ലോകകപ്പില്‍ ഇന്ത്യയുടെ കിരീട സാധ്യതകള്‍ വര്‍ധിപ്പിച്ചുകൊണ്ട് സ്റ്റാള്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തുന്നു. ബംഗ്ലാദേശുമായുളള നാലാം റൗണ്ട് മല്‍സരത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ കണംകാലിനു പരിക്കേറ്റത്. ബൗളിങിനു ശേഷമുള്ള ഫോളോത്രൂയ്ക്കിടെ ഷോട്ട് തടുക്കാന്‍ ശ്രമിക്കവെ കാല്‍ മടങ്ങി ഹാര്‍ദിക് വീഴുകയായിരുന്നു. തുടര്‍ന്നു മുടന്തി ഗ്രൗണ്ട് വിട്ട അദ്ദേഹം ആശുപത്രിയിലെത്തി സ്‌കാനിങിനും വിധേയനായിരുന്നു. ഈ മല്‍സരത്തില്‍ പിന്നീട് തിരിച്ചെത്തിയതുമില്ല.
പരിക്ക് നേരത്തേ കരുതിയതിനേക്കാള്‍ സാരമുള്ളതാണെന്നായിരുന്നു പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. ലോകകപ്പിലെ ശേഷിച്ച മല്‍സരങ്ങളില്‍ ഹാര്‍ദിക് ഇനി കളിച്ചേക്കില്ലെന്നു അഭ്യൂഹങ്ങളും പരന്നതോടെ ആരാധകര്‍ ആശങ്കയിലാവുകയും ചെയ്തു. കാരണം ഇന്ത്യയെ സംബന്ധിച്ച് പകരം വയ്ക്കാന്‍ സാധിക്കാത്ത താരമാണ് അദ്ദേഹം. ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ആറാം ബൗളറായി ആരെ പരീക്ഷിക്കുമെന്നതും ഇന്ത്യയെ കുഴപ്പിച്ച ചോദ്യമായിരുന്നു. അദ്ദേഹത്തിന്റെ അസാന്നിധ്യം ടീം ബാലന്‍സിനെയും ബാധിച്ചു.

ന്യൂസിലാന്‍ഡുമായുള്ള അവസാന മല്‍സരത്തില്‍ അഞ്ചു ബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ഹാര്‍ദിക്കിനു പകരം ടീമിലേക്കു വന്നത് സ്‌പെഷ്യലിസ്റ്റ് ബാറ്ററായ സൂര്യകുമാര്‍ യാദവായിരുന്നു. ഹാര്‍ദിക് തിരിച്ചെത്തും വരെ സ്‌കൈ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. ടൂര്‍ണമെന്റില്‍ ഹാര്‍ദിക് ഇനി കളിക്കുമോയെന്ന ആശങ്കയില്‍ ഇന്ത്യ നില്‍ക്കവെയാണ് ഇപ്പോള്‍ ചില ശുഭസൂചനകള്‍ പുറത്തു വരുന്നത്.
ഇന്ത്യ സെമി ഫൈനലിലേക്കു യോഗ്യത നേടുകയാണെങ്കില്‍ ആ മല്‍സരത്തിലൂടെയായിരിക്കും ഹാര്‍ദിക് തിരിച്ചെത്തുകയെന്നാണ് ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ ഹാര്‍ദിക് കളിക്കില്ല. അദ്ദേഹം ടീമിനെ സംബന്ധിച്ച് നിര്‍ണായക താരമാണ്.
പക്ഷെ സെമി ഫൈനലിലായിരിക്കും ഹാര്‍ദിക്കിന്റെ സേവനം കൂടുതല്‍ ആവശ്യമായി വരുന്നത്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരേ ജയിച്ച് നമ്മള്‍ സെമി ഫൈനലിലേക്കു യോഗ്യത നേടിയാല്‍ ഹാര്‍ദിക് നേരിട്ട് സെമിയിലൂടെ മടങ്ങിയെത്തുമെന്നും ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു.
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഹാര്‍ദിക്കുളളത്. ഒരാഴ്ച വരെ അദ്ദേഹം ബൗളിങും ചെയ്യില്ലെന്നുമാണ് വിവരം. സെമി ഫൈനല്‍ ആവുമ്പോഴേക്കും ഹാര്‍ദിക് പൂര്‍ണമായി ഫിറ്റ്‌നസിലേക്കു മടങ്ങിയെത്തിയിട്ടുണ്ടാവും. അതിനാല്‍ തന്നെ അദ്ദേഹം ഒരാഴ്ചത്തേക്കു ബൗളിങില്‍ നിന്നും മാറി നില്‍ക്കുന്നെും ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.

ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും ബൗളിങില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ഹാര്‍ദിക്കിനായിരുന്നു. നാലു ഇന്നിങ്‌സുകളിലായി 16.3 ഓവറുകളാണ് അദ്ദേഹം ബൗള്‍ ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 6.84 ഇക്കോണമി റേറ്റില്‍ അഞ്ചു വിക്കറ്റുകളെടുക്കുകയും ചെയ്തു. ബാറ്റിങിലാവട്ടെ ഒരിന്നിങ്‌സില്‍ മാത്രമേ ഹാര്‍ദിക്കിനു അവസരം ലഭിച്ചിട്ടുള്ളൂ. പുറത്താവാതെ 11 റണ്‍സാണ് അദ്ദേഹം നേടിയത്.
അതേസമയം, ടൂര്‍ണമെന്റില്‍ തോല്‍വിയറിയാത്ത ഏക ടീമായ ഇന്ത്യ തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളിലാണ് വിജയം കൊയ്തത്. ഇനി നാലു മല്‍സരങ്ങളാണ് ഇന്ത്യക്കു ബാക്കിയുള്ളത്. ഇതില്‍ രണ്ടെണ്ണത്തിലെങ്കിലും ജയിക്കാനായാല്‍ ഇന്ത്യക്കു തീര്‍ച്ചയായും സെമി ഫൈനലില്‍ കളിക്കാം.
സൗത്താഫ്രിക്ക, നെതര്‍ലാന്‍ഡ്‌സ് എന്നിവരുമായുള്ള അവസാന രണ്ടു കളികള്‍ക്കു കാത്തുനില്‍ക്കാതെ ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ അടുത്ത രണ്ടു മല്‍സരങ്ങളിലും ജയിച്ച് സെമിയില്‍ ഉറപ്പിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.