വാനോളം പ്രതീക്ഷകളുമായിട്ടാണ് ടീം ഇന്ത്യ നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു കച്ച മുറുക്കുന്നത്. 12 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വീണ്ടുമൊരു ലോകകപ്പ് നാട്ടില്‍ വിരുന്നെത്തുമ്പോള്‍ കിരീടം തന്നെയാണ് ഇന്ത്യയുടെ സ്വപ്നം. കാരണം 2011ല്‍ അവസാനമായി ടൂര്‍ണമെന്റിനു വേദിയായപ്പോള്‍ ലോകകപ്പില്‍ മുത്തമിടാന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ബാറ്റിങ് തുറുപ്പുചീട്ടുകളിലൊരാളാണ് മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി.
കരിയര്‍ ബെസ്റ്റ് ഫോമിലേക്കു മടങ്ങിയെത്തിയിക്കുന്ന അദ്ദേത്തിന്റെ ബാറ്റ് തീതുപ്പിയാല്‍ ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി മാറും. പക്ഷെ കോലിയെ ലോകകപ്പില്‍ പൂര്‍ണമായി വിശ്വസിക്കുന്നത് അബദ്ധമായിരിക്കുമെന്നു കണക്കുകള്‍ പറയുന്നു. പ്രത്യേകിച്ചും ലോകകപ്പിലെ നോക്കൗട്ട് റൗണ്ട് മല്‍സരങ്ങളില്‍ കോലിയുടെ പ്രകടനം ഒട്ടും ആഹ്ലാദിക്കാന്‍ വക നല്‍കുന്നതല്ല. ലീഗ് ഘട്ടത്തില്‍ റണ്‍സ് വാരിക്കൂട്ടാറുള്ള അദ്ദേഹം നോക്കൗട്ടില്‍ നനഞ്ഞ പടക്കമായി മാറിയതായി കണക്കുകള്‍ പറയുന്നു.

കോലിയുടെ കരിയറിലെ നാലാമത്തെ ഏകദിന ലോകകപ്പ് കൂടിയാണ് ഇത്തവണത്തേത്. 2011ല്‍ നാട്ടില്‍ നടന്ന ടൂര്‍ണമെന്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ധോണിക്കു കീഴില്‍ ഇന്ത്യ കിരീടമുയര്‍ത്തിയപ്പോള്‍ കോലിയും സംഘത്തിലുണ്ടായിരുന്നു.
അതിനു ശേഷം 2015ലെ ലോകകപ്പിലും ധോണിക്കു കീഴില്‍ അദ്ദേഹം ഇറങ്ങിയെങ്കിലും ടീം സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. 2019ലെ അവസാന ലോകകപ്പില്‍ കോലിയായിരുന്നു ക്യാപ്റ്റന്‍. പ്രാഥമിക റൗണ്ടില്‍ മിന്നുന്ന പ്രകടനം നടത്തിയ ഇന്ത്യ പക്ഷെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റു പുറത്താവുകയായിരുന്നു.
ലോകകപ്പിന്റെ ലീഗ് ഘട്ടത്തില്‍ കോലിയുടെ ബാറ്റിങ് പ്രകടനം ഗംഭീരമാണെന്നു കാണാം. മൂന്നു ലോകകപ്പുകളിലായി 20 ഇന്നിങ്‌സുകളാണ് അദ്ദേഹം ലീഗ് ഘട്ടത്തില്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 59.81 എന്ന കിടിലന്‍ ശരാശരിയില്‍ 957 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
പക്ഷെ നോക്കൗട്ടിലേക്കു വന്നാല്‍ ഹീറോയില്‍ നിന്നും സീറോയായി മാറിയ കോലിയെയാണ് നമുക്കു കാണാന്‍ സാധിക്കുക. നോക്കൗട്ടില്‍ ആറ് ഇന്നിങ്‌സുകളിലാണ് അദ്ദേഹം ബാറ്റ് ചെയ്തിട്ടുള്ളത്. ഇവയില്‍ നിന്നും 12.16 എന്ന ദയനീയ ശരാശരിയില്‍ നേടാനായത് 73 റണ്‍സ് മാത്രമാണ്. 56.16 ആണ് സ്‌ട്രൈക്ക് റേറ്റ്.

നോക്കൗട്ട് റൗണ്ടില്‍ ഇതുവരെ കളിച്ച ആറ് ഇന്നിങ്‌സുകളില്‍ വെറും രണ്ടെണ്ണത്തിലാണ് കോലിക്കു രണ്ടക്കം കടക്കാനായത്. ഒരിക്കല്‍പ്പോലും 40ന് മുകളില്‍ റണ്‍സ് അദ്ദേഹം നോക്കൗട്ടില്‍ നേടിയിട്ടുമില്ല. 2011ല്‍ ഇന്ത്യ ജേതാക്കളായ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു നോക്കൗട്ടില്‍ കോലിയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്.
അന്നു ഇന്ത്യ 275 റണ്‍സ് ചേസ് ചെയ്യവെ നാലാം നമ്പറില്‍ ഇറങ്ങിയ കോലി 35 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 49 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു ഫോറുകളടിച്ചിരുന്നു. ഇതു മാറ്റി നിര്‍ത്തിയാല്‍ ലോകകപ്പിലെ മറ്റു നോക്കൗട്ട് മല്‍സരങ്ങളില്‍ 24 റണ്‍സ് (33 ബോള്‍), 9 (21 ബോള്‍), 3 (എട്ട് ബോള്‍), 1 (13 ബോള്‍), 1 (ആറു ബോള്‍) എന്നിങ്ങനെയാണ് കോലിയുടെ സ്‌കോറുകള്‍.
അദ്ദേഹത്തിന്റെ ഈ മോശം റെക്കോര്‍ഡ് ഈ ലോകകപ്പില്‍ ഇന്ത്യയെ തീര്‍ച്ചയായും ആശങ്കയിലാക്കുന്നുണ്ട്. വലിയ സ്‌കോറുകള്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ചെങ്കില്‍ മാത്രമേ നോക്കൗട്ട് മല്‍സരങ്ങളില്‍ വിജയക്കൊടി പാറിക്കാന്‍ ടീം ഇന്ത്യക്കു ഇത്തവണ സാധിക്കുകയുള്ളൂ.