മുംബൈ: ഏകദിന ക്രിക്കറ്റില്‍ 49 സെഞ്ച്വറികളെന്ന തന്റെ ലോക റെക്കോര്‍ഡ് തകര്‍ത്ത് ചരിത്രത്തില്‍ ഇടം പിടിച്ച ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയെ പ്രശംസിച്ച് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മുംബൈയിലെ വാംഖഡെയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനല്‍ പോരാട്ടത്തിലാണ് 50ാം സെഞ്ച്വറിയുമായി കോലി പുതിയ കിങായി മാറിയത്. 113 ബോളില്‍ ഒമ്പതു ഫോറും രണ്ടു സിക്‌സറുമടക്കം 117 റണ്‍സ് അടിച്ചെടുത്താണ് അദ്ദേഹം പുറത്തായത്.
തന്റെ ആരാധനാപാത്രം കൂടിയായ സച്ചിനെ സാക്ഷി നിര്‍ത്തിയായിരുന്നു കോലി വീണ്ടുമൊരു സെഞ്ച്വറി സ്വന്തം പേരില്‍ കുറിച്ചത്. പുതിയ ലോക റെക്കോര്‍ഡിന്റെ അവകാശിയായ കോലിയെ സച്ചിന്‍ നിറഞ്ഞ മനസ്സോടെ കൈയടിച്ച് അഭിനന്ദിച്ചപ്പോള്‍ തല കുനിച്ച് ഗാലറിക്കു നേരെ കോലി ആഹ്ലാദം പ്രകടിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിനു പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ കോലിയെ സച്ചിന്‍ അഭിനന്ദിക്കുകയും ചെയ്തു.

നിന്നെ ആദ്യമായി ഞാന്‍ ഡ്രസിങ് റമില്‍ വച്ച് കണ്ടപ്പോള്‍ എന്റെ കാലില്‍ തൊട്ടു വന്ദിക്കണമെന്നു പറഞ്ഞ് ടീമംങ്ങള്‍ പറ്റിച്ചിരുന്നു. ആ ദിവസം എനിക്കു ചിരിയടക്കാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ വളരെ പെട്ടെന്നു ഗെയിമിനോടുള്ള പാഷനും കഴിവും കൊണ്ട് നീ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. അന്നത്തെ ചെറുപ്പക്കാരന്‍ ഇപ്പോള്‍ വിരാടെന്ന താരമായി വളര്‍ന്നതില്‍ ഞാന്‍ വളരെയധികം സന്തോഷവാനാണ്.
ഒരു ഇന്ത്യന്‍ താരമല്ല റെക്കോര്‍ഡ് തകര്‍ത്തിരുന്നതെങ്കില്‍ എനിക്കു സന്തോഷമുണ്ടാവില്ലായിരുന്നു. അതും ഇത്ര വലിയൊരു വേദിയില്‍, ലോകകപ്പ് സെമി ഫൈനലില്‍, എന്റെ ഹോംഗ്രൗണ്ടില്‍ ഇതു സാധിച്ചത് കൂടുതല്‍ ആഹ്ലാദം പകരുന്നതായും സച്ചിന്‍ എക്‌സില്‍ കുറിച്ചു.
ഈ ലോകകപ്പില്‍ ഇറങ്ങുമ്പോള്‍ സച്ചിനേക്കാള്‍ രണ്ടു സെഞ്ച്വറികള്‍ പിറകിലായിരുന്നു കോലി. എന്നാല്‍ മൂന്നു സെഞ്ച്വറികളുമായി അദ്ദേഹം സച്ചിനെ പിന്തള്ളുമെന്നു അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ മിന്നുന്ന പ്രകടവുമായി കോലി എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്.

കരിയര്‍ ബെസ്റ്റ് പ്രകടനമാണ് അദ്ദേഹം കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. 10 മല്‍സരങ്ങളില്‍ നിന്നും 101.57 ശരാശരിയില്‍ 90.68 സ്‌ട്രൈക്ക് റേറ്റില്‍ 711 റണ്‍സാണ് കോലി ഇതിനകം വാരിക്കൂട്ടിയത്. മൂന്നു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ലോകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു താരം 700ന് മുകളില്‍ റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, ഫൈനലിലെത്താന്‍ 398 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നാലു വിക്കറ്റിനു 397 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു. കോലിയെക്കൂടാതെ ശ്രേയസ് അയ്യരും (105) ഇന്ത്യന്‍ നിരയില്‍ സെഞ്ച്വറി കണ്ടെത്തി.
വെറും 70 ബോളിലാണ് നാലു ഫോറും എട്ടു സിക്‌സറുമടക്കം ശ്രേയസ് 105 റണ്‍സ് വാരിക്കൂട്ടിയത്. പുറത്താവാതെ 80 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 66 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു ഫോറും മൂന്നു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി സ്‌ഫോടനാത്മക ഇന്നിങ്‌സ് കളിച്ച് പുറത്താവുകയായിരുന്നു. വെറും 29 ബോളില്‍ അദ്ദേഹം 47 റണ്‍സ് അടിച്ചെടുത്തു. നാലു വീതം ഫോറും സിക്‌സറുമടക്കമായിരുന്നു ഇത്.