മുംബൈ: ഏകദിന ലോകകപ്പിലെ പോരാട്ടം സെമിയോടടുക്കുകയാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരാണ് സെമി സാധ്യത നിലനിര്‍ത്തി മുന്നോട്ട് പോകുന്നത്. ആറ് മത്സരങ്ങളും ജയിച്ച ഇന്ത്യ നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. 10 പോയിന്റോടെ ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും എട്ട് പോയിന്റുകള്‍ വീതം നേടി മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
ഇന്ത്യക്ക് മൂന്ന് മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍. മൂന്ന് മത്സരം ബാക്കിനില്‍ക്കെ ഇന്ത്യക്ക് സെമിയുറപ്പിക്കാന്‍ ഇനി എത്ര ജയം വേണ്ടിവരും. നിലവിലെ പോയിന്റ് പട്ടിക പ്രകാരം ഒരു മത്സരത്തില്‍ക്കൂടി ജയിച്ചാല്‍ ഇന്ത്യക്ക് 14 പോയിന്റുമായി സെമി സീറ്റുറപ്പിക്കാനാവും. ഓസ്‌ട്രേലിയ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് എന്നിവരെയെല്ലാം തോല്‍പ്പിച്ച ഇന്ത്യക്ക് ശ്രീലങ്കയും നെതര്‍ലന്‍ഡ്‌സും വലിയ വെല്ലുവിളിയായേക്കില്ല.
ശ്രീലങ്ക അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോറ്റിരുന്നു. നിലവിലെ ഫോമില്‍ ശ്രീലങ്ക ഇന്ത്യക്ക് വലിയ ഭീഷണിയല്ല. കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സിനേയും ഇന്ത്യ പറപ്പിക്കാനാണ് സാധ്യത. ദക്ഷിണാഫ്രിക്കയാണ് നിലവില്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നത്. നെതര്‍ലന്‍ഡ്‌സിനോട് അട്ടിമറി നേരിട്ടെങ്കിലും ജയിച്ച മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് എളുപ്പത്തില്‍ കീഴടക്കാനാവില്ല.
നിലവില്‍ 1.405 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. അതുകൊണ്ടുതന്നെ ഒരു ജയംകൊണ്ട് ഇന്ത്യക്ക് സെമിയിലെത്താം. മൂന്ന് മത്സരം ബാക്കിയുള്ള ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് മത്സരത്തിലും ജയിക്കാനായാല്‍ 16 പോയിന്റിലേക്കെത്താനാവും. ന്യൂസീലന്‍ഡിന് മൂന്ന് മത്സരത്തിലും ജയിക്കാനായാല്‍ 14 പോയിന്റാണ് പരമാവധി ലഭിക്കുക. ഓസ്‌ട്രേലിയക്കും മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പരമാവധി 14 പോയിന്റിലേക്കെത്താനാവും. അതുകൊണ്ടുതന്നെ 14 പോയിന്റ് നേടിയാല്‍ ഇന്ത്യക്ക് സെമിയുറപ്പിക്കാം.

അഫ്ഗാന് മൂന്ന് മത്സരം ബാക്കിയുള്ളപ്പോള്‍ പരമാവധി 12 പോയിന്റാണ് നേടാനാവുക. ശ്രീലങ്കയ്ക്കും പാകിസ്താനും നെതര്‍ലന്‍ഡ്‌സിനും പരമാവധി 10 പോയിന്റും ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും എട്ട് പോയിന്റുമാണ് നേടാനാവുക. ഇന്ത്യ 14 പോയിന്റിലേക്കെത്തിയാല്‍ ഇവര്‍ക്കൊന്നും ആതിഥേയരെ മറികടക്കാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് നാലാം സ്ഥാനക്കാരായെങ്കിലും സെമിയിലേക്കെത്താന്‍ സാധിക്കുമെന്നുറപ്പ്. എന്നാല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തെത്താന്‍ ഇന്ത്യക്ക് 14 പോയിന്റ് മതിയാകില്ല.
ശേഷിക്കുന്ന മൂന്ന് മത്സരത്തിലും ജയിച്ചാല്‍ അനായാസം ഇന്ത്യക്ക് പോയിന്റ് പട്ടികയിലെത്താം. രണ്ട് ജയവും ഒരു തോല്‍വിയുമാണ് നേരിടുന്നതെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ മത്സരഫലം ഇന്ത്യയെ സ്വാധീനിക്കും. നെറ്റ് റണ്‍റേറ്റില്‍ 2ന് മുകളിലുള്ള ഏക ടീം ദക്ഷിണാഫ്രിക്കയാണ്. അതുകൊണ്ടുതന്നെ നിലവില്‍ ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന ഏക ടീം ദക്ഷിണാഫ്രിക്കയാണ്.
പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്. രണ്ടാം സെമിയില്‍ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരുമായിരിക്കും. ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കാനാണ് സാധ്യത കൂടുതല്‍. അങ്ങനെ വരുമ്പോള്‍ ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരിലൊരു ടീമായിരിക്കും ഇന്ത്യക്ക് എതിരാളികളായെത്തുക. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ന്യൂസീലന്‍ഡായിരുന്നു.
ഇത്തവണയും കിവീസിന്റെ ഭീഷണി ഇന്ത്യക്ക് മുകളിലുണ്ടാവുമെന്നുറപ്പാണ്. ഓസ്‌ട്രേലിയയെ ലഭിച്ചാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ഇത്തവണ ഇന്ത്യ മികച്ച ഫോമിലാണെന്നത് കിരീട പ്രതീക്ഷ ഉയര്‍ത്തുന്നു. ഒന്നോ രണ്ടോ താരങ്ങളിലേക്കൊതുങ്ങാതെ മികച്ച മാച്ച് വിന്നര്‍മാരുടെ നിരയായി ഇന്ത്യ മാറിയിരിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവവും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്. മൂന്നാം ഏകദിന ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കുമോയെന്നത് കണ്ടറിയാം.