അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്താനെതിരേ ഇന്ത്യ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഹമ്മദാബാദ് വേദിയാവുന്ന മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11ലേക്ക് ശുബ്മാന്‍ ഗില്‍ തിരിച്ചെത്തിയതാണ് എടുത്തു പറയേണ്ടത്. പനിയെത്തുടര്‍ന്ന് ആദ്യ രണ്ട് മത്സരവും കളിക്കാതിരുന്ന ഗില്‍ നിര്‍ണ്ണായക മത്സരത്തില്‍ തിരിച്ചെത്തുകയായിരുന്നു.
എന്നാല്‍ ഗില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യ പുറത്തിരുത്തിയത് ഇഷാന്‍ കിഷനെയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാനെ പുറത്തിരുത്തിയ ഇന്ത്യ ശ്രേയസ് അയ്യരെ പ്ലേയിങ് 11ല്‍ നിലനിര്‍ത്തി. ഓസീസിനെതിരേ ഡെക്കിന് പുറത്തായ ശ്രേയസ് അഫ്ഗാനെതിരേ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാനെതിരായ ഇഷാന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ഇതോടെ ശ്രേയസിനെ നിലനിര്‍ത്തി ഇഷാനെ പുറത്താക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഇഷാനെ ഒഴിവാക്കിയത് മണ്ടന്‍ തീരുമാനമാണെന്ന് വിമര്‍ശിക്കുകയാണ് ആരാധകര്‍. ശ്രേയസ് അയ്യര്‍ ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീഴുമെന്നും ഇഷാനില്ലാതെ ഇറങ്ങുമ്പോള്‍ ഇടം കൈയന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ആരും ഇല്ലാത്ത അവസ്ഥയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ഏറെക്കുറെ വസ്തുതയുമാണ്. ഇന്ത്യയുടെ പ്ലേയിങ് 11ലെ ഏക ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഇഷാനായിരുന്നു. പിന്നെയുള്ള സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്.
സമീപകാലത്തൊന്നും ജഡേജയ്ക്ക് ബാറ്റിങ്ങില്‍ തിളങ്ങാനായിട്ടില്ല. അതുകൊണ്ടുതന്നെ ഇഷാനെപ്പോലൊരു ഇടം കൈയന്‍ പ്ലേയിങ് 11ല്‍ വേണമായിരുന്നുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇന്ത്യ ഇഷാനെക്കാളും ശ്രേയസിന്റെ അനുഭവസമ്പത്തില്‍ വിശ്വാസം അര്‍പ്പിക്കുകയായിരുന്നു. ശ്രേയസ് ക്ലാസിക് താരമാണ്. നാലാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിവുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ശ്രേയസിനെ വിശ്വസിച്ചു.

എന്നാല്‍ ഇഷാനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കും രാഹുല്‍ നാലാം നമ്പറില്‍ കളിക്കുകയും ചെയ്യുകയായിരുന്നെങ്കില്‍ പ്ലേയിങ് 11 കൂടുതല്‍ സംതുലിതമാവുമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഇഷാന്‍ ഭേദപ്പെട്ട ഫോമില്‍ കളിക്കുന്നുണ്ട്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ഇഷാന്‍. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുണ്ട്. ഇഷാന്‍ പുറത്തായതോടെ ഇന്ത്യ വലം കൈയന്മാരുടെ നിരയായി മാറി.
ജഡേജയെ നേരത്തെ ബാറ്റിങ്ങിനിറക്കുകയെന്നത് എളുപ്പമല്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ടോപ് 6ലെ എല്ലാവരും വലകൈയന്‍ ബാറ്റ്‌സ്മാന്‍മാരാണ്. ഇത് മുതലാക്കാന്‍ പാകിസ്താന്‍ പേസ് നിരക്ക് സാധിച്ചേക്കും. ഇന്ത്യ ശാര്‍ദ്ദുല്‍ ടാക്കൂറിനെ പ്ലേയിങ് 11ല്‍ നിലനിര്‍ത്തിയതിനെതിരേയും വിമര്‍ശനമുണ്ട്. ബാറ്റുചെയ്യാനുള്ള മിടുക്ക് വിലയിരുത്തിയാണ് ഇന്ത്യ ശാര്‍ദ്ദുലിനെ പ്ലേയിങ് 11ല്‍ നിലനിര്‍ത്തിയത്. എന്നാല്‍ ഇതുവരെ മികച്ചൊരു ബാറ്റിങ് പ്രകടനം ഏകദിനത്തില്‍ കാഴ്ചവെക്കാത്ത താരമാണ് ശാര്‍ദ്ദുല്‍.
ബൗളറെന്ന നിലയിലും തല്ലുകൊള്ളിയാണ്. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലിന് പകരം ഇന്ത്യ മുഹമ്മദ് ഷമിയെ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തണമെന്നും ആരാധകര്‍ നിര്‍ദേശിക്കുന്നു. മുഹമ്മദ് ഷമി സീനിയര്‍ പേസറാണ്. അഹമ്മദാബാദിലെ ബാറ്റിങ് പിച്ചില്‍ റണ്ണൊഴുക്ക് തടഞ്ഞ് വിക്കറ്റ് നേടാന്‍ ഷമിയെപ്പോലെ അനുഭവസമ്പന്നരായ താരങ്ങള്‍ അത്യാവശ്യമാണ്. എന്നാല്‍ ഇന്ത്യ അതിന് തയ്യാറാവാതെ ഷമിയെ തഴയുന്നത് നിരാശപ്പെടുത്തുന്ന കാര്യമാണെന്നും ആരാധകര്‍ പറയുന്നു.
പ്ലെയിങ് ഇലവന്‍ ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്താന്‍- അബ്ദുള്ള ഷഫീഖ്, ഇമാമുള്‍ ഹഖ്, ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗത് ഷക്കീല്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ്.