ധരംശാല: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വമ്പന്‍ അട്ടിമറിക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാന് മുന്നില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് മുട്ടുകുത്തിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ചരിത്രമെഴുതിയിരിക്കുകയാണ് നെതര്‍ലന്‍ഡ്‌സ്. ആദ്യ രണ്ട് മത്സരത്തിലും വമ്പന്‍ ജയം നേടിയ ദക്ഷിണാഫ്രിക്കയെ 38 റണ്‍സിനാണ് ഓറഞ്ച് പട തകര്‍ത്തുവിട്ടത്. ശ്രീലങ്കയേയും ഓസീസിനേയും തരിപ്പണമാക്കിയ ദക്ഷിണാഫ്രിക്കയാണ് കുഞ്ഞന്‍മാരോട് നാണംകെട്ടത്.
ദക്ഷിണാഫ്രിക്കയുടെ തോല്‍വി ഏറ്റവും ഗുണം ചെയ്തിരിക്കുന്നത് ഇന്ത്യക്കാണ്. ആദ്യ രണ്ട് മത്സരത്തില്‍ വമ്പന്‍ ജയം നേടിയ ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് 2.30ന് മുകളിലായിരുന്നു. നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചിരുന്നെങ്കില്‍ ഇന്ത്യയെ മറികടന്ന് പോയിന്റ് ടേബിളില്‍ തലപ്പത്തേക്കെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമായിരുന്നു. നെറ്റ് റണ്‍റേറ്റില്‍ മറ്റെല്ലാ ടീമുകളേക്കാളും മുകളിലായിരുന്നു ദക്ഷിണാഫ്രിക്ക ഉണ്ടായിരുന്നത്. എന്നാല്‍ നെതര്‍ലന്‍ഡ്‌സിനോട് തോറ്റതോടെ 1.38 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് തകര്‍ന്നു.
ഇതോടെ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തിയിരുന്ന പ്രധാന ടീമും പിന്നോട്ട് പോയിരിക്കുകയാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് 1.821 ആണ്. നാളെ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുന്നത്. വലിയ താരനിരയുള്ള ഇന്ത്യ മികച്ച ഫോമിലുമാണുള്ളത്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ ടീമുകളെ തകര്‍ത്ത ഇന്ത്യ ബംഗ്ലാദേശിനെതിരേയും വമ്പന്‍ ജയമാണ് ലക്ഷ്യമിടുന്നത്. ഇതിന് സാധിച്ചാല്‍ നെറ്റ് റണ്‍റേറ്റ് 2ന് മുകളിലേക്കെത്തിക്കാന്‍ ഇന്ത്യക്ക് സാധിക്കും.
രണ്ടാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് 1.604 ആണ്. കിവീസുകൂടി തോറ്റാല്‍ ഇന്ത്യക്കത് കൂടുതല്‍ ഗുണകരമായി മാറും. ദക്ഷിണാഫ്രിക്കയുടെ തോല്‍വിയോടെ നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ ഇന്ത്യയുടെ വലിയ ഭയമാണ് മാറിയത്. വരുന്ന മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക തോറ്റാല്‍ ഇന്ത്യക്ക് കൂടുതല്‍ ആശ്വാസകരമായി മാറും. നിലവിലെ നെറ്റ് റണ്‍റേറ്റ് പരിശോധിക്കുമ്പോള്‍ ഇന്ത്യ മറ്റുള്ളവരെക്കാള്‍ മുന്നിലുള്ളത് ടീമിന്റെ സെമി പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കുന്നു.

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും വലിയ തോല്‍വികള്‍ ഏറ്റുവാങ്ങിക്കഴിഞ്ഞു. ഇതും ഇന്ത്യയുടെ സെമി സാധ്യത ഉയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ ഇന്ത്യയുടെ മുഖ്യ എതിരാളികള്‍ ന്യൂസീലന്‍ഡാണ്. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ന്യൂസീലന്‍ഡായിരുന്നു. അതുകൊണ്ടുതന്നെ അവരോട് ഇന്ത്യ കണക്കുവീട്ടേണ്ടതായുണ്ട്. കിവീസിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് മത്സരവും ജയിച്ച ടീമുകള്‍ ഇന്ത്യയും ന്യൂസീലന്‍ഡും മാത്രമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഇനി ഭയക്കേണ്ടത് ന്യൂസീലന്‍ഡിനെയാണ്. 22ാം തീയ്യതിയാണ് ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം. ഇൗ കടമ്പ കടന്നാല്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാവും. ഇനിയുള്ള മത്സരങ്ങളിലും തകര്‍പ്പന്‍ ജയങ്ങളാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അതിന് ടീമിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
നെതര്‍ലന്‍ഡ്‌സിന്റെ ജയം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് പറയാം. ആദ്യം ബാറ്റുചെയ്ത നെതര്‍ലന്‍ഡ്‌സ് 8 വിക്കറ്റിന് 245 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 207 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തി. നെതര്‍ലന്‍ഡ്‌സ് ബൗളിങ് നിരയില്‍ ലോഗന്‍ വാന്‍ ബീക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പോള്‍ വാന്‍ മിക്കീരന്‍, റൊളോഫ് വാന്‍ ഡെര്‍ മെര്‍വി, ബാസ് ഡി ലീഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.
43 റണ്‍സ് നേടിയ ഡേവിഡ് മില്ലറും 40 റണ്‍സ് നേടിയ കേശവ് മഹാരാജുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്. നെതര്‍ലന്‍ഡ്‌സിനായി നായകന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (78) ഗംഭീര അര്‍ധ സെഞ്ച്വറിയാണ് നേടിയത്. എന്തായാലും ദക്ഷിണാഫ്രിക്കയ്ക്ക് അപ്രതീക്ഷിതമായി ലഭിച്ച അടിയാണ് ഈ തോല്‍വിയെന്ന് നിസംശയം പറയാം.