ചെന്നൈ: ഏകദിന ലോകകപ്പിലെ പാകിസ്താന്റെ അവസാന പ്രതീക്ഷകളും അസ്തമിപ്പിക്കുന്ന തോല്‍വിയാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേരിട്ടത്. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 270 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 16 പന്ത് ബാക്കിയാക്കി ഒരു വിക്കറ്റിനാണ് ജയിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തിലെ പാകിസ്താന്റെ തോല്‍വിക്ക് പിന്നാലെ വലിയ വിവാദങ്ങളാണുയര്‍ന്നത്. പ്രധാനമായും അംപയറുടെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരേയാണ് വിമര്‍ശനമുയര്‍ന്നത്.
പാകിസ്താന് അനുകൂലമാകേണ്ട വിധികള്‍ അംപയര്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനുകൂലമായാണ് വിളിച്ചത്. ഇത് മത്സരഫലത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. അംപയറുടെ തെറ്റായ തീരുമാനത്തിനെതിരേ മുന്‍ താരങ്ങളടക്കം രംഗത്തെത്തി. സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഐസിസി. 'പാകിസ്താന്‍-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ പൂര്‍ണ്ണമല്ലാത്ത ഗ്രാഫിക്കുകളാണ് ഡിആര്‍എസില്‍ ലഭിച്ചത്.
സമ്പൂര്‍ണ്ണമായ ഗ്രാഫിക്‌സ് ലഭിക്കേണ്ടതായിരുന്നു' ഐസിസി വൃത്തത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാസി വാന്‍ ഡെര്‍ ഡ്യൂസന്റെ എല്‍ബിഡബ്ല്യുവിനെക്കുറിച്ചാണ് ഐസിസി വൃത്തം ഇത്തരത്തില്‍ പ്രതികരിച്ചത്. എന്നാല്‍ മത്സരഫലത്തെത്തന്നെ സ്വാധീനിച്ച തീരുമാനമുണ്ടായത് 46ാം ഓവറിലാണ്. സൂപ്പര്‍ പേസര്‍ ഹാരിസ് റഊഫ് എറിഞ്ഞ ഓവറിലെ അഞ്ചാം പന്തില്‍ ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയായിരുന്നു ക്രീസില്‍.
താരത്തിന്റെ ബാറ്റിലോ ഗ്ലൗസിലോ പന്ത് കൊണ്ടിട്ടുണ്ടെന്ന് തോന്നിക്കുന്ന തരത്തിലാണ് പന്ത് വിക്കറ്റ് കീപ്പറുടെ കൈയിലെത്തിയത്. പാക് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും നോട്ടൗട്ട് വിളിച്ച അംപയര്‍ ഇത് വഡും അനുവദിച്ചു. എന്നാല്‍ പന്ത് പാഡില്‍ തട്ടിയിരുന്നു. ഈ ഓവറിലെ അവസാന പന്തില്‍ ഷംസിയുടെ പാഡില്‍ പന്ത് തട്ടി. എല്‍ബിക്കായി പാക് താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ അനുവദിച്ചില്ല. ഇതോടെ പാകിസ്താന്‍ റിവ്യൂവെടുത്തു.

പന്ത് ലെഗ് സ്റ്റംപിലെ ബെയ്ല്‍സില്‍ കൊള്ളുന്നതായി റിപ്ലേകളില്‍ വ്യക്തമായിരുന്നെങ്കിലും അംപയറുടെ തീരുമാനം തുടരുകയെന്ന വിചിത്ര നിലപാടാണ് തേര്‍ഡ് അംപയര്‍ കൈക്കൊണ്ടത്. ഇത് വിക്കറ്റ് അനുവദിക്കുകയായിരുന്നെങ്കില്‍ പാകിസ്താന്‍ ജയിക്കുമായിരുന്നു. എന്നാല്‍ അംപയറുടെ തെറ്റായ തീരുമാനത്തോടെ അര്‍ഹിച്ച ജയം പാകിസ്താന് കൈവിട്ടുപോയി. ഇതോടെ പാകിസ്താന്റെ സെമി സാധ്യതകള്‍ക്കൂടിയാണ് അവസാനിച്ചിരിക്കുന്നത്.
ആറ് മത്സരത്തില്‍ നിന്ന് 2 ജയവും 4 തോല്‍വിയും വഴങ്ങിയ പാകിസ്താന്‍ ഇനി സെമി കളിക്കണമെങ്കില്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം. ഈ സാഹചര്യത്തില്‍ പാകിസ്താന്റെ തലവര മാറ്റിയെഴുതിയ തീരുമാനമാണ് അംപയര്‍ സ്വീകരിച്ചതെന്ന് പറയാതിരിക്കാനാവില്ല. പുതിയ സാങ്കേതിക വിദ്യ കൂടുതല്‍ കാര്യക്ഷമമായി മത്സരം നടത്താന്‍ സഹായിക്കുമെന്ന് പറയുമ്പോഴും ഇത്തരം ഗുരുതരമായ പിഴവുകള്‍ സംഭവിക്കുന്നത് അംഗീകരിക്കാനാവില്ല.
അംപയറുടെ തെറ്റായ തീരുമാനത്തിലൂടെ പാകിസ്താന്റെ ലോകകപ്പിലെ അവസാന പ്രതീക്ഷയാണ് അസ്തമിച്ചത്. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായിരുന്നെങ്കില്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ പാകിസ്താന് സാധിക്കുമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ഒരു വിക്കറ്റിന് തോറ്റതോടെ പാകിസ്താന്‍ സെമി കാണില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഇനിയൊരു തിരിച്ചുവരവ് പാകിസ്താനെ സംബന്ധിച്ച് അസാധ്യമായതിനാല്‍ ഐസിസിക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.
മുന്‍ താരങ്ങളടക്കം ഇക്കാര്യത്തില്‍ പ്രതികരണം രേഖപ്പെടുത്തി. മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനുമെല്ലാം അംപയറുടെ തീരുമാനത്തെ വിമര്‍ശിക്കുകയാണ് ചെയ്തത്. തെറ്റായ തീരുമാനമാണ് അംപയര്‍ എടുത്തതെന്നും ഡിആര്‍എസില്‍ പിഴവ് സംഭവിച്ചുമെന്നുമാണ് ഐസിസി വൃത്തം തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ പാകിസ്താന്റെ തലവരമാറ്റുന്ന വിധിയായി ഇത് മാറിയതിനാല്‍ ഏറ്റുപറച്ചില്‍ പാക് ആരാധകരുടെ രോഷം തണുപ്പിക്കില്ലെന്നുറപ്പ്.
എന്തായാലും ഡിആര്‍എസ് വിവാദം വരുന്ന ദിവസങ്ങളിലും ആളിക്കത്തിയേക്കും. ദക്ഷിണാഫ്രിക്കയോടും തോറ്റതോടെ പാകിസ്താന്റെ നായകസ്ഥാനത്ത് നിന്ന് ബാബര്‍ ആസമിനെ പുറത്താക്കാനുള്ള സാധ്യതയും ഏറിയിരിക്കുകയാണ്.