മുംബൈ: ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യ. കരുത്തരായ കംഗാരുക്കളെ 199 റണ്‍സിന് കൂടാരം കയറ്റിയ ഇന്ത്യ 52 പന്ത് ബാക്കിനിര്‍ത്തിയാണ് വിജയം പിടിച്ചെടുത്തത്. ആദ്യ മത്സരത്തിലെ ജയത്തോടെ ഇന്ത്യ വലിയ ആത്മവിശ്വാസത്തിലാണുള്ളത്. ഇനി അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം 14നാണ് നടക്കുന്നത്.
ഓസീസിനെ വീഴ്ത്തി തുടങ്ങിയ ഇന്ത്യക്ക് ഇത്തവണ സെമിയിലെത്താന്‍ ഇനി എത്ര ജയം കൂടി വേണ്ടിവരും? പരിശോധിക്കാം. കൃത്യമായി എത്ര ജയം വേണ്ടിവരുമെന്ന് പറയാനാവില്ല. കാരണം നെറ്റ് റണ്‍റേറ്റ് ഇതില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ കടന്നിരുന്നു. 7 ജയത്തോടെ 15 പോയിന്റുമായായിരുന്നു ഇന്ത്യയുടെ സെമി പ്രവേശനം. ഇംഗ്ലണ്ട് ഏഴ് ജയവും ഓസീസ് ആറ് ജയവും നേടിയാണ് സെമിയില്‍ പ്രവേശിച്ചത്.
അവസാന ലോകകപ്പില്‍ പാകിസ്താനും 11 പോയിന്റ് നേടിയെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് സെമി കാണാതെ പുറത്തായത്. ഇത്തവണയും എല്ലാ ടീമിനൊപ്പവും കരുത്തുറ്റ താരനിരയായതിനാല്‍ പോരാട്ടം കടുപ്പമായിരിക്കുമെന്ന് പറയാം. ഇന്ത്യ ഉള്‍പ്പെടെ ഏത് ടീമായാലും എട്ട് ജയം ടിയാല്‍ ഭയമില്ലാതെ സെമിയില്‍ സീറ്റുറപ്പിക്കാന്‍ സാധിക്കും. ഏഴ് ജയം നേടിയാല്‍ ഏറെക്കുറെ സെമിയിലേക്കെത്താനാവും. അതുകൊണ്ടുതന്നെ ഇന്ത്യ ഏഴ് ജയത്തിന് മുകളിലേക്കാണ് ലക്ഷ്യമിടുന്നത്.
ചെറിയ ടീമുകള്‍ക്കെതിരേ വലിയ ജയം നേടി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ക്കെതിരേ ജയമുറപ്പിക്കുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യം. ഓസീസിനെ ആദ്യ മത്സരത്തില്‍ തോല്‍പ്പിച്ച ഇന്ത്യക്ക് ഈ നാല് മത്സരത്തിലും ജയിക്കാനായാല്‍ അഞ്ച് ജയങ്ങള്‍ അക്കൗണ്ടിലാക്കാം. പിന്നീട് പാകിസ്താന്‍, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവരാണ് കരുത്തരായ എതിരാളികള്‍.

ഇവരില്‍ രണ്ട് ടീമിനോട് തോറ്റാലും രണ്ട് ടീമുകള്‍ക്കെതിരേ ജയിക്കാനായാല്‍ ഇന്ത്യക്ക് ഏഴ് ജയത്തിലേക്കെത്താം. ഇതോടെ ഏറെക്കുറെ ഇന്ത്യക്ക് സെമി ബര്‍ത്തുറപ്പിക്കാനുമാവും. കുഞ്ഞന്മാര്‍ക്കെതിരേ വമ്പന്‍ ജയം നേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പാകിസ്താനോട് ഇതുവരെ ഏകദിന ലോകകപ്പില്‍ ഇന്ത്യ തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ പാകിസ്താനെതിരേ ജയം നേടുമെന്ന് പ്രതീക്ഷിക്കാം. ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടീമുകള്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നവരാണ്.
ദക്ഷിണാഫ്രിക്കയെയാണ് ഇന്ത്യ ലക്ഷ്യമിടേണ്ടത്. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരത്തിലെ ബാറ്റിങ് പ്രകടനം കാണുമ്പോള്‍ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും. ന്യൂസീലന്‍ഡ് ആദ്യ രണ്ട് മത്സരവും ജയിച്ച് വലിയ ആത്മവിശ്വാസത്തിലാണ്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച കിവീസ് ഇന്ത്യക്കും വലിയ ഭീഷണി ഉയര്‍ത്തിയേക്കും. ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയെന്നതാവും അല്‍പ്പം കൂടി ഇന്ത്യക്ക് എളുപ്പം. നിലവിലെ ഇംഗ്ലണ്ടിന്റെ പ്രകടനം ശരാശരി മാത്രമാണ്.
അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെ ഏത് വിധേനെയും വീഴ്ത്താനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ക്രിക്കറ്റില്‍ മുന്‍വിധികള്‍ക്കും പ്രവചനങ്ങള്‍ക്കും പ്രസക്തിയില്ല. തങ്ങളുടേതായ ദിവസം ഏത് വമ്പന്മാരെയും ഏത് കുഞ്ഞന്മാരും വീഴ്ത്തും. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ശ്രീലങ്കയും പാകിസ്താനും ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ടീമിനെയത് പ്രതികൂലമായി ബാധിച്ചേക്കും. ശുബ്മാന്‍ ഗില്ലിന് പനി ബാധിച്ചതിനാല്‍ അടുത്ത രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമായേക്കും.
ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഓസീസിനെതിരേ 2 റണ്‍സിന് 3 വിക്കറ്റ് നഷ്ടമായ ശേഷമാണ് ഇന്ത്യയുടെ തിരിച്ചുവരവ്. ഇത്തരമൊരു തകര്‍ച്ച ആവര്‍ത്തിക്കാതെ സര്‍വാധിപത്യ വിജയത്തിലേക്ക് ഇന്ത്യക്കെത്തേണ്ടതായുണ്ട്. എന്തായാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന കാര്യം ഉറപ്പാണ്.