World Cup 2023: ഹിറ്റ്മാനാണ് ഹീറോ, ഈ കണക്കുകള്‍ ഞെട്ടിക്കും! അടുത്ത ലോകകപ്പും കളിക്കാം
മുംബൈ: ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കുമ്പോള്‍ ഇന്ത്യയുടെ കുതിപ്പാണ് കാണാന്‍ സാധിക്കുന്നത്. രോഹിത് ശര്‍മക്ക് കീഴിലിറങ്ങിയ ഇന്ത്യ ആദ്യത്തെ മൂന്ന് മത്സരങ്ങളും വിജയിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയെ തകര്‍ത്തുതുടങ്ങിയ ഇന്ത്യ അഫ്ഗാനിസ്ഥാനേയും ചിരവൈരികളായ പാകിസ്താനേയും തകര്‍ത്തുവിട്ടു. നിലവിലെ ഇന്ത്യയുടെ ഫോം വിലയിരുത്തുമ്പോള്‍ കപ്പ് അലമാരയിലെത്തിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.
ഇന്ത്യക്ക് കരുത്താകുന്നത് നായകന്‍ രോഹിത് ശര്‍മയുടെ പ്രകടനമാണ്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിക്കുന്നു. രോഹിത്തിന്റെ കാലം കഴിഞ്ഞുവെന്നും വിരമിക്കണമെന്നും പറയുന്നവര്‍ക്ക് മുന്നില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടാന്‍ രോഹിത്തിന് സാധിക്കുന്നു. രോഹിത്തിന്റെ അവസാനത്തെ എട്ട് ഏകദിന ഇന്നിങ്‌സിലെ പ്രകടനം നോക്കുമ്പോള്‍ ശരാശരി 68.71 ആണ്. 130.70 ആണ് സ്‌ട്രൈക്ക് റേറ്റ്.
നേടിയത് 481 റണ്‍സാണ്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വിമര്‍ശകരോട് ബാറ്റുകൊണ്ടുമറുപടി പറയാന്‍ രോഹിത്തിന് സാധിക്കുന്നു. ഏകദിന ലോകകപ്പിലും രോഹിത്തിന്റെ പ്രകടനം ഗംഭീരമാണ്. 217 റണ്‍സാണ് മൂന്ന് മത്സരത്തില്‍ നിന്ന് രോഹിത് നേടിയത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ഡെക്കിന് പുറത്തായെങ്കിലും പിന്നീടുള്ള മത്സരങ്ങളിലെല്ലാം കസറാന്‍ സാധിച്ചു. ഈ ലോകകപ്പില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടിയ ഏക താരം രോഹിത്താണ്.
അഫ്ഗാനിസ്ഥാനെതിരേയാണ് ഹിറ്റ്മാന്റെ സെഞ്ച്വറി പ്രകടനം. 22 ബൗണ്ടറികളുമായി ഇന്ത്യക്കായി കൂടുതല്‍ ബൗണ്ടറിയെന്ന റെക്കോഡില്‍ രോഹിത് തലപ്പത്ത് നില്‍ക്കുന്നു. 11 സിക്‌സുകളുമായി സിക്‌സര്‍ വേട്ടക്കാരിലും രോഹിത് തലപ്പത്താണ്. 141ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് രോഹിത്തിനുണ്ട്. നായകനെന്ന നിലയിലുള്ള യാതൊരു സമ്മര്‍ദ്ദവും ഏശാതെയാണ് ഹിറ്റ്മാന്‍ കടന്നാക്രമിക്കുന്നത്. ഏഷ്യാ കപ്പിലെ മിന്നും ഫോം ലോകകപ്പിലും ആവര്‍ത്തിക്കാന്‍ രോഹിത്തിന് സാധിക്കുന്നു.

ഈ ലോകകപ്പിലൂടെ ഇതിനോടകം പല വമ്പന്‍ റെക്കോഡുകളും തകര്‍ക്കാന്‍ രോഹിത്തിന് സാധിച്ചിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടത് സിക്‌സര്‍ വേട്ടക്കാരില്‍ ഒന്നമനായി എന്നതാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ ക്രിസ് ഗെയ്‌ലായിരുന്നു (553) തലപ്പത്തുണ്ടായിരുന്നത്. എന്നാല്‍ ഇതിനെ മറികടക്കാന്‍ രോഹിത്തിന് സാധിച്ചു. നിലവില്‍ സിക്‌സര്‍ വേട്ടക്കാരില്‍ എതിരാളികളില്ലാതെ രോഹിത് തലപ്പത്ത് തുടരുകയാണ്.
കൂടാതെ ഏകദിനത്തില്‍ 300 സിക്‌സര്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി മാറാനും രോഹിത്തിനായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരമാണ് രോഹിത്. ക്രിസ് ഗെയ്ല്‍, ഷാഹിദ് അഫ്രീദി എന്നിവരാണ് ഈ റെക്കോഡില്‍ രോഹിത്തിനൊപ്പമുള്ളത്. വിരമിക്കുന്നതിന് മുമ്പ് ഈ നേട്ടത്തിലും രോഹിത്തിന് തലപ്പത്തേക്കെത്താനാവുമോയെന്നത് കണ്ടറിയാം. കൂടാതെ ഏകദിന ലോകകപ്പ് സെഞ്ച്വറി റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറേയും മറികടന്ന് തലപ്പത്തേക്കെത്താന്‍ രോഹിത്തിനായി.
നിലവില്‍ ഏഴ് സെഞ്ച്വറികളാണ് ഏകദിന ലോകകപ്പില്‍ അദ്ദേഹം നേടിയത്. മൂന്നാം ലോകകപ്പില്‍ നിന്ന് തന്നെ സച്ചിന്റെ റെക്കോഡ് രോഹിത് മറികടന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഈ ലോകകപ്പില്‍ ഇനിയും സെഞ്ച്വറികള്‍ രോഹിത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു. പാകിസ്താനെതിരേ രോഹിത് സെഞ്ച്വറി നേടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 14 റണ്‍സകലെ സെഞ്ച്വറി നഷ്ടമായി. നിലവിലെ രോഹിത്തിന്റെ ഫോം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കുകയാണ്.
ഇത്തവണ രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് ലോകകപ്പ് നേടാനാവുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2011ല്‍ എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ തട്ടകത്തില്‍ കിരീടം നേടിയിരുന്നു. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് വീണ്ടും ലോകകപ്പെത്തുമ്പോള്‍ രോഹിത്തിനും സംഘത്തിനും അത് മുതലാക്കേണ്ടതായുണ്ട്. എന്നാല്‍ ഇതിന് സാധിക്കുമോയെന്നത് കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications