For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ചിറകറ്റ് വീണ് കിവീസ്, പാകിസ്താന്‍ സെമിയിലേക്ക്? ഇന്ത്യയെ കാത്ത് എട്ടിന്റെ പണി

പൂനെ: ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് മുട്ടുകുത്തിയിരിക്കുകയാണ് ന്യൂസീലന്‍ഡ്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 357 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 33.5 ഓവറില്‍ 167 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. 190 റണ്‍സിന്റെ വമ്പന്‍ ജയത്തോടെ ദക്ഷിണാഫ്രിക്ക പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്തിയപ്പോള്‍ ന്യൂസീലന്‍ഡ് മൂന്നാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്കിറങ്ങുകയായിരുന്നു.

ന്യൂസീലന്‍ഡ് അവസാനം കളിച്ച മൂന്ന് മത്സരവും തോറ്റതോടെ പാകിസ്താനാണ് അത് കൂടുതല്‍ സഹായകരമായത്. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച പാകിസ്താന്‍ ഏഴ് മത്സരത്തില്‍ നിന്ന് ആറ് പോയിന്റോടെ നിലവില്‍ അഞ്ചാം സ്ഥാനത്തുണ്ട്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ന്യൂസീലന്‍ഡ് തോല്‍വി ആവര്‍ത്തിക്കുകയും പാകിസ്താന്‍ ജയം തുടരുകയും ചെയ്താല്‍ പാക് ടീം സെമിയിലെത്താന്‍ സാധ്യത കൂടുതലാണ്. രണ്ട് ടീമിന്റേയും നേര്‍ക്കുനേര്‍ പോരാട്ടം വരാനിരിക്കുന്നതേയുള്ളൂ.

ന്യൂസീലന്‍ഡ്-പാകിസ്താന്‍ മത്സരം ബംഗളൂരുവിലാണ് നടക്കുന്നത്. ബാറ്റിങ് വെടിക്കെട്ട് കണ്ട പോരാട്ടത്തില്‍ പാകിസ്താന്റെ അവസാന മത്സരം ഇംഗ്ലണ്ടിനെതിരേയാണ്. നിലവിലെ ഫോമില്‍ ഇംഗ്ലണ്ട് വലിയ വെല്ലുവിളിയായേക്കില്ല. പാകിസ്താന് ന്യൂസീലന്‍ഡിനേയും ഇംഗ്ലണ്ടിനേയും തോല്‍പ്പിക്കാനായാല്‍ ടീം സെമിയിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. അങ്ങനെ വന്നാല്‍ വീണ്ടുമൊരു ഇന്ത്യ - പാക് സെമി പോരാട്ടത്തിനും സാധ്യതകളുണ്ട്.

ന്യൂസീലന്‍ഡിന് പാകിസ്താനെക്കൂടാതെ ശ്രീലങ്കയാണ് എതിരാളികള്‍. ബാറ്റിങ് നിരയ്ക്ക് ഫോമിലേക്കെത്താനാവാത്തതാണ് ന്യൂസീലന്‍ഡിന്റെ പ്രശ്‌നം. ഹാട്രിക് തോല്‍വി വഴങ്ങിയ ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് 0.484 ആണ്. നെറ്റ് റണ്‍റേറ്റില്‍ വലിയ ഇടിവാണ് കിവീസിന് നേരിടേണ്ടി വന്നത്. അതുകൊണ്ടുതന്നെ ഒരു ജയം നേടിയാലും കിവീസിന് സെമിയില്‍ സീറ്റുറപ്പിക്കാനാവില്ല. അടുത്ത രണ്ട് മത്സരവും ജയിക്കാനാവാത്ത പക്ഷം ന്യൂസീലന്‍ഡിന് സെമി സാധ്യത കടുപ്പമാണ്.

pakistan, cricket

പാകിസ്താനും നെറ്റ് റണ്‍റേറ്റ് പ്രശ്‌നമാണ്. -0.024 ആണ് പാക് ടീമിന്റെ നെറ്റ് റണ്‍റേറ്റ്. ശേഷിക്കുന്ന മത്സരങ്ങളില്‍ രണ്ട് വമ്പന്‍ ജയത്തോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും സെമിയുറപ്പിക്കാനും പാകിസ്താന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്നാല്‍ ന്യൂസീലന്‍ഡിനേയും പാകിസ്താനേയും ഞെട്ടിപ്പിക്കാന്‍ അഫ്ഗാനിസ്ഥാനുണ്ട്. മൂന്ന് മത്സരങ്ങള്‍ അഫ്ഗാനിസ്ഥാന് ശേഷിക്കുന്നുണ്ട്. നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ ശേഷിക്കുന്ന എതിരാളികള്‍.

അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാന് സെമിയിലേക്കെത്തുക വളരെ പ്രയാസമായിരിക്കുമെന്നുറപ്പ്. എന്തായാലും സെമി സാധ്യതകള്‍ മാറി മറിഞ്ഞിരിക്കുകയാണെന്ന് പറയാം. ന്യൂസീലന്‍ഡിന്റെ തോല്‍വിയോടെ ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടമായിരിക്കുകയാണ്. ഏഴ് മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള ദക്ഷിണാഫ്രിക്ക 2.290 എന്ന മികച്ച നെറ്റ് റണ്‍റേറ്റോടെയാണ് തലപ്പത്ത് നില്‍ക്കുന്നത്.

ആറ് മത്സരത്തില്‍ നിന്ന് 12 പോയിന്റോടെയാണ് ഇന്ത്യ രണ്ടാമതുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരവും ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത് തിരിച്ചെത്താന്‍ ഇന്ത്യക്കാവും. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും ഓരോ ജയങ്ങള്‍ നേടിയാല്‍ സെമി സീറ്റുറപ്പിക്കാനാവും. എന്നാല്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തേക്കെത്തിയാല്‍ ഇന്ത്യക്കത് എട്ടിന്റെ പണിയാവും. ഒന്നാം സ്ഥാനക്കാരായാല്‍ നാലാം സ്ഥാനക്കാരെയാണ് സെമിയില്‍ നേരിടേണ്ടത്.

അങ്ങനെ വരുമ്പോള്‍ ഇന്ത്യക്ക് പാകിസ്താനെയോ ന്യൂസീലന്‍ഡിനെയോ എതിരാളികളായി ലഭിച്ചേക്കും. രണ്ട് ടീമിനെ കിട്ടിയാലും ഇന്ത്യക്ക് സന്തോഷമാണ്. ന്യൂസീലന്‍ഡിനോട് 2019ലെ പക വീട്ടാന്‍ ഇന്ത്യ കാത്തിരിക്കുകയാണ്. പാകിസ്താന്‍ എക്കാലത്തും ഇന്ത്യയുടെ ചിരവൈരികളാണ് ഈ സാഹചര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്. രണ്ടാം സ്ഥാനത്തെത്തിയാല്‍ മൂന്നാം സ്ഥാനക്കാരെയാണ് നേരിടേണ്ടി വരിക.

അങ്ങനെ വരുമ്പോള്‍ ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനലിനാണ് സാധ്യത. ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിട്ടുണ്ടെങ്കിലും സെമിയില്‍ കീഴടക്കുക പ്രയാസമായിരിക്കും. ദക്ഷിണാഫ്രിക്കയുടെ കുതിപ്പ് ഇന്ത്യയുടെ ഒന്നാം സ്ഥാനമെന്ന മോഹത്തിന് കടുത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്ന് പറയാം.

Story first published: Thursday, November 2, 2023, 6:56 [IST]
Other articles published on Nov 2, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+