ന്യൂസിലാന്‍ഡുമായുള്ള ലോകകപ്പിലെ സെമി ഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ ഹീറോയായിട്ടും ഒരു കാര്യത്തില്‍ തനിക്കു ദുഖവും നിരാശയുമുണ്ടെന്നു പേസര്‍ മുഹമ്മദ് ഷമി. മുംബൈയിലെ വാംഖഡെയില്‍ നടന്ന സെമിയില്‍ കിവികളെ 70 റണ്‍സിനു തുരത്തി ഇന്ത്യ ഫൈനലിലേക്കു മാര്‍ച്ച് ചെയ്തപ്പോള്‍ ഏഴു വിക്കറ്റുകളുമായി ഷമി ടീമിന്റെ വിജയശില്‍പ്പിയായിരുന്നു. ലോകകപ്പിന്റെ നോക്കൗട്ട് ചരിത്രത്തില്‍ ഏഴു വിക്കറ്റുകളെടുത്ത ആദ്യത്തെ ബൗളറെന്ന ലോകറെക്കോര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
57 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഷമി ഏഴു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്. ഈ ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ മൂന്നാമത്തെ ഫൈഫര്‍ കൂടിയായിരുന്നു ഇത്. നേരത്തേ ധര്‍മശാലയില്‍ നടന്ന ലീഗ് ഘട്ടത്തിലെ മല്‍സരത്തേില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ നാലു വിക്കറ്റ് വിജയം കൊയ്തപ്പോഴും ഷമി അഞ്ചു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയിരുന്നു. സെമിയില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷമായിരുന്നു ഒരു കാര്യത്തില്‍ തനിക്കു വിഷമമുണ്ടെന്നു അദ്ദേഹം തുറന്നു പറഞ്ഞത്.

ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ ഒരു അനായാസ ക്യാച്ച് ഷമി പാഴാക്കിയിരുന്നു. ഇക്കാര്യത്തിലാണ് തനിക്കു നിരാശയുണ്ടെന്നു അദ്ദേഹം തുറന്നു പറഞ്ഞത്. ഞാന്‍ വില്ല്യംസണിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി. അതു പാടില്ലായിരുന്നു, വളരെയധികം വിഷമം തോന്നിയെന്നായിരുന്നു ഷമിയുടെ വാക്കുകള്‍. ന്യൂസിലാന്‍ഡ് 398 റണ്‍സിന്റെ വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് ചെയ്യവെ 29ാം ഓവറിലായിരുന്നു വില്ല്യംസണിനു ഷമി ആയുസ്സ് നീട്ടികൊടുത്തത്.
ജസ്പ്രീത് ബുംറയായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. വില്യംസണ്‍ അപ്പോള്‍ 63 ബോളില്‍ 52 റണ്‍സെന്ന നിലയിലായിരുന്നു. ന്യൂസിലാന്‍ഡിന്റെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് രണ്ടു വിക്കറ്റിനു 186 റണ്‍സുമായിരുന്നു. ഡാരില്‍ മിച്ചെല്‍- വില്ല്യംസണ്‍ ജോടി വലിയ കൂട്ടുകെട്ടുമായി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയ ഘട്ടത്തിലായിരുന്നു ബുംറയിലൂടെ ഇന്ത്യക്കു ബ്രേക്ക്ത്രൂവിനുള്ള സുവര്‍ണാവരം ലഭിച്ചത്. അഞ്ചാമത്തെ ബോളിലായിരുന്നു സിംപിള്‍ ക്യാച്ച് ഷമി താഴെയിട്ടത്.

ഓഫ്സ്റ്റംപിന് പുറത്തേക്കുപോയ ബാക്ക് ഓഫ് ലെങ്ത്ത് ബോളായിരുന്നു ബുംറ പരീക്ഷിച്ചത്. വില്ല്യംസണ്‍ ഒരു പുള്‍ ഷോട്ടിനായിരുന്നു ശ്രമിച്ചത്. പക്ഷെ പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടായില്ല. മിഡ് ഓണില്‍ ഫീല്‍ഡ് ചെയ്ത ഷമിയുടെ കൈകളിലേക്കായിരുന്നു ബോള്‍ വന്നത്. പക്ഷെ അതു അദ്ദേഹത്തിന്റെ കൈകളിലൊതുങ്ങാതെ ഉയര്‍ന്നു പൊങ്ങുകയും അല്‍പ്പം ദൂരേക്കു തെറിക്കുകയുമായിരുന്നു. അവിശ്വസനീയതോടെയായിരുന്നു ഇന്ത്യന്‍ താരങ്ങളും ആരാധകരുമെല്ലാം ഇതിനോടു പ്രതികരിച്ചത്.
പക്ഷെ വില്ല്യംസണിനെ അധികം വൈകാതെ തന്നെ പുറത്താക്കി ഷമി ഈ പിഴവിനു പ്രായശ്ചിത്തവും ചെയ്തു. 17 റണ്‍സ് കൂടി മാത്രമേ സ്വന്തം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യ അനുവദിച്ചുള്ളൂ. 33ാം ഓവറിലായിരുന്നു കിവി നായകന്‍ വീണത്. ഷമിക്കെതിരേ സിക്‌സറിനു ശ്രമിച്ച വില്ല്യംസണിനെ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ ബൗണ്ടറി ലൈനിനു അരികെ വച്ച് സൂര്യകുമാര്‍ യാദവ് പിടികൂടുകയായിരുന്നു.
കളിയിലെ ടേണിങ് പോയിന്‍റും ഇതു തന്നെയായിരുന്നു. പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്ന ഇന്ത്യ കിവികളെ 49 ഓവറിനുള്ളില്‍ ഓള്‍ഔട്ടാക്കുകയും ചെയ്തു. 398 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 48.5 ഓവറില്‍ 327 റണ്‍സിനു കൂടാരം കയറുകയായിരുന്നു.