ധരംശാല: ഏകദിന ലോകകപ്പിലെ ഇന്ത്യ-ന്യൂസീലന്‍ഡ് സൂപ്പര്‍ പോരാട്ടം നാളെ നടക്കാന്‍ പോവുകയാണ്. 2003ന് ശേഷം ഐസിസി ടൂര്‍ണമെന്റില്‍ ഒരു മത്സരത്തില്‍ പോലും ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടില്ല. ഏകദിന ലോകകപ്പിലെ കണക്കില്‍ ഇന്ത്യയും ന്യൂസീലന്‍ഡും 9 തവണയാണ് നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ അഞ്ചിലും ജയം കിവീസിനായിരുന്നു. ഇത്തവണ തട്ടകത്തില്‍ ചരിത്രം രചിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എന്നാല്‍ സൂപ്പര്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് ചങ്കിടിപ്പേറ്റുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഹാര്‍ദിക്കിന് പിന്നാലെ സൂര്യകുമാര്‍ യാദവിനും രവീന്ദ്ര ജഡേജക്കും പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടാണ് ഇന്ത്യക്ക് ആശങ്കയാവുന്നത്. രവീന്ദ്ര ജഡേജ കാല്‍ക്കുഴക്ക് പരിക്കേറ്റ് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. എന്നാല്‍ ഇത് ഭേദമായി സമീപകാലത്തായി അദ്ദേഹം ടീമില്‍ സജീവമായിരുന്നു. എന്നാല്‍ പരിക്ക് വീണ്ടും ജഡേജയെ ചതിച്ചുവെന്നാണ് സൂചന.
ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടിയിരിക്കുന്നു. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് ജഡേജ ഇന്ന് വൈകുന്നേരം പരിശീലനത്തിന് ഇറങ്ങിയിട്ടില്ല. ഇത് അദ്ദേഹത്തിന് പരിക്കാണെന്ന റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ്. ഇന്ത്യക്കായി മിന്നും പ്രകടനമാണ് ജഡേജ കാഴ്ചവെക്കുന്നത്. മധ്യ ഓവറുകളില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനങ്ങളുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ ജഡേജക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ജഡേജയുടെ അഭാവമുണ്ടായാല്‍ ഇന്ത്യക്കത് നികത്താനാവാത്ത വിടവായി മാറും.
അക്ഷര്‍ പട്ടേലും പരിക്കിന്റെ പിടിയിലാണ്. അതുകൊണ്ടുതന്നെ ജഡേജ പുറത്തിരുന്നാല്‍ ആര്‍ അശ്വിനുമായി മുന്നോട്ട് പോകാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. ഇതിനിടെയാണ് മറ്റൊരു പരിക്ക് വാര്‍ത്തയും ഇന്ത്യക്ക് തലവേദനയായെത്തുന്നത്. ഹാര്‍ദിക് പാണ്ഡ്യക്ക് പകരം ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുണ്ടായിരുന്ന സൂര്യകുമാര്‍ യാദവിനാണ് പരിക്കേറ്റിരിക്കുന്നത്. വൈകുന്നേരം പരിശീലനം നടത്തുന്നതിനിടെ സൂര്യകുമാറിന്റെ കൈക്ക് പന്തടിക്കുകയായിരുന്നു.

വേദനകൊണ്ട് സൂര്യകുമാര്‍ പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങിയെന്നാണ് വിവരം. എന്നാല്‍ സൂര്യകുമാറിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എന്നാല്‍ താരത്തിന്റെ പരിക്ക് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരേണ്ടതായുണ്ട്. നിലവിലെ വിവരം അനുസരിച്ച് ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്. ഇവര്‍ മൂന്ന് പേരും കളിക്കാതിരുന്നാല്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് ജയം കടുപ്പമാവും.
സൂര്യക്ക് പരിക്കേറ്റ് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഹാര്‍ദിക്കിന് പകരം ഇഷാന്‍ കിഷന് അവസരം ലഭിച്ചേക്കും. ജഡേജക്ക് പകരം അശ്വിനെത്തുമ്പോള്‍ ശാര്‍ദ്ദുല്‍ ടാക്കൂറിന് പകരം മുഹമ്മദ് ഷമിയുമെത്തിയേക്കും. ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാണെന്നിരിക്കെ സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് ടീമിന്റെ പ്രതീക്ഷകളെ തകര്‍ക്കുന്നതാണ്. നാളെ ന്യൂസീലന്‍ഡിനെതിരായ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരേ ഇന്ത്യക്ക് മത്സരമുണ്ട്.
അതുകൊണ്ടുതന്നെ ഏറ്റവും മികച്ച താരങ്ങളില്ലാതെ ഇറങ്ങിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന കാര്യം ഉറപ്പാണ്. പ്രധാന താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് ഇന്ത്യയുടെ കുതിപ്പിനെ ബാധിക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമാണ് ഇന്ത്യയുടെ പ്രധാന തലവേദന. ഹാര്‍ദിക്കിന്റെ കാല്‍ക്കുഴക്കാണ് പരിക്കേറ്റിരിക്കുന്നത്. താരത്തിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും വിശ്രമം വേണ്ടിവന്നേക്കും. ഹാര്‍ദിക്കിന്റെ അഭാവം ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയെ ഒരുപോലെ ബാധിക്കുന്നു.
സൂര്യകുമാര്‍ യാദവിനെ ഇന്ത്യ ബാക്കപ്പ് താരമായാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ പ്രധാന താരത്തിന് പരിക്കേറ്റതിന് പിന്നാലെ സൂര്യകുമാറിനും പരിക്കേറ്റത് ഇന്ത്യയെ തളര്‍ത്തിയേക്കും. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം സൂര്യക്ക് കാര്യമായ പ്രശ്‌നങ്ങളില്ല. സ്‌കാന്‍ ചെയ്ത് പരിശോധിക്കേണ്ട ഗുരുതരമായ പരിക്കില്ലെന്നും പന്ത് കൈയില്‍ തട്ടിയപ്പോഴുണ്ടായ വേദന മാത്രമാണുണ്ടായിരുന്നതെന്നുമാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. എന്തായാലും നാല് തുടര്‍ ജയങ്ങളുമായി പോകവെ പരിക്ക് ഇന്ത്യക്ക് വെല്ലുവിളിയായിട്ടുണ്ടെന്ന് നിസംശയം പറയാം.