അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ കലാശക്കൊട്ടിന് ഇന്ന് അഹമ്മദാബാദ് വേദിയാകാന്‍ പോവുകയാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലിലേക്കെത്തിയത്. കലാശപ്പോരാട്ടത്തില്‍ തട്ടകത്തിന്റെ മുന്‍തൂക്കം ഇന്ത്യക്കൊപ്പമുണ്ട്. ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിക്കുകയും ചെയ്തു.
ആരാവും ഇത്തവണത്തെ കിരീട ജേതാവെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണത്തെ ലോകകപ്പ് ജേതാവിനെ കാത്തിരിക്കുന്ന സമ്മാനത്തുക എത്രയായിരിക്കും?. റണ്ണറപ്പിന് ലഭിക്കുന്നതോ?. എല്ലാ വിവരങ്ങളും ഇതാ. 83 കോടിയാണ് സമ്മാനത്തുകയായി ആകെ നല്‍കപ്പെടുക. ജയിക്കുന്ന ടീമിന് 33 കോടി രൂപയാണ് ആകെ സമ്മാനത്തുകയായി ലഭിക്കുക. റണ്ണറപ്പുകളാവുന്ന ടീമിന് 16 കോടിയാണ് സമ്മാനമായി ലഭിക്കുക. സെമിയില്‍ തോറ്റ് പുറത്തായ ടീമുകള്‍ ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയുമാണ്.
രണ്ട് ടീമുകള്‍ക്കും ആറ് കോടി രൂപ വീതമാണ് സമ്മാനമായി ലഭിക്കുക. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ക്ക് 84 ലക്ഷം വീതവും ലഭിക്കും. ലീഗ് ഘട്ടത്തില്‍ ഓരോ മത്സരവും ജയിക്കുന്ന ടീമുകള്‍ക്ക് 33 ലക്ഷം വീതവും പ്രതിഫലമായി നല്‍കിയിരുന്നു. ഇത്തവണത്തെ ഏകദിന ലോകകപ്പ് സാമ്പത്തികമായി ബിസിസിഐക്ക് വലിയ ലാഭമാണ്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ കപ്പടിക്കണമെന്നാണ് കൂടുതല്‍ ആരാധകരും ആഗ്രഹിക്കുന്നത്.
അവസാന രണ്ട് ലോകകപ്പിലും കിരീടം നേടിയത് ആതിഥേയ ടീമായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യ കപ്പിലേക്കെത്തുമാണ് ആരാധക പ്രതീക്ഷ. ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. ബാറ്റിങ് നിരയില്‍ വിരാട് കോലി 711 റണ്‍സോടെ ഇന്ത്യയുടെ വിജയങ്ങളുടെ നട്ടെല്ലാവുന്നു. രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കം നല്‍കുമ്പോള്‍ ശുബ്മാന്‍ ഗില്‍ വലിയ പിന്തുണയും നല്‍കുന്നു. മധ്യനിരയില്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും ശോഭിക്കുന്നു.

പേസ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യക്ക് ശക്തിയാവുന്നത്. സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും മികച്ച ഫോമിലാണ്. അഹമ്മദാബാദിലെ പിച്ച് സ്പിന്നിന് അനുകൂലമായതാവുമെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ കലാശപ്പോരാട്ടത്തില്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. ആര്‍ അശ്വിന്‍ പ്ലേയിങ് 11ലേക്കെത്തുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ഇത്തവണയും ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്. ഫൈനലില്‍ മാനസികമായി ഓസ്‌ട്രേലിയക്ക് മുന്‍തൂക്കമുണ്ടാവും. കിരീട ഫേവറേറ്റുകളെന്ന വലിയ സമ്മര്‍ദ്ദത്തോടെയാവും ഇന്ത്യ ഇറങ്ങുക. ഇത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോയെന്നതാണ് അറിയേണ്ടത്. ഓസ്‌ട്രേലിയക്ക് ഫൈനലില്‍ പ്രത്യേക മികവുണ്ട്. ലീഗ് ഘട്ടത്തില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ ഇത് ഇന്ത്യക്ക് എളുപ്പമാവില്ല.
ലീഗ് ഘട്ടത്തില്‍ ഓസീസിന്റെ പേസാക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ പതറിയിരുന്നു. മൂന്ന് വിക്കറ്റുകളാണ് തുടരെ ഇന്ത്യക്ക് നഷ്ടമായത്. എന്നാല്‍ വിരാട് കോലിയുടേയും കെ എല്‍ രാഹുലിന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു. എന്നാല്‍ ഫൈനലില്‍ ഇത്തരമൊരു തകര്‍ച്ച നേരിട്ടാല്‍ ഇന്ത്യക്ക് ജയം എളുപ്പമാവില്ല. ഓസീസിന്റെ കരുത്തുറ്റ ബൗളിങ് നിരയെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം.
2011ല്‍ എംഎസ് ധോണിക്ക് കീഴിലാണ് ഇന്ത്യ അവസാന ഏകദിന ലോകകപ്പ് നേടിയത്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം സ്വന്തം തട്ടകത്തിലേക്ക് വീണ്ടും വിശ്വകിരീട പോരാട്ടം എത്തിയപ്പോള്‍ കപ്പില്‍ മുത്തമിടാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 2011ല്‍ ധോണിയുടേയും ഗൗതം ഗംഭീറിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. ഇത്തവണ ഈ റോളില്‍ ആരാവും ഉണ്ടാവുകയെന്നതാണ് കണ്ടറിയേണ്ടത്.