ലോകകപ്പില്‍ നാളെ തീപാറുന്ന ഒരു പോരാട്ടത്തിനു കച്ചമുറുക്കുകയാണ് ടീം ഇന്ത്യ. ധര്‍മശാലയില്‍ നടക്കാനിരിക്കുന്നു മല്‍സരത്തില്‍ കരുത്തരായ ന്യൂസിലാന്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇനിയും തോല്‍വിയറിയാത്ത രണ്ടു ടീമുകള്‍ കൂടിയാണ് ഇന്ത്യയും കിവീസും. അതുകൊണ്ടു തന്നെ തീപാറുന്ന ഒരു ത്രില്ലര്‍ തന്നെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രതീക്ഷിക്കാം. കഴിഞ്ഞ നാലു മല്‍സരങ്ങളിലും ജയിച്ചാണ് ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും വരവ്.
എട്ടു പോയിന്റ് വീതമാണ് ഇരുടീമുകളുടെയും അക്കൗണ്ടിലുള്ളത്. മികച്ച നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ പിന്തള്ളി കിവികള്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനക്കാരാവുകയായിരുന്നു. ബാറ്റിങിലും ബൗളിങിലും സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഇന്ത്യയും കിവീസും മുന്‍ മല്‍സരങ്ങളില്‍ കാഴ്ചവച്ചത്. അതുകൊണ്ടു തന്നെ നാളത്തെ കളിയിലെ വിജയികളെ പ്രവചിക്കുകയെന്നതും കടുപ്പം തന്നെയാണ്.

കഴിഞ്ഞ നാലു മല്‍സരങ്ങളിലും റണ്‍ചേസിനൊടുവിലായിരുന്നു ഇന്ത്യന്‍ വിജയം. ഇവയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വലിയ പങ്കുവഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ന്യൂസിലാന്‍ഡുമായുള്ള നാളത്തെ കളിയില്‍ അദ്ദേഹം ബാറ്റിങില്‍ നിരാശപ്പെടുത്തിയേക്കും. ധര്‍മശാലയിലെ എപിസിഎ സ്റ്റേഡിയത്തില്‍ രോഹിത്തിന്റെ ദയനീയ റെക്കോര്‍ഡ് തന്നെയാണ് ഇതിനു കാരണം.
ഏകദിനത്തില്‍ ഇവിടെ നേരത്തേ കളിച്ചപ്പോഴെല്ലാം ഹിറ്റ്മാന്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണ് ഇവിടെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം. മൂന്നു ഏകദിന മല്‍സരങ്ങളാണ് രോഹിത് ഈ വേദിയില്‍ കളിച്ചിട്ടുള്ളത്. ഇവയിലെല്ലാം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹത്തിന്റെ സമ്പാദ്യം വെറും 20 റണ്‍സ് മാത്രമാണ്. 6.66 എന്ന മോശം ശരാശരിയോടെയാണിത്. ഈ വേദിയില്‍ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 14 റണ്‍സാണ്.
കരിയറിലെ ഏറ്റവും മോശം വേദിയെന്ന നാണക്കേട് ന്യൂസിലാന്‍ഡിനെതിരേ നാളെ രോഹിത് തിരുത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. പക്ഷെ അദ്ദേഹത്തിനു അതു അത്ര എളുപ്പമായിരിക്കില്ല. കാരണം കിവികളുടെ ന്യൂബോള്‍ പേസാക്രമണം അപകടം വിതയ്ക്കാന്‍ ശേഷിയുള്ളവരാണ്.
ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടും മാറ്റ് ഹെന്‍ട്രിയുമുള്‍പ്പെട്ട കിവി ബൗളിങ് നിര രോഹിത്തിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ പതറുന്ന രോഹിത്തിനെ നേരത്തേ ബോള്‍ട്ട് പല തവണ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

2019ലെ കഴിഞ്ഞ ലോകകപ്പിലെ റണ്‍വേട്ടക്കാരനായിരുന്ന രോഹിത് ഈ ടൂര്‍ണമെന്റിലും ഉജ്ജ്വല ഫോമിലാണ്. നിലവില്‍ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ അദ്ദേഹം രണ്ടാംസ്ഥാനത്തുണ്ട്. നാലു ഇന്നിങ്‌സുകളില്‍ നിന്നും 66.25 ശരാശരിയില്‍ 265 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്. ഓസ്‌ട്രേലിയക്കെതിരേ ചെപ്പോക്കില്‍ നടന്ന ആദ്യ കളില്‍ ഡെക്കുമായാണ് അദ്ദേഹം തുടങ്ങിയത്.
എന്നാല്‍ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ അഫ്ഗാനിസ്താനെതിരേ രോഹിത് ഈ ക്ഷീണം തീര്‍ത്തു. 131 റണ്‍സുമായാണ് അദ്ദേഹം കസറിയത്. ചിരവൈരികളായ പാകിസ്താനുമായുള്ള മൂന്നാമത്തെ മല്‍രത്തിലും ഹിറ്റ്മാന്‍ മോശമാക്കിയില്ല. അതിവേഗം 86 റണ്‍സ് അടിച്ചെടുത്ത രോഹിത് ഇന്ത്യന്‍ വിജയം വേഗത്തിലാക്കുകയും ചെയ്തു. ബംഗ്ലാദേശുമായുള്ള അവസാന കളിയില്‍ 48 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു.
അതേസമയം, ഐസിസി ടൂര്‍ണമെന്റുകളില്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള മോശം റെക്കോര്‍ഡ് നാളത്തെ കളിയില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. 2003ലെ ഏകദിന ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ കിവികളെ തോല്‍പ്പിച്ച ശേഷം ഐസിസിയുടെ മറ്റൊരു ടൂര്‍ണമെന്റിലും അവര്‍ക്കെതിരേ ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല.