണ്ടറിയാം.