പാകിസ്താനുമായുള്ള ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മാരക പ്ലാനാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ സംസാര വിഷയമായിരിക്കുന്നത്. കളിയില്‍ ഇന്ത്യക്കു ആദ്യ ബ്രേക്ക്ത്രൂ നല്‍കാന്‍ രോഹിത് ഒരുക്കിയത് ഗംഭീര പ്ലാന്‍ തന്നെയായിരുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്തു കൊണ്ടിരുന്ന അബ്ദുള്ള ഷഫീഖിനെ എട്ടാം ഓവറിലായിരുന്നു ഇന്ത്യ പുറത്താക്കിയത്. 24 ബോളില്‍ മൂന്നു ഫോറുകളടക്കം 20 റണ്‍സെടുത്ത ഷഫീഖിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം ഓപ്പണിങ് ജോടികളായ ഷഫീഖും ഇമാമുള്‍ ഹഖും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമായിരുന്നു പാകിസ്താനു നല്‍കിയത്. ഏഴോവറില്‍ 37 റണ്‍സുമായി ഈ സഖ്യം മുന്നേറവെയായിരുന്നു തൊട്ടടുത്ത ഓവറില്‍ സിറാജിലൂടെ ഇന്ത്യക്കു ആദ്യ വിക്കറ്റ് ലഭിക്കുന്നത്. മൂന്നോവറില്‍ 22 റണ്‍സെന്ന നിലയിലുള്ളപ്പോഴായിരുന്നു സിറാജ് തന്റെ അടുത്ത ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്.

ആദ്യ ബോളില്‍ ഷഫീഖ് സിംഗിളെടുത്തു. അടുത്ത ബോളില്‍ ഇമാമും സിംഗിള്‍ നേടി. മൂന്നാമത്തേത് ഒരു ഷോര്‍ട്ട് ബോളായിരുന്നു. ഷഫീഖ് പുള്‍ ഷോട്ടിനായിരുന്നു ശ്രമിച്ചത്. പക്ഷെ അതു പ്രതീക്ഷിച്ച പൊലെ കണക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. സ്‌ക്വയര്‍ ലെഗിലേക്കാണ് ബോള്‍ പോയത്. എങ്കിലും സിംഗിള്‍ ലഭിച്ചു. അടുത്ത ബോളില്‍ റണ്ണില്ല. അഞ്ചാമത്തെ ബോളില്‍ ഇമാം സിംഗിളെടുത്തു.
ഓവറിലെ അവസാന ബോളിനു മുമ്പ് രോഹിത് സിറാജിനു അരികിലേക്കു വരുന്നു. തുടര്‍ന്നു ഫൈന്‍ ലെഗിലെ ഫീല്‍ഡറോടു കുറേക്കൂടി വൈഡായി നിലയുറപ്പിക്കാന്‍ രോഹിത്തും സിറാജും ആംഗ്യം കാണിക്കുന്നു. രോഹിത്തിന്റെ ഈ തന്ത്രമാണ് യഥാര്‍ഥത്തില്‍ ഷഫീഖിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.
ഫൈന്‍ ലെഗിലെ ഫീല്‍ഡറുടെ പൊസിഷനില്‍ ഇന്ത്യ മാറ്റം വരുത്തിയത് ഷഫീഖും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടു തന്നെ സിറാജ് വീണ്ടുമൊരു ഷോര്‍ട്ട് ബോള്‍ എറിയുമെന്നും അതിലുടെ പുള്‍ ഷോട്ട് കളിക്കാന്‍ തന്നെ പ്രേരിപ്പിക്കുകയും അതു വഴി പുറത്താക്കാനുമാണ് ഇന്ത്യയുടെ പ്ലാനെന്നു ഷഫീഖ് കണക്കുകൂട്ടുകയും ചെയ്തു.
പക്ഷെ ഷഫീഖിന്‍റെ ഈ കണക്കുകൂട്ടല്‍ അമ്പെ പാളി. താഴ്ന്നുവന്ന ഒരു ബാക്ക് ഓഫ് ലെങ്ത് ബോളായിരുന്നു സിറാജ് എറിഞ്ഞത്. ബാക്ക്ഫൂട്ടില്‍ അതു ഫ്‌ളിക്ക് ചെയ്യാനായിരുന്നു പാക് ഓപ്പണര്‍ ശ്രമിച്ചത്. പക്ഷെ ബോള്‍ കണക്ട് ചെയ്യാന്‍ ഷഫീഖിനു സാധിക്കാതെ പോവുകയും നേരെ പാഡുകളില്‍ പതിക്കുകയായിരുന്നു. പിന്നാലെ സിറജിന്റെയും ഇന്ത്യന്‍ താരങ്ങളുടെയും ശക്തമായ അപ്പീല്‍. അംപയര്‍ അതു ഔട്ടും വിധിക്കുകയായിരുന്നു.

ഞാന്‍ നിന്നോടു പറഞ്ഞില്ലേയെന്ന തരത്തില്‍ ആംഗ്യം കാണിച്ചായിരുന്നു രോഹിത് ആഹ്ലാദത്തോടെ സിറാജിനു അരികിലേക്കു അഭിനന്ദിക്കാന്‍ ഓടിയെത്തിയത്. എന്നാല്‍ രോഹിത്തും സിറാജും ചേര്‍ന്നു തന്നെ സമര്‍ഥമായി പറ്റിക്കുകയായിരുന്നുവെന്നു തിരിച്ചറിഞ്ഞ ഷഫീഖ് നിരാശയോടെ തലതാഴ്ത്തി ഗ്രൗണ്ട് വിടുകയായിരുന്നു.
അതേസമയം, മല്‍സരത്തില്‍ പാകിസ്താന്‍ ഭേദപ്പെട്ട സ്‌കോറിലേക്കു നീങ്ങുകയാണ്. 23 ഓവറുകള്‍ കഴിയുമ്പോള്‍ അവര്‍ രണ്ടു വിക്കറ്റിനു 120 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ബാബര്‍ ആസമിനോടൊപ്പം (33) മുഹമ്മദ് റിസ്വാനാണ് (30) ക്രീസിലുള്ളത്. ഷഫീഖിനെക്കൂടാതെ 36 റണ്‍സെടുത്ത ഇമാമുള്‍ ഹഖാണ് പാക് നിരയില്‍ പുറത്തായത്. 36 റണ്‍സെടുത്ത ഇമാമിനെ ഹാര്‍ദിക് പാണ്ഡ്യയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ പിടികൂടുകയായിരുന്നു.