ലോകകപ്പിലെ ജീവന്‍മരണ പോരാട്ടത്തില്‍ ആധികാരിക വിജയം നേടിയെടുത്തിരിക്കുകയാണ് മുന്‍ ജേതാക്കളായ പാകിസ്താന്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന കളിയില്‍ ബംഗ്ലാദേശിനെ എഴു വിക്കറ്റിനാണ് പാകിസ്താന്‍ കെട്ടുകെട്ടിച്ചത്. നാലു തുടര്‍ തോല്‍വികള്‍ക്കു ശേഷം പാകിസ്താന്റെ ആദ്യത്തെ വിജയം കൂടിയാണിത്.
പോയിന്റ് പട്ടികയിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഈ ജയത്തോടെ 1992ലെ ചാംപ്യന്‍മാര്‍ക്കു സാധിച്ചിരിക്കുകയാണ്. നേരത്തേ ഏഴാമതായിരുന്ന അവര്‍ ഒറ്റയടിക്കു രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചിലേക്കുയര്‍ന്നു. ഏഴു കളിയില്‍ നിന്നും -0.024 നെറ്റ് റണ്‍റേറ്റില്‍ ആറു പോയിന്റാണ് പാകിസ്താനുള്ളത്.

ഇനി രണ്ടു മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ പാകിസ്താനു സെമി ഫൈനല്‍ ബെര്‍ത്ത് നേടിയെടുക്കാന്‍ സാധിക്കുമോ? ഇതേക്കുറിച്ചു നമുക്കു പരിശോധിക്കാം. ബംഗ്ലാദേശിനെതിരേ സമാപിച്ച മല്‍സരങ്ങള്‍ പോലെ തന്നെ പാകിസ്താനു ഇനിയുള്ള രണ്ടു കളികളും ജീവന്‍ മരണ പോരാട്ടം തന്നെയാണ്. ശനിയാഴ്ച ന്യൂസിലാന്‍ഡുമായാണ് പാകിസ്താന്റെ അടുത്ത മല്‍സരം. 11ന് അവസാന കളിയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെയും പാക് പട നേരിടും.
ഈ രണ്ടു മല്‍സരങ്ങളിലും എന്തു വില കൊടുത്തും പാകിസ്താനു ജയിച്ചേ തീരൂ. വെറുമൊരു ജയം മതിയാവില്ല. മറിച്ച് നല്ലൊരു മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമേ നെഗറ്റീവില്‍ നില്‍ക്കുന്ന നെറ്റ് റണ്‍റേറ്റ് പോസിറ്റീവാക്കി മാറ്റാന്‍ അവര്‍ക്കു കഴിയൂ. പക്ഷെ ഇതു കൊണ്ടും കാര്യമില്ല. 10 പോയിന്റ് മാത്രമേ അപ്പോഴും പാകിസ്താന്റെ അക്കൗണ്ടിലുണ്ടാവുകയുള്ളൂ. അതുകൊണ്ടു തന്നെ മറ്റു മല്‍സരഫലങ്ങളും അനുകൂലമായാല്‍ മാത്രം പാകിസ്താന്‍ സെമി പ്രതീക്ഷക്കേണ്ടതുള്ളൂ.

സെമി പോരില്‍ പാകിസ്താനു ഭീഷണിയുയര്‍ത്തുന്ന ടീമുകളിലൊന്നാണ് അഫ്ഗാനിസ്താന്‍. ഇനിയുള്ള മൂന്നു മല്‍സരങ്ങളില്‍ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരിലൊരു ടീമിനോടു അഫ്ഗാന്‍ തോറ്റേ തീരൂ. നിലവില്‍ ആറു പോയിന്റാണ് അഫ്ഗാനുള്ളത്. നെറ്റ്‌റേറ്റില്‍ പാകിസ്താനേക്കള്‍ (-0.718) വളരെ പിറകിലാണ് അവര്‍. അതുകൊണ്ടു തന്നെ പാകിസ്താനൊപ്പം 10 പോയിന്റുമായി ഒപ്പമെത്തിയാലും അഫ്ഗാന് ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്യുക കടുപ്പമായിരിക്കും.
പാകിസ്താന്‍ സെമിയിലെത്താന്‍ സംഭവിക്കേണ്ട രണ്ടാമത്തെ കാര്യം ന്യൂസിലാന്‍ഡിന്റെ പതനമാണ്. തങ്ങളുമായുള്ള മല്‍സരമടക്കം ഇനിയുള്ള മൂന്നു മല്‍സരങ്ങളിലും കിവികള്‍ തോല്‍ക്കണം. പാകിസ്താനെക്കൂടാതെ ഉജ്ജ്വ ല ഫോമിലുള്ള സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവരുമായിട്ടാണ് ന്യൂസിലാന്‍ഡിന്റെ മറ്റു രണ്ടു കളികള്‍. എല്ലാത്തിലും കിവികള്‍ തോറ്റാല്‍ എട്ടു പോയിന്റ് മാത്രമേ അവരുടെ പക്കലുണ്ടാവൂ. പാകിസ്താനാവട്ടെ 10 പോയിന്റുമുണ്ടാവും.
സെമി കളിക്കാന്‍ പാകിസ്താനു വേണ്ടി മൂന്നാമത്തെ കാര്യം ഇന്ത്യയുടെ വിജയമാണ്. പോയിന്റ് പട്ടികയില്‍ പാകിസ്താനു ഭീഷണിയാവുന്ന രണ്ടു ടീമുകള്‍ ശ്രീലങ്കയും നെതര്‍ലാന്‍ഡ്‌സുമാണ്. ഈ രണ്ടു ടീമുകളെയും ഇനിയുള്ള മല്‍സരങ്ങളില്‍ ഇന്ത്യ കെട്ടുകെട്ടിക്കണം. അങ്ങനെ സംഭവിച്ചാല്‍ ലങ്കയെയും ഡച്ചിനെയും പാകിസ്താന് ഭയക്കേണ്ടതില്ല. ഈ കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പാകിസ്താനു സെമിയിലേക്കു യോഗ്യതയും നേടാം.