World Cup 2023: 'ഞാന്‍ ഉറങ്ങിയതല്ല', വൈറല്‍ ചിത്രത്തെക്കുറിച്ച് ബാവുമ! സംഭവിച്ചത് ഇതാണ്
മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിന് ഇന്ന് ആരംഭമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാവും ഏകദിന ലോകകപ്പ് ആരംഭിക്കുക. 12 വര്‍ഷത്തിന് ശേഷം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പില്‍ ആര് കപ്പടിക്കുമെന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. അവസാന രണ്ട് ലോകകപ്പും നേടിയത് ആതിഥേയ ടീമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് വലിയ പ്രതീക്ഷയാണുള്ളത്.
ഇത്തവണ ഒട്ടുമിക്ക ടീമും കരുത്തരുടെ നിരയായതിനാല്‍ പോരാട്ടം അതി ശക്തമായിരിക്കുമെന്നുറപ്പ്. ലോകകപ്പിന് മുന്നോടിയായി ഇന്നലെ നായകന്മാരുടെ വാര്‍ത്താ സമ്മേളനമുണ്ടായിരുന്നു. എല്ലാ നായകന്മാരും മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കവെ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമയുടെ ഒരു ചിത്രം വൈറലായി മാറിയിരുന്നു. വാര്‍ത്താ സമ്മേളനം നടക്കവെ ബാവുമ ഇതേ വേദിയിലിരുന്ന് ഉറങ്ങുന്ന ചിത്രമാണ് പ്രചരിച്ചത്.
മത്സരം നടക്കുമ്പോള്‍ ഡ്രസിങ് റൂമിലിരുന്ന് ഉറങ്ങുന്നത് കണ്ടിട്ടുണ്ടെങ്കിലും വാര്‍ത്താ സമ്മേളനത്തിനിടെ ഉറങ്ങുന്നത് കാണുന്നത് ഇതാദ്യമായിട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. ബാവുമ ഉറങ്ങുന്ന ചിത്രം വളരെ വേഗം വൈറലാവുകയും താരത്തിനെതിരേ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഉയരുകയും ചെയ്തു. ചിത്രം വലിയ ചര്‍ച്ചയായി മാറിയതോടെ എന്താണ് സംഭവിച്ചതെന്നതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍.
താന്‍ ഉറങ്ങിയതല്ലെന്നും ക്യാമറയുടെ ആംഗിളില്‍ നിന്ന് മുഖം മറക്കുകയാണ് ചെയ്തതെന്നുമാണ് ബാവുമ ട്വിറ്ററിലൂടെ വിശദീകരിച്ചത്. എന്തായാലും ഇൗ വിശദീകരണമൊന്നും ആരാധകര്‍ പരിഗണിക്കുന്നില്ല. ഇപ്പോഴും നിരവധി ട്രോളുകളാണ് ബാവുമയ്‌ക്കെതിരേ ഉയരുന്നത്. താരത്തിന്റെ ഉറങ്ങുന്ന ചിത്രം ഉള്‍പ്പെടെയാണ് വൈറലായി മാറിയിരിക്കുന്നത്. എന്തായാലും ലോകകപ്പ് ആരംഭിക്കാനിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് നാണക്കേടുണ്ടാക്കുന്നതാണ് ഈ സംഭവം.

ആദ്യമായാണ് ബാവുമ ഏകദിന ലോകകപ്പില്‍ നായകനാവുന്നത്. ഏകദിന ലോകകപ്പില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള ബാവുമ നായകനെന്ന നിലയിലും ഭേദപ്പെട്ട പ്രകടനങ്ങളാണ് നടത്തിയത്. ഇതുവരെ ലോകകപ്പ് കിരീടത്തിലേക്കെത്താന്‍ സാധിക്കാത്ത ദക്ഷിണാഫ്രിക്ക ഇത്തവണ വലിയ പ്രതീക്ഷയിലാണ്. സമീപകാലത്ത് കളിച്ച ഏകദിന പരമ്പരയിലെല്ലാം മികച്ച പ്രകടനമാണ് ദക്ഷിണാഫ്രിക്ക കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ ഇത്തവണ പ്രതീക്ഷകളേറെയാണ്.
പ്രവചനങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വലിയ സാധ്യത ആരും നല്‍കുന്നില്ലെങ്കിലും ഞെട്ടിക്കാന്‍ കെല്‍പ്പുള്ള താരനിരയാണ് അവര്‍ക്കൊപ്പമുള്ളത്. ബാവുമ, ക്വിന്റന്‍ ഡീകോക്ക്, ഹെന്റിച്ച് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം തുടങ്ങിയവരെല്ലാം കരുത്ത് പകരാനുണ്ട്. കൂടാതെ ലൂങ്കി എന്‍ഗിഡി, കഗിസോ റബാഡ, മാര്‍ക്കോ യാന്‍സന്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന പേസ് നിരയും ശക്തം. സ്പിന്‍ നിരയില്‍ തബ്രൈസ് ഷംസിയുമുണ്ട്. ഇവരെല്ലാം ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്.
ഏഴിന് ശ്രീലങ്കയ്‌ക്കെതിരേയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ മത്സരം. ഇത്തവണ ഒട്ടുമിക്ക പ്രമുഖര്‍ക്കും തലവേദനയായി ദക്ഷിണാഫ്രിക്കയുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. നിര്‍ഭാഗ്യം വേട്ടയാടുന്ന ടീമാണ് ദക്ഷിണാഫ്രിക്ക. പലപ്പോഴും മികച്ച പ്രകടനം നടത്തുമ്പോഴും പ്രധാന മത്സരങ്ങളില്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുന്നതാണ് ചരിത്രം പരിശോധിക്കുമ്പോള്‍ കാണാനാവുന്നത്. ഇത്തവണ ഈ ദുര്‍വിധി മാറ്റി ദക്ഷിണാഫ്രിക്ക കപ്പിലേക്കെത്തുമോയെന്നത് കണ്ടറിയാം.
മാച്ച് വിന്നര്‍മാരായ നിരവധി താരങ്ങളാല്‍ സമ്പന്നമായ ദക്ഷിണാഫ്രിക്കയെ ഭാഗ്യം തുണയ്ക്കുമോയെന്നത് മാത്രമാണ് കണ്ടറിയേണ്ടത്. ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ട് ബാറ്റിങ് എതിരാളികള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നതാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലും സംതുലിതമായ താരനിരയുള്ള ദക്ഷിണാഫ്രിക്ക ഇത്തവണ സെമിയിലെങ്കിലും സീറ്റ് നേടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിക്കാം.
ദക്ഷിണാഫ്രിക്കന്‍ ടീം: ടെംബ ബാവുമ (c), ജെറാള്‍ഡ് കോയ്റ്റ്‌സി, ക്വിന്റന്‍ ഡീകോക്ക്, റീസ ഹെന്‍ഡ്രിക്‌സ്, മാര്‍ക്കോ യാന്‍സന്‍, ഹെന്റിച്ച് ക്ലാസന്‍, സിസാണ്ട മഗാള, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ലൂങ്കി എന്‍ഗിഡി, ആന്റിച്ച് നോക്കിയേ, കഗിസോ റബാഡ, തബ്രൈസ് ഷംസി, റാസി വാന്‍ ഡെര്‍ ഡൂസന്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications