ധരംശാല: ഏകദിന ലോകകപ്പിലെ കറുത്ത കുതിരകളായി ദക്ഷിണാഫ്രിക്ക കുതിക്കുകയാണ്. ആദ്യത്തെ നാല് മത്സരങ്ങള്‍ കഴിയുമ്പോള്‍ നെതര്‍ലന്‍ഡ്‌സിനോടേറ്റ അട്ടിമറി മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണാഫ്രിക്കയുടെ സര്‍വാധിപത്യമാണ് കാണാനാവുന്നത്. ശ്രീലങ്കയെ 102 റണ്‍സിന് തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക കരുത്തരായ ഓസ്‌ട്രേലിയയെ 134 റണ്‍സിനാണ് തകര്‍ത്തടുക്കിയത്. നെതര്‍ലന്‍ഡ്‌സിനോട് 38 റണ്‍സിന് തോല്‍ക്കേണ്ടി വന്നപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 229 റണ്‍സിനും തോല്‍പ്പിച്ചു.
ജയിച്ച മത്സരങ്ങളിലെല്ലാം 100ന് മുകളില്‍ റണ്‍മാര്‍ജിന്‍ ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയെന്നതാണ് എടുത്തു പറയേണ്ടത്. നാല് മത്സരത്തില്‍ നിന്ന് 6 പോയിന്റുള്ള ദക്ഷിണാഫ്രിക്ക 2.212 നെറ്റ് റണ്‍റേറ്റോടെയാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇന്ന് നടക്കുന്ന ഇന്ത്യ-ന്യൂസീലന്‍ഡ് മത്സരത്തില്‍ ആര് ജയിച്ചാലും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്കുയരുമെന്നുറപ്പ്. കാരണം നിലവില്‍ 2ന് മുകളില്‍ നെറ്റ് റണ്‍റേറ്റുള്ള ഏക ടീം ദക്ഷിണാഫ്രിക്കയാണ്.
ഇംഗ്ലണ്ടിനെ തകര്‍ത്തടുക്കിയതോടെ നെറ്റ് റണ്‍റേറ്റില്‍ വലിയ കുതിച്ചുചാട്ടമാണ് ദക്ഷിണാഫ്രിക്ക നേടിയെടുത്തിരിക്കുന്നത്. നാല് മത്സരവും ജയിച്ച് തലപ്പത്തിരിക്കുന്ന ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് 1.923 ഉും 8 പോയിന്റ് തന്നെയുള്ള ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് 1.659ഉുമാണ്. ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റിലെ കുതിപ്പ് ഇന്ത്യക്കും തലവേദനയായിരിക്കുകയാണ്. ന്യൂസീലന്‍ഡിനോട് തോല്‍ക്കേണ്ടി വന്നാല്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനത്തേക്കെത്തേണ്ടി വരും. ഇതാണ് ഇന്ത്യക്ക് കൂടുതല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നത്.
ബംഗ്ലാദേശിനെതിരേ വേഗത്തില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്കായില്ല. 51 പന്ത് ബാക്കിനിര്‍ത്തി 7 വിക്കറ്റിന് ജയിച്ചെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇത് ഇന്ത്യക്ക് വലിയ ഗുണം ചെയ്തില്ല. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡിനെതിരേ തോറ്റാല്‍ ആദ്യ രണ്ട് സ്ഥാനത്ത് നിന്ന് ഇന്ത്യക്ക് പിന്നോട്ടിറങ്ങേണ്ടി വരും. ന്യൂസീലന്‍ഡ് ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന എതിരാളികളാണ്. അവരെ തോല്‍പ്പിക്കാനാവാത്ത പക്ഷം ഇന്ത്യ പിന്നോട്ടടിക്കപ്പെടുമെന്നുറപ്പ്.

എന്നാല്‍ 2003മുതലുള്ള ഐസിസി ടൂര്‍ണമെന്റുകള്‍ പരിശോധിച്ചാല്‍ ഒരു തവണ പോലും ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിട്ടില്ല. ഏകദിന ലോകകപ്പില്‍ ഒമ്പത് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 5ലും ജയം ന്യൂസീലന്‍ഡിനായിരുന്നു. അതുകൊണ്ടുതന്നെ ആതിഥേയരായ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് ഉറപ്പാണ്. കിവീസിനോട് തോറ്റ് മൂന്നാം സ്ഥാനത്തേക്ക് പോയാല്‍ വീണ്ടും ഇന്ത്യ പിന്നോട്ട് പോകാനുള്ള സാധ്യത കൂടുതലാണ്.
കാരണം ഇനി രണ്ട് സൂപ്പര്‍ പോരാട്ടങ്ങള്‍ക്കൂടി ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. അത് ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമാണ്. ന്യൂസീലന്‍ഡിനോടും ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടും തോറ്റാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമാവും. ഓസ്‌ട്രേലിയ ഗംഭീരമായി തിരിച്ചുവരവ് നടത്തിയതും ഇന്ത്യക്ക് തിരിച്ചടി നല്‍കുന്ന കാര്യമാണ്. ഇംഗ്ലണ്ട് പിന്നോട്ട് പോവുന്നത് മാത്രമാണ് ഇന്ത്യയെ സംബന്ധിച്ച് ആശ്വസിക്കാന്‍ സാധിക്കുന്ന ഏക കാര്യം.
ദക്ഷിണാഫ്രിക്കയുടെ ജയത്തോടെ ഇത്തവണത്തെ പോരാട്ടം കൂടുതല്‍ കടുത്തിരിക്കുകയാണെന്ന് പറയാം. ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം ഇത്തവണ അവകാശപ്പെടാനാവില്ല. ആതിഥേയരായ ഇന്ത്യക്ക് ന്യൂസീലന്‍ഡിനോട് തോല്‍ക്കേണ്ടി വന്നാല്‍ വമ്പന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്. എന്ത് വിലകൊടുത്തും ഇന്ത്യക്ക് ന്യൂസീലന്‍ഡ് വെല്ലുവിളി മറികടക്കണം. അല്ലാത്ത പക്ഷം പോയിന്റ് പട്ടികയില്‍ പിന്നോട്ട് പോകേണ്ടി വരും.
29ന് ലഖ്‌നൗവിലാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം. ഇംഗ്ലണ്ടിനെ സംബന്ധിച്ച് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ജയിക്കാന്‍ ഇന്ത്യക്ക് കഠിനാധ്വാനം ചെയ്യേണ്ടി വരും. ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്കെതിരായ മത്സരമാണ് ഇന്ത്യക്ക് മുതലാക്കാന്‍ സാധിക്കുന്നതായുള്ളത്. ഈ രണ്ട് മത്സരത്തിലും 100ന് മുകളില്‍ റണ്‍സിന്റെ ജയമോ 40 ഓവറിനുള്ളിലുള്ള ജയമോ ഇന്ത്യ നേടണം.
അല്ലാത്ത പക്ഷം നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാവില്ല. ദക്ഷിണാഫ്രിക്ക വലിയ ജയം നേടുന്നത് നെറ്റ് റണ്‍റേറ്റ് വര്‍ധിപ്പിക്കാന്‍ ഇന്ത്യയേയും സമ്മര്‍ദ്ദത്തിലാക്കുകയാണ്. അല്ലാത്ത പക്ഷം പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് വലിയ നഷ്ടമുണ്ടായേക്കും. കിവീസിനെതിരായ മത്സരഫലം ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്.