അഹമ്മദാബാദ്: ഒന്നര ലക്ഷത്തോളം ആരാധകര്‍ തിങ്ങിനിറഞ്ഞ അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ വിശ്വകിരീടം പ്രതീക്ഷിച്ചെത്തിയവര്‍ക്ക് കണ്ണീരോടെ മടങ്ങേണ്ടി വന്നു. ഫൈനലില്‍ ഓസ്‌ട്രേലിയയോട് ആറ് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇന്ത്യ 240 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 42 പന്തും ആറ് വിക്കറ്റും ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. ട്രവിസ് ഹെഡിന്റെ (137) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.
മാര്‍നസ് ലബ്യുഷെയ്ന്‍ (58) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയും നേടി. എല്ലാം അനുകൂലമായിട്ടും ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ ഭാഗ്യമുണ്ടായില്ല. ഇന്ത്യക്ക് ഫൈനലില്‍ പിഴച്ചതെവിടെയാണ്?. തോല്‍വിക്ക് പല കാരണങ്ങളും പറയാം. എന്നാല്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മയുടെ മണ്ടത്തരങ്ങളും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മോശം പദ്ധതികളും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായിട്ടുണ്ട്. അത് എങ്ങനെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം പ്ലേയിങ് 11 തിരഞ്ഞെടുപ്പ് പാളി. ഒരു ബൗളറുടെ അഭാവം ഇന്ത്യന്‍ നിരയിലുണ്ടായിരുന്നു.
പിച്ച് ക്യൂറേറ്റര്‍ ആദ്യം ബാറ്റുചെയ്യുന്ന ടീം 300ലധികം സ്‌കോര്‍ നേടിയാല്‍ ജയിക്കുമെന്ന സൂചനയും വൈകുന്നേരം മഞ്ഞുവീഴ്ചയുണ്ടാവുമെന്നും പറഞ്ഞിരുന്നു. ഇതിനനുസരിച്ച് ഒരു അധിക ബൗളറെ ഇന്ത്യ ഉപയോഗിച്ചില്ല. സൂര്യകുമാര്‍ യാദവിന് പകരം ശാര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍ എന്നിവരിലൊരാളെ ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നു. എന്നാല്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും സൂര്യകുമാര്‍ യാദവിനെത്തന്നെ കളിപ്പിച്ചു.
പിച്ചിന്റെ സ്വഭാവത്തിനനുസരിച്ച് മാറ്റം വരുത്താന്‍ തയ്യാറായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി രോഹിത് 31 പന്തില്‍ 47 റണ്‍സ് നേടി. എന്നാല്‍ നിര്‍ണ്ണായക സമയത്ത് വിക്കറ്റ് വലിച്ചെറിഞ്ഞ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിവിട്ടത് രോഹിത്താണ്. നാല് റണ്‍സുമായി ശുബ്മാന്‍ ഗില്‍ മടങ്ങിയതിനാല്‍ത്തന്നെ വിരാട് കോലിക്കൊപ്പം 20 ഓവര്‍ വരെയെങ്കിലും ബാറ്റ് ചെയ്യാനും അടിത്തറ പാകാനും രോഹിത് ശ്രമിക്കണമായിരുന്നു.

എന്നാല്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെ തുടര്‍ച്ചയായി കടന്നാക്രമിച്ച രോഹിത് നിര്‍ണ്ണായക സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി. ഇതോടെ പിന്നാലെ എത്തിയ ശ്രേയസും സമ്മര്‍ദ്ദത്തിലായി. ഇതാണ് കൂട്ടത്തകര്‍ച്ചയിലേക്ക് ടീമിനെ എത്തിച്ചത്. നായകനെന്ന നിലയില്‍ രോഹിത്തിന് പറ്റിയ വലിയ പിഴവാണിത്. ബൗളിങ്ങിലേക്കെത്തിയപ്പോഴും ഇന്ത്യ വലിയൊരു പൊളിച്ചെഴുത്ത് പദ്ധതികളില്‍ വരുത്തി. സെമിയിലടക്കം ഇന്ത്യ ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജിനെയാണ് ന്യൂബോളില്‍ ഉപയോഗിച്ചത്.
എന്നാല്‍ ഫൈനലില്‍ ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് ഷമിയെയാണ് രോഹിത് ഉപയോഗിച്ചത്. ഡേവിഡ് വാര്‍ണറെ തുടക്കത്തിലേ ഷമി പുറത്താക്കിയിരുന്നു. എന്നാല്‍ സിറാജിനെത്തന്നെ ഇന്ത്യ ന്യൂബോളില്‍ ഉപയോഗിക്കണമായിരുന്നു. കാരണം ഓള്‍ഡ് ബോളില്‍ വളരെ മോശം റെക്കോഡുള്ള ബൗളറാണ് സിറാജ്. എന്നാല്‍ ഷമി ഏത് ബൗളിലും തിളങ്ങും. ഇത്തവണ മധ്യ ഓവറുകളിലാണ് ഷമി കൂടുതല്‍ വിക്കറ്റ് നേടിയതെന്നതാണ് എടുത്തു പറയേണ്ടത്.
എന്നാല്‍ സിറാജിനെ മധ്യ ഓവറുകളിലേക്ക് മാറ്റിയാല്‍ ഇതേ ഇഫ്ക്ട് സൃഷ്ടിക്കാനായേക്കില്ല. അതുകൊണ്ടുതന്നെ ബുംറക്കൊപ്പം സിറാജിനെത്തന്നെ എറിയിക്കണമായിരുന്നു. പിന്നീട് ഷമിയെ ആക്രമിക്കാന്‍ കൊണ്ടുവരുന്നതായിരുന്നു നല്ലത്. ഫൈനലില്‍ ഇന്ത്യ പെട്ടെന്ന് ബൗളിങ് തന്ത്രം മാറ്റിയത് തിരിച്ചടിയായെന്ന് പറയാം. ബാറ്റിങ്ങിലും ഇന്ത്യയുടെ പദ്ധതി ഫ്‌ളോപ്പായിരുന്നു. ന്യൂസീലന്‍ഡിനെതിരേ കളിച്ചതുപോലെ കോലിയുടെ വിക്കറ്റ് കാത്ത് മറ്റുള്ളവര്‍ ആക്രമിക്കുകയായിരുന്നു ടീമിന്റെ പദ്ധതി.
ഓപ്പണര്‍ ശുബ്മാന്‍ ഗില്‍ അല്‍പ്പം കൂടി ക്ഷമ കാട്ടണമായിരുന്നു. രോഹിത് ആക്രമിക്കുമ്പോള്‍ ഗില്‍ സ്‌ട്രൈക്ക് മാറി വിക്കറ്റ് നിലനിര്‍ത്താന്‍ ശ്രദ്ധിക്കണമായിരുന്നു. ശ്രേയസിന്റെ പുറത്താകല്‍ മികച്ചൊരു പന്തിലായിരുന്നു. വിരാട് കോലി, കെ എല്‍ രാഹുല്‍ കൂട്ടുകെട്ടില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് ഇതിലും വലിയ നാണക്കേട് നേരിടേണ്ടി വരുമായിരുന്നു. ഇന്ത്യ ഓസ്‌ട്രേലിയയുടെ ഫീല്‍ഡിങ്ങും കണ്ട് പഠിക്കണമായിരുന്നു. പവര്‍പ്ലേയില്‍ റണ്ണൊഴുക്ക് തടയാനും ഗംഭീര ഫീല്‍ഡിങ് പദ്ധതിയായിരുന്നു ഓസീസിനുണ്ടായിരുന്നത്.
എന്നാല്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ധത്തിലാക്കാന്‍ നായകനെന്ന നിലയില്‍ ഒരു ഘട്ടത്തിലും രോഹിത് ശര്‍മക്ക് സാധിച്ചില്ല. എല്ലാം ഇന്ത്യക്ക് അനുകൂലമായിരുന്നിട്ടും കപ്പടിക്കാന്‍ സാധിക്കാതെ പോയെന്നത് വലിയ നിരാശയാണ്. 2011ന് ശേഷം വീണ്ടുമൊരു ഏകദിന ലോകകപ്പ് എന്ന സ്വപ്‌നത്തിനായി ഇനിയും ഇന്ത്യ ഏറെ നാള്‍ കാത്തിരിക്കേണ്ടി വരുമെന്നുറപ്പ്.