മുംബൈ: ഏകദിന ലോകകപ്പില്‍ സെമി ഉറപ്പിച്ച് ഇന്ത്യ മുന്നോട്ട് പോവുകയാണ്. ആദ്യത്തെ അഞ്ച് മത്സരങ്ങളും ജയിച്ച ഏക ടീമായാണ് ഇന്ത്യ സെമിയിലേക്കടുക്കുന്നത്. ഇതിനോടകം 10 പോയിന്റുകളാണ് ഇന്ത്യക്ക് ലഭിച്ചത്. നാല് മത്സരങ്ങള്‍ ശേഷിക്കെ ഇന്ത്യക്ക് രണ്ട് മത്സരങ്ങള്‍ ജയിക്കാനായാല്‍ സെമിയില്‍ സീറ്റുറപ്പിക്കാനാവും. ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളും സെമി ലക്ഷ്യം വെച്ചാണ് മുന്നോട്ട് പോകുന്നത്.
ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഇത്തവണ സജീവ കിരീട പ്രതീക്ഷയോടെ കുതിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി വാങ്ങുന്നത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയുമാണ്. രണ്ട് പേരും മികച്ച ഫോമില്‍ കളിക്കുന്നതാണ് ഇന്ത്യയുടെ വിജയക്കുതിപ്പിന് പിന്നിലെ ഊര്‍ജമെന്ന് നിസംശയം പറയാം. റണ്‍വേട്ടയില്‍ ടോപ് ഫൈവില്‍ കോലിയും രോഹിത്തുമുണ്ട്. എന്നാല്‍ ഇന്ത്യയുടെ ഗംഭീര പ്രകടനത്തിന് പിന്നില്‍ വാഴ്ത്തപ്പെടാത്ത ഹീറോ പരിശീലകന്‍ രാഹുല്‍ ദ്രാവിഡാണ്.
രവി ശാസ്ത്രിക്ക് ശേഷം ഇന്ത്യയുടെ പരിശീലകസ്ഥാനം ദ്രാവിഡ് ഏറ്റെടുക്കുമ്പോള്‍ വലിയ വെല്ലുവിളികളായിരുന്നു ഉണ്ടായിരുന്നത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യയുടെ പല പ്രധാന പ്രകടനങ്ങളും മോശമായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിയും അവസാന ടി20 ലോകകപ്പിലെ തോല്‍വിയുമെല്ലാം ഇന്ത്യ നേരിട്ടപ്പോള്‍ ദ്രാവിഡിനെയാണ് ആരാധകര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. എന്നാല്‍ ഇന്ത്യ ഏഷ്യാ കപ്പ് കിരീടം നേടി.
ഇപ്പോള്‍ ഏകദിന ലോകകപ്പിലും കുതിപ്പ് നടത്തുമ്പോള്‍ അര്‍ഹിക്കുന്ന കൈയടി ദ്രാവിഡിലേക്കെത്തുന്നില്ലെന്നതാണ് വാസ്തവം. എങ്ങനെയാണ് ദ്രാവിഡിന്റെ തന്ത്രം ഇന്ത്യയുടെ വിജയക്കുതിപ്പിന് കരുത്താവുന്നത്. പരിശോധിക്കാം. ദ്രാവിഡ് പ്രധാനമായും ചെയ്തത് ഇന്ത്യന്‍ ടീമിലെ ബന്ധം മെച്ചപ്പെടുത്തിയെന്നതാണ്. രോഹിത് ശര്‍മ പക്ഷം, വിരാട് കോലി പക്ഷം എന്നിങ്ങനെ രണ്ട് പക്ഷം ഇന്ത്യന്‍ ടീമിലുണ്ടായിരുന്നുവെന്നതാണ് വസ്തുത.

ഇരു പക്ഷത്തേയും ഒന്നിച്ച് നിര്‍ത്താന്‍ ദ്രാവിഡിനായി. ഇതിന്റെ മാറ്റം ടീമിന്റെ അന്തരീക്ഷത്തിലുണ്ട്. കോലിയും രോഹിത്തും ഒന്നിച്ച് തീരുമാനങ്ങളെടുക്കുന്നതും ജയങ്ങളും വിക്കറ്റ് നേട്ടവും കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നതുമെല്ലാം ഇവര്‍ക്കിടയിലെ ബന്ധം മെച്ചപ്പെട്ടുവെന്നതിന്റെ തെളിവാണ്. ഇരുവരും ഒന്നിച്ച് നില്‍ക്കാന്‍ തുടങ്ങിയതോടെ ടീമിനുള്ളിലെ സാഹചര്യം മാറി. ഇത് ഇന്ത്യന്‍ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും സഹായിച്ചു.
രണ്ടാമത്തെ കാര്യം ദ്രാവിഡ് അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ പരിശീലകനായപ്പോള്‍ ചെയ്തിരുന്ന കാര്യം ഇപ്പോള്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലും നടപ്പിലാക്കിയിരിക്കുകയാണ്. അത് ലോകകപ്പ് കഴിയുന്നതുവരെ താരങ്ങളോട് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ്. അനാവശ്യ പ്രതികരണങ്ങളും വിവാദങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധ വേണമെന്ന നിര്‍ദേശവും ദ്രാവിഡ് നല്‍കിയിട്ടുണ്ട്. ലോകകപ്പ് കിരീടമെന്ന ഒറ്റ ചിന്തയിലേക്ക് പൂര്‍ണ്ണമായും ശ്രദ്ധ കൊണ്ടുവരാനുള്ള ശ്രമമാണ് ദ്രാവിഡ് നടത്തുന്നത്.
എല്ലാ താരങ്ങള്‍ക്കും കൃത്യമായ ഉത്തരവാദിത്തം നല്‍കാന്‍ ദ്രാവിഡ് തയ്യാറായിട്ടുണ്ട്. നായകനാണെങ്കിലും ആംഗര്‍ റോളിലേക്ക് രോഹിത്തിനെ ഒതുക്കിയില്ല. മറിച്ച് അതിവേഗം റണ്‍സുയര്‍ത്താനുള്ള ഉത്തരവാദിത്തം രോഹിത്തിന് നല്‍കി. അങ്ങനെ ഓരോ താരങ്ങള്‍ക്കും തങ്ങളുടെ കരുത്തിനനുസരിച്ചുള്ള ഉത്തരവാദിത്തം നല്‍കാന്‍ ദ്രാവിഡ് തയ്യാറായി. ഇത് ടീമിനുള്ളില്‍ വലിയ മാറ്റമാണ് കൊണ്ടുവന്നിട്ടുള്ളത്. താരങ്ങള്‍ കൂടുതല്‍ ആസ്വദിച്ച് കളിക്കുന്നു.
ഓരോ പോരായ്മകളും പരിഹരിക്കാന്‍ തന്ത്രപരമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കാന്‍ ദ്രാവിഡ് പ്രത്യേകം ശ്രദ്ധിക്കുന്നു. ഉദാഹരണമായി പറഞ്ഞാല്‍ ലോകകപ്പിന് മുമ്പുവരെ ഇന്ത്യയുടെ പ്രധാന പ്രശ്‌നം ഫീല്‍ഡിങ്ങായിരുന്നു. 2019ലെ ഏകദിന ലോകകപ്പ് മുതലുള്ള കണക്ക് പ്രകാരം ഇന്ത്യയാണ് ഏറ്റവും മോശം ഫീല്‍ഡിങ് നിലവാരമുള്ള ടീം.
എന്നാല്‍ ഇന്ത്യയുടെ ഫീല്‍ഡിങ് നിലവാരം മെച്ചപ്പെടുത്താന്‍ മെഡല്‍ സംവിധാനം കൊണ്ടുവരുന്നു. ഇതിന്റെ മാറ്റം ഇന്ത്യയുടെ ഫീല്‍ഡിങ്ങില്‍ കാണാനായി. ഇത്തരത്തില്‍ തന്ത്രപരമായി ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ദ്രാവിഡ് കാട്ടുന്ന മിടുക്ക് ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണ്ണായകമാവുന്നുണ്ടെന്ന് പറയാം.