ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ ന്യൂസിലാന്‍ഡിന്റെ തകര്‍പ്പന്‍ ജയത്തോടെ രണ്ടു ടീമുകളുടെ ചീട്ടാണ് കീറിയത്. ഒന്ന് മുന്‍ ചാംപ്യന്മാരായ പാകിസ്താനാണെങ്കില്‍ മറ്റൊരു ടീം ഇത്തവണ ചില അട്ടിമറി വിജയങ്ങള്‍ കുറിച്ച അഫ്ഗാനിസ്താനുമാണ്. ലങ്കയോടു ന്യൂസിലാന്‍ഡ് പരാജയപ്പെട്ടാല്‍ മാത്രമേ ഇരു ടീമുകള്‍ക്കും സെമി ഫൈനല്‍ പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നുള്ളൂ. പക്ഷെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കിവികള്‍ക്കു മുന്നില്‍ ലങ്ക ദയനീയമായി കീഴടങ്ങുകയായിരുന്നു. ഇനി പാകിസ്താന്‍, അഫ്ഗാന്‍ ടീമുകള്‍ക്കു സെമി പ്രതീക്ഷയുണ്ടോ? നമുക്കു പരിശോധിക്കാം.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ അഞ്ചു വിക്കറ്റിനാണ് ലങ്കയെ കെയ്ന്‍ വില്ല്യംസണും സംഘവും കശാപ്പ് ചെയ്തത്. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 171 റണ്‍സിനു എറിഞ്ഞിട്ട കിവീസ് വെറും 23.2 ഓവറില്‍ അഞ്ചു വിക്കറ്റിനു വിജയത്തിലേക്കു കുതിച്ചെത്തുകയായിരുന്നു. അതിവേഗ വിജയത്തോടെ നെറ്റ് റണ്‍റേറ്റും ന്യൂസിലാന്‍ഡ് മെച്ചപ്പെടുത്തിയിരിക്കുകയാണ്.

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും നാലു തോല്‍വിയുമടക്കം 10 പോയിന്റാണ് നാലാംസ്ഥാനത്തുള്ള ന്യൂസിലാന്‍ഡിന്റെ പക്കലുള്ളത്. +0.743 ആണ് അവരുടെ നെറ്റ് റണ്‍റേറ്റ്. കിവികള്‍ക്കു തൊട്ടുതാഴെയായി പാകിസ്താനും അഫ്ഗനിസ്താനുമാണുള്ളത്. എട്ടു കളിയില്‍ നിന്നു നാലു വീതം ജയവും തോല്‍വിയുമടക്കം എട്ടു പോയിന്റ് വീതമാണ് ഇരുടീമിനുമുള്ളത്. നെറ്റ് റണ്‍റേറ്റില്‍ പാകിസ്താന്‍ അല്‍പ്പം ഭേദമാണെന്നു പറയാം.
+0.036 ആണ് പാകിസ്താന്റെ നെറ്റ് റണ്‍ റേറ്റെങ്കില്‍ അഫ്ഗാനിസ്താനു -0.338 മാത്രമേ നെറ്റ് റണ്‍ റേറ്റുള്ളൂ. അവസാന റൗണ്ട് മല്‍സരങ്ങളില്‍ ജയിച്ചതു കൊണ്ടു മാത്രം ഇനി പാകിസ്താനും അഫ്ഗാനും കാര്യമില്ല. നെറ്റ് റണ്‍റേറ്റില്‍ കിവികളെ പിന്തള്ളിയാല്‍ മാത്രമേ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സെമി ഫൈനലിലെത്താന്‍ സാധിക്കുകയുള്ളൂ. നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടാണ് പാകിസ്താന്റെ അടുത്ത എതിരാളികളെങ്കില്‍ അഫ്ഗാന്‍ പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരായ സൗത്താഫ്രിക്കയെയും നേരിടും.
നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലാന്‍ഡിനെ മറികടന്നു സെമിയിലേക്കു യോഗ്യത നേടാന്‍ രണ്ടു വഴികളാണ് പാകിസ്താന് മുന്നിലുള്ളത്. ഇതിലൊന്ന് 287 റണ്‍സെന്ന വന്‍ മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയെന്നാണ്. ഇനി രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ വെറും 2.4 ഓവറില്‍ (284 ബോള്‍ ബാക്കിനില്‍ക്കെ) ചേസ് ചെയ്ത് ജയിക്കാനായാല്‍ പാകിസ്താന് സെമി കളിക്കാം.

ഇതില്‍ രണ്ടാമത്തെ ഓപ്ഷന്‍ അസാധ്യമാണെന്നു ഉറപ്പിച്ച് പറയാം. അടുത്ത മല്‍സരത്തില്‍ ടോസിനു ശേഷം ഇംഗ്ലണ്ടാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കില്‍ അപ്പോള്‍ തന്നെ പാകിസ്താന്‍ പുറത്താവുകയും ചെയ്യും. അതുകൊണ്ടു തന്നെ ആദ്യം ബാറ്റ് ചെയ്ത ശേഷം 400നു മുകളിലെങ്കിലും റണ്‍സ് അടിച്ചെടുത്താല്‍ മാത്രമേ പാകിസ്താന് ഇനി പ്രതീക്ഷയ്ക്കു വകയുള്ളൂ.
400 റണ്‍സാണ് പാക് ടീം ആദ്യം ബാറ്റ് ചെയ്ത ശേഷം നേടുന്നതെങ്കില്‍ വെറും 113 റണ്‍സിനു ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കിയേ തീരൂ. എങ്കില്‍ 287 റണ്‍സ് മാര്‍ജിനില്‍ ജയിച്ച് അവര്‍ക്കു സെമിയില്‍ കടക്കാം. പാകിസ്താന്‍ 300 റണ്‍സാണ് നേടുന്നതെങ്കില്‍ വെറും 13 റണ്‍സിനു ഇംഗ്ലണ്ടിനെ എറിഞ്ഞിടുകയും വേണം. ഈ കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പാകിസ്താന്‍ സെമി കളിക്കില്ലെന്നു 99 ശതമാനവും ഉറപ്പിക്കാം.
ഇനി അഫ്ഗാനു സെമിയില്‍ കടക്കണമെങ്കില്‍ സൗത്താഫ്രിക്കയെ 400 റണ്‍സിനു മുകളില്‍ മാര്‍ജിനിലെങ്കിലും പരാജയപ്പെടുത്തിയേ തീരൂ. അതുകൊണ്ടു തന്നെ പാകിസ്താനും അഫ്ഗാനും ഇനി നാട്ടിലേക്കു മടങ്ങാം. 15നു മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന ആദ്യ സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് കൊമ്പുകോര്‍ക്കുക. രണ്ടാം സെമിയില്‍ സൗത്താഫ്രിക്ക ഓസ്‌ട്രേലിയയെയും നേരിടും.