ലഖ്‌നൗ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിജയക്കുതിപ്പിന് തടയിടാന്‍ ഇംഗ്ലണ്ടിനുമായില്ല. നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഇന്ത്യ 100 റണ്‍സിന് നാണംകെടുത്തിയിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 9 വിക്കറ്റിന് 229 റണ്‍സിലേക്കൊതുങ്ങിയെങ്കിലും ഇംഗ്ലണ്ടിനെ 34.5 ഓവറില്‍ 129 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്ക് സാധിച്ചു. ഇന്ത്യയുടെ ഗംഭീര ജയത്തിന് പിന്നില്‍ മുഹമ്മദ് ഷമിയുടേയും ജസ്പ്രീത് ബുംറയുടേയും കുല്‍ദീപ് യാദവിന്റേയുമെല്ലാം ബൗളിങ് പ്രകടനം നിര്‍ണ്ണായകമായി.
എന്നാല്‍ ഏറ്റവും നിര്‍ണ്ണായകമായത് നായകന്‍ രോഹിത് ശര്‍മയുടെ ബാറ്റിങ് പ്രകടനവും ക്യാപ്റ്റന്‍സിയിലെ തന്ത്രങ്ങളുമാണ്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 87 റണ്‍സുമായ തിളങ്ങിയ രോഹിത് ഇംഗ്ലണ്ടിനെ കുടുക്കിയത് മികച്ച തന്ത്രമൊരുക്കിയാണ്. ഇന്ത്യയുടെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ എല്ലാ പ്രശംസയും അര്‍ഹിക്കുന്നത് രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയാണ്.

2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ച് ജയങ്ങളുമായുള്ള കുതിപ്പിന് തടയിട്ടത് ഇംഗ്ലണ്ടായിരുന്നു. 2011ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ സമനിലയും പങ്കിട്ടു. എന്നാല്‍ ഇത്തവണ ആ കളി നടന്നില്ല. രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിക്ക് മുന്നില്‍ ഇംഗ്ലണ്ടിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റുകയായിരുന്നു.
ബൗളിങ് ചെയ്ഞ്ചിലും ഫീല്‍ഡിങ് വിന്യാസത്തിലും രോഹിത് ശര്‍മ കാട്ടിയ അച്ചടക്കമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായത്. രോഹിത്തിന്റെ ചില തന്ത്രപരമായ നീക്കങ്ങളാണ് എടുത്തു പറയേണ്ടത്. ഇതില്‍ മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവരെ മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ രോഹിത്തിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായത്. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജിനെത്തന്നെയാണ് രോഹിത് ന്യൂബോളില്‍ ഉപയോഗിച്ചത്.
എന്നാല്‍ പിച്ചിലെ പന്തിന്റെ നല്ല സ്വിങ് മനസിലാക്കിയ രോഹിത് മുഹമ്മദ് ഷമിയെ ആറാം ഓവറില്‍ പന്തേല്‍പ്പിച്ചു. ഈ ഓവറില്‍ തുടര്‍ച്ചയായി നാല് ഡോട്ട് ബോളുകളെറിഞ്ഞ് ഷമി ബെന്‍ സ്‌റ്റോക്‌സിനെ സമ്മര്‍ദ്ദത്തിലാക്കി. അടുത്ത ഓവര്‍ ബുംറ മെയ്ഡനാക്കിയപ്പോള്‍ ഏഴാം ഓവറിന്റെ അവസാന പന്തില്‍ ഷമി സ്റ്റോക്‌സിനെ ക്ലീന്‍ബൗള്‍ഡാക്കി. 10ാം ഓവറിന്റെ ആദ്യ പന്തില്‍ ഷമി ജോണി ബെയര്‍സ്‌റ്റോയേയും മടക്കി. ഈ രണ്ട് വിക്കറ്റുകളും മത്സരത്തില്‍ നിര്‍ണ്ണായകമായി മാറി.
ആദ്യ 10 ഓവറിനുള്ളില്‍ മൂന്ന് പേസര്‍മാരേയും ഉപയോഗിക്കാനുള്ള രോഹിത്തിന്റെ തീരുമാനമാണ് ഫലം കണ്ടത്. കുല്‍ദീപ് യാദവ് ജോസ് ബട്‌ലറെ ക്ലീന്‍ബൗള്‍ഡാക്കിയതും മത്സരത്തില്‍ വഴിത്തിരിവായി. രോഹിത്തിന്റെ ക്യാപ്റ്റന്‍സി ബ്രില്യന്‍സ് കണ്ടത് മുഹമ്മദ് ഷമിയെ തിരികെ വിളിച്ച് മോയിന്‍ അലിയെ പുറത്താക്കിയതിലൂടെയാണ്. സ്പിന്നര്‍മാരെ മാറി മാറി ഉപയോഗിക്കുന്നതിനിടെ 24ാം ഓവറില്‍ രോഹിത് ഷമിക്ക് വീണ്ടും പന്തുനല്‍കി.

ആദ്യ പന്തില്‍ത്തന്നെ ഷമി മോയിന്‍ അലിയെ പുറത്താക്കി ഇന്ത്യയെ വിജയത്തോടടുപ്പിച്ചു. ഇന്ത്യക്ക് വലിയ ഭീഷണിയായത് ലിയാം ലിവിങ്സ്റ്റണായിരുന്നു. ഇന്ത്യ റിവ്യൂ എടുക്കാത്തതിനാല്‍ ഒരു തവണ ലൈഫ് ലഭിച്ച ലിവിങ്സ്റ്റണെ കുടുക്കാന്‍ കുല്‍ദീപ് യാദവിനെയാണ് രോഹിത് നിയോഗിച്ചത്.
ഈ തീരുമാനം ഫലം കാണുകയും കുല്‍ദീപ് ലിവിങ്സ്റ്റണെ എല്‍ബിയില്‍ കുടുക്കുകയും ഇന്ത്യയുടെ വിജയം ഉറപ്പിക്കുകയും ചെയ്തു. രോഹിത്തിന്റെ മികച്ച ക്യാപ്റ്റന്‍സിയാണ് ടീമിന്റെ ജയത്തില്‍ നട്ടെല്ലായതെന്ന് നിസംശയം പറയാം.
പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്
ഇംഗ്ലണ്ട്-ജോണി ബെയര്‍സ്റ്റോ, ഡേവിഡ് മലാന്‍, ജോ റൂട്ട്, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ (c), ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്