ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ പാകിസ്താന്റെ റെക്കോര്‍ഡ് വിജയം കാരണം യഥാര്‍ഥത്തില്‍ പണി കിട്ടിയിരിക്കുന്നത് ഇന്ത്യക്കാണ്. കാരണം ജയിക്കാമായിരുന്ന മല്‍സരമാണ് ലങ്ക അവസരങ്ങള്‍ തുലച്ചും റണ്‍സ് വാരിക്കോരി നല്‍കിയും കളഞ്ഞുകുളിച്ചത്. ഈ മല്‍സരത്തിലെ വന്‍ പരാജയത്തിനു ലങ്കയ്ക്കു സ്വയം പഴിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അത്ര മാത്രം അബദ്ധങ്ങളാണ് ഫീല്‍ഡിങിലും ബൗളിങിലും അവരുടെ ഭാഗത്തു നിന്നും സംഭവിച്ചത്.
ലങ്കയുടെ ഈ 'സഹായം' കാരണം ബാബര്‍ ആസമിന്റെയും സംഘത്തിന്റെയും ആത്മവിശ്വാസം വാനോളം ഉയരുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ ശനിയാഴ്ച അഹമ്മദാബാദില്‍ നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോയില്‍ അവരെ ഇന്ത്യ ശരിക്കും പേടിക്കണം. എത്ര വലിയ സ്‌കോറും തങ്ങള്‍ക്കു ചേസ് ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസമാണ് പാക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള പോരാട്ടത്തില്‍ ഇതു അവര്‍ക്കു തുണയാവുമെന്ന കാര്യമുറപ്പാണ്.

മറിച്ച് ലങ്കയോടു വലിയൊരു മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നെങ്കില്‍ അതു പാകിസ്താനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുമായിരുന്നു. തോല്‍വിയുടെ സമ്മര്‍ദ്ദത്തോടൊപ്പം ഇന്ത്യക്കെതിരേ കളിക്കുന്നതിന്റെ സമ്മര്‍ദ്ദം കൂടി ചേരുന്നതോട പാക് പടയെ തളരുമായിരുന്നു. പക്ഷെ ലങ്ക മല്‍സരം പാകിസ്താന് സമ്മാനിച്ചതു കാരണം അതു സംഭവിക്കാതെ പോയിരിക്കുകയാണ്.
ഹൈദരാബാദില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം ലങ്ക 344 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ പാകിസ്താനു ആരും നേരിയ സാധ്യത പോലും കല്‍പ്പിച്ചിരുന്നില്ല. കാരണം ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും 330ന് മുകളില്‍ സ്‌കോര്‍ ചേസ് ചെയ്തു ജയിച്ചിട്ടില്ല. മാത്രമല്ല നെതര്‍ലാന്‍ഡ്‌സുമായുള്ള തൊട്ടുമുമ്പത്തെ കളിയില്‍ ബാറ്റിങില്‍ പാകിസ്താന്‍ ഒരു ഘട്ടത്തില്‍ പതറുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ മികച്ച ബൗളിങ് നിരയുള്ള ലങ്കയ്‌ക്കെതിരേ പാകിസ്താന്‍ 250 റണ്‍സ് പോലും തികയ്ക്കുമോയന്ന കാര്യം സംശയമായിരുന്നു.
പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുന്ന തീര്‍ത്തും പരിതാപകരമായ ബൗളിങായിരുന്നു ലങ്കന്‍ ടീം കാഴ്ചവച്ചത്. ഫീല്‍ഡിങിലും അവര്‍ തികഞ്ഞ പരാജയമായി മാറി. ഏക്‌സ്ട്രാ ഇനത്തില്‍ മാത്രം 26 റണ്‍സാണ് കളിയില്‍ ലങ്ക വിട്ടുനല്‍കിയത്. പാക് ഇന്നിങ്‌സിലെ നാലാമത്തെ ടോപ്‌സ്‌കോറും ഈ എക്‌സ്ട്രാസ് തന്നെയായിരുന്നു. 25 വൈഡുകളാണ് കളിയില്‍ ലങ്കന്‍ ബൗളര്‍മാര്‍ എറിഞ്ഞത്. ശേഷിച്ച ഒന്ന് നോ ബോളുമായിരുന്നു.
മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ലസിത് മലിങ്കയുടെ പിന്‍ഗാമിയായി ചൂണ്ടിക്കാണിക്കപ്പെടുന്ന യുവ പേസര്‍ മതീശ പതിരാനയായിരുന്നു ലങ്കന്‍ ബൗളിങിലെ ഏറ്റവും വലിയ ദുരന്തം. ഒമ്പതോവറല്‍ 10 എന്ന ഇക്കോണമി റേറ്റില്‍ 90 റണ്‍സാണ് താരം വാരിക്കോരി നല്‍കിയത്. ലങ്കന്‍ ബൗളര്‍മാരില്‍ ഏറ്റവും തല്ലുവാങ്ങിയതും പതിരാന തന്നെ.
ബൗളിങില്‍ യാതൊരു പിശുക്കും കാണിക്കാതെ റണ്‍സ് വിട്ടുകൊടുത്ത ലങ്കന്‍ ടീം പാക് താരങ്ങളുടെ ക്യാച്ച് കൈവിട്ടും അവര്‍ക്കു പരമാവധി ആയുസ് നീട്ടിക്കൊടുത്തു. കളിയില്‍ ഒരോവറില്‍ മാത്രം മൂന്നു ക്യാച്ച് അവസരങ്ങളാണ് ലങ്കന്‍ താരങ്ങളില്‍ നിന്നും വഴുതിപ്പോയത്. ഒന്നു അനായാസ ക്യാച്ചായിരുന്നങ്കില്‍ മറ്റു രണ്ടും അല്‍പ്പം കടുപ്പമായിരുന്നു. അര്‍ധാവസരങ്ങള്‍ പോലും മുതലാക്കിയെങ്കില്‍ മാത്രമേ ലോകകപ്പ് പോലെ വലിയൊരു വേദിയില്‍ വിജയം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

മല്‍സരത്തില്‍ ശ്രീലങ്കന്‍ ടീമിന്റെ ബൗളിങ്, ഫീല്‍ഡിങ് പ്രകടനത്തിനെതിരേ വലിയ വിര്‍ശനങ്ങളാണ് ഉയരുന്നത്. ലങ്കന്‍ ടീമിന്റെ ഇത്രയും മോശം പ്രകടനം സംശയകരമാണന്നും ഒത്തുകളി മണക്കുന്നതായും ചിലര്‍ ആരോപിക്കുകയും ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ലങ്കന്‍ ടീമിനെ പഞ്ഞിക്കിടുകയാണ്. ഈ ലോകകപ്പിലെ ഏറ്റവും മോശം ഫീല്‍ഡിങ് ടീമായി ശ്രീലങ്ക മാറിയിരിക്കുകയാണ്.
ഒരുപാട് ക്യാച്ചുകള്‍ ഈ കളിയില്‍ അവര്‍ നഷ്ടപ്പെടുത്തി. സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ മല്‍സരത്തില്‍ അവര്‍ വിജയം അര്‍ഹിച്ചിരുന്നില്ലെന്നും ആരാധകര്‍ ആഞ്ഞടിക്കുന്നു. ഈ മല്‍സരം കണ്ടപ്പോള്‍ രണ്ടു കാര്യങ്ങളാണ് തോന്നിയത്. ഒന്നുകില്‍ കഴിഞ്ഞ 20 വര്‍ഷങ്ങളായി ശ്രീലങ്കയുടെ ഫീല്‍ഡിങ് മെച്ചപ്പെട്ടിട്ടില്ല, അല്ലെങ്കില്‍ ഈ മല്‍സരം ഒത്തുകളിയാണെന്നും ആരാധകര്‍ തുറന്നടിച്ചു.