ഐസിസി ഏകദിന ലോകകപ്പില്‍ ഇത്തവണത്തെ ആദ്യത്തെ അട്ടിമറിക്ക് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷിയായിരിക്കുകയാണ്. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിനു അഫ്ഗാനിസ്താനാണ് അപ്രതീക്ഷിത ഷോക്ക് നല്‍കിയത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ആധിപത്യം പുലര്‍ത്തിയ അഫ്ഗാന്‍ 69 റണ്‍സിനു ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ടിനു നേരിട്ട രണ്ടാം പരാജയം കൂടിയായിരുന്നു ഇത്. നേരത്തേ ഉദ്ഘാടന മല്‍സരത്തില്‍ ന്യൂസിലാന്‍ഡിനോടു ഒമ്പതു വിക്കറ്റിനും ചാംപ്യന്‍മാര്‍ കീഴടങ്ങിയിരുന്നു.
അഫ്ഗാന്റെ അപ്രതീക്ഷിത വിജയം കാരണം നാണംകെട്ടത് ഇംഗ്ലണ്ട് മാത്രമല്ല അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ കൂടിയാണ്. കാരണം അഫ്ഗാന്റെ അട്ടിമറി വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഓസീസ് അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട്- അഫ്ഗാന്‍ മല്‍സരത്തിനു മുമ്പ് ഒമ്പതാം സ്ഥാനത്തായിരുന്നു കംഗാരുപ്പട. പക്ഷെ അഫ്ഗാന്‍ അട്ടിമറി കുറിച്ചതോടെ അസോസയേറ്റ് ടീമായ നെതര്‍ലാന്‍ഡ്‌സിനും പിന്നില്‍ ഓസ്‌ട്രേലിയ അവസാന സ്ഥാനത്തേക്കു വീണു.

എന്നാല്‍ ടൂര്‍ണമെന്റിലെ ആദ്യ വിജയം അഫ്ഗാന്‍ ടീമിനെ ആറാംസ്ഥാനത്തേക്കു ഉയര്‍ത്തിയിട്ടുണ്ട്. നെറ്റ് റണ്‍റേറ്റില്‍ ബംഗ്ലാദേശിനെ പിന്തള്ളാനും മിന്നുന്ന വിജയം അഫ്ഗാനെ സഹായിച്ചിരിക്കുകയാണ്. അഫ്ഗാന്റെ നെറ്റ് റണ്‍റേറ്റ് -0.652ഉം ബംഗ്ലാദേശിന്റേത് -0.669ഉം ആണ്. അതിനിടെ ഇംഗ്ലണ്ടിനു അഫ്ഗാനോടേറ്റ ഷോക്ക് കാരണം രക്ഷപ്പെട്ട ഒരു ടീമുണ്ട്, അതു പാകിസ്താനാണ്. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു തന്നെ തുടരാന്‍ പാക് പടയെ ഇതു സഹായിച്ചു.
അഫ്ഗാനിസ്താനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ പാകിസ്താനെ പിന്തള്ളി നാലാംസ്ഥാനത്തേക്കു കയറാന്‍ ഇംഗ്ലണ്ടിനു സാധിക്കുമായിരുന്നു. കാരണം നെറ്റ് റണ്‍റേറ്റില്‍ നേരത്തേ പാക് പടയ്ക്കു മുകളിലായിരുന്നു ജോസ് ബട്‌ലറും സംഘവും. അതുകൊണ്ടു തന്നെ അഫ്ഗാനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ പാകിസ്താനെ കടത്തിവെട്ടാനും അവര്‍ക്കു സാധിക്കുമായിരുന്നു. പക്ഷെ ജോസ് ബട്‌ലറും സംഘവും ഈ സുവര്‍ണാവസരം കളഞ്ഞു കുളിക്കുകയും ചെയ്തു.
മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു പരാജയവുമടക്കം നാലു പോയിന്റുമായി പാകിസ്താന്റെ നാലാസ്ഥാനം ഇപ്പോള്‍ ഭദ്രമാണ്. -0.137 എന്ന നെറ്റ് റണ്‍റേറ്റാണ് പാകിസ്താനുള്ളത്. ഇംഗ്ലണ്ടാവട്ടെ മൂന്നു കളിയില്‍ നിന്നും ഒരു ജയവും രണ്ടു തോല്‍വിയുമടക്കം രണ്ടു പോയിന്റോടെ പാകിസ്താന് പിന്നില്‍ അഞ്ചാംസ്ഥാനത്തും തുടരുന്നു.
പക്ഷെ ഇംഗ്ലണ്ടിന്റെ ഈ അഞ്ചംസ്ഥാനം സുരക്ഷിതമല്ല. അവര്‍ പോയിന്റ് പട്ടികയില്‍ ഇനിയും താഴേക്കു വീഴാനുള്ള സാധ്യത കൂടുതലാണ്. കാരണം അവസാനത്തെ മൂന്ന് സ്ഥാനങ്ങളിലുള്ള ശ്രീലങ്ക, നെതര്‍ലാന്‍ഡ്‌സ്, ഓസ്‌ട്രേലിയ ടീമുകള്‍ക്കു ഒരു മല്‍സരം ബാക്കിയുണ്ട്. അതുകൊണ്ടു തന്നെ ഇവര്‍ മൂന്നാം റൗണ്ടില്‍ മികച്ചൊരു മാര്‍ജിനില്‍ വിജയം കൊയ്യുകയാണെങ്കില്‍ അതു ഇംഗ്ലണ്ടിനു വലിയ ക്ഷീണമാവുകയും പോയിന്റ് പട്ടികയില്‍ ഇനിയും താഴേക്കു വീഴാന്‍ ഇടയാക്കുകയും ചെയ്യും.

മൂന്നാം റൗണ്ടില്‍ ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. വന്‍ മാര്‍ജിനില്‍ ഇവരിലൊരു ടീം വിജയിക്കുകയാണെങ്കില്‍ അവര്‍ക്കു പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്തേക്കു കുതിക്കാന്‍ സാധിക്കും. നിലവില്‍ അഞ്ചാമതുള്ള ഇംഗ്ലണ്ടിന്റെ നെഗറ്റീവ് നെറ്റ് റണ്‍റേറ്റാണ് (-0.084) ഇതിന്റെ കാരണം. അതുകൊണ്ടു തന്നെ വലിയൊരു മാര്‍ജിനിലുള്ള ജയമായിരിക്കും രണ്ടു ടീമുകളും ലക്ഷ്യമിടുക.
എന്നാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തു തന്നെ തുടരുകയാണ്. കളിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ച ഇന്ത്യക്കു ആറു പോയിന്റുണ്ട്. പക്ഷെ ഇന്ത്യയുടെ ഒന്നാംസ്ഥാനത്തിനു സൗത്താഫ്രിക്ക ഭീഷണിയുയര്‍ത്തുന്നുണ്ട്. നാളെ നടക്കാനിരിക്കുന്ന കളിയില്‍ നെതര്‍ലാന്‍ഡ്‌സിനെ തോല്‍പ്പിച്ചാല്‍ അവര്‍ ഇന്ത്യയെ പിന്തള്ളിയേക്കും. കാരണം ഇന്ത്യയേക്കാള്‍ (+1.821) മികച്ച നെറ്റ് റണ്‍റേറ്റാണ് സൗത്താഫ്രിക്കയ്ക്കുള്ളത് (+2.360).