മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുകയാണ്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യ അഫ്ഗാനിസ്ഥാനേയും പാകിസ്താനേയും തോല്‍പ്പിച്ചു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനേയും തകര്‍ത്ത ഇന്ത്യ സെമി പ്രതീക്ഷ കാത്തിരിക്കുകയാണ്. നാല് മത്സരത്തിലും ആധിപത്യ ജയമാണ് ഇന്ത്യ നേടിയെടുത്തതെന്നതാണ് എടുത്തു പറയേണ്ടത്. ബംഗ്ലാദേശിനെതിരേ ഇന്ത്യയുടെ ജയത്തോടൊപ്പം വിരാട് കോലിയുടെ 48ാം ഏകദിന സെഞ്ച്വറിയും പിറന്നുവെന്നതാണ് എടുത്തു പറയേണ്ടത്.
97 പന്തില്‍ 6 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 103 റണ്‍സുമായി പുറത്താവാതെ നിന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ കോലിക്കായി. എന്നാല്‍ കോലിയുടെ സെഞ്ച്വറി നേട്ടം നാടകീയമായ സംഭവങ്ങള്‍ക്കൊടുവിലായിരുന്നു. കെ എല്‍ രാഹുല്‍ സിംഗിളെടുക്കാന്‍ വിസമ്മതിച്ചും അംപയര്‍ വൈഡ് വിളിക്കാതെ ഒഴിവാക്കി നല്‍കിയുമെല്ലാം കോലിയെ സെഞ്ച്വറിയിലേക്കെത്തിക്കുകയായിരുന്നു. ഇന്ത്യയുടെ ജയത്തേക്കാളുപരി കോലിയുടെ സെഞ്ച്വറിക്കാണ് പ്രാധാന്യം ലഭിച്ചതെന്ന് പറയാം.
കോലിയുടെ സെഞ്ച്വറിക്കായി ഇന്ത്യ ജയം വൈകിപ്പിച്ചപ്പോള്‍ അത് ടീമിന്റെ നെറ്റ് റണ്‍റേറ്റിനെ ബാധിക്കുകയും ചെയ്തു. ഇപ്പോഴിതാ കോലിയുടെ സെഞ്ച്വറിയേക്കാള്‍ പ്രാധാന്യം ടീമിന്റെ വേഗത്തിലുള്ള ജയത്തിന് നല്‍കണമായിരുന്നുവെന്നും കോലി വിട്ടുവീഴ്ചയ്ക്ക് തയ്യാറാവണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ ടെസ്റ്റ് താരം ചേതേശ്വര്‍ പുജാര. നെറ്റ് റണ്‍റേറ്റ് ചൂണ്ടിക്കാട്ടിയാണ് പുജാര വിമര്‍ശനം ഉന്നയിച്ചത്.
'വിരാട് കോലി സെഞ്ച്വറി നേടണമെന്നത് തന്നെയായിരുന്നു ആഗ്രഹം. എന്നാല്‍ അതോടൊപ്പം കഴിയുന്നത്ര വേഗത്തില്‍ മത്സരം പൂര്‍ത്തിയാക്കാനും ശ്രമിക്കണമായിരുന്നു. നെറ്റ് റണ്‍റേറ്റിനെ ഉയര്‍ത്തി നിര്‍ത്തുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇനി മുന്നോട്ട് പോകുന്തോറും നെറ്റ് റണ്‍റേറ്റിനായാണ് വാശിയേറിയ പോരാട്ടമാണ് നടക്കാന്‍ പോകുന്നത്. അപ്പോള്‍ തിരഞ്ഞുനോക്കി അന്ന് അങ്ങനെ ചെയ്യാമായിരുന്നു എന്ന് കരുതിയിട്ട് കാര്യമില്ല. കോലിയെ സെഞ്ച്വറിയിലേക്കെത്തിക്കാനാണ് എല്ലാവരും ശ്രമിച്ചത്.

കോലി ടീമിനായി സെഞ്ച്വറി ത്വജിക്കാന്‍ തയ്യാറാവണമായിരുന്നു. ടീമിന്റെ സാഹചര്യം നോക്കി ടീമിന് പ്രാധാന്യം കൊടുക്കണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. താരമെന്ന നിലയില്‍ ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടാണുള്ളത്. എന്നാല്‍ ചില താരങ്ങളെങ്കിലും വ്യക്തിഗത നേട്ടങ്ങള്‍ക്കും സെഞ്ച്വറികള്‍ക്കുമായി ശ്രമിക്കും. അത് അടുത്ത മത്സരങ്ങളില്‍ അവരുടെ സീറ്റ് ഉറപ്പിക്കാനാണ്. ഏത് തരം മനോഭാവമാണ് താരങ്ങള്‍ക്ക് എന്നതിനനുസരിച്ചാവും ഈ തീരുമാനം ഉണ്ടാവുക'- പുജാര പറഞ്ഞു.
ഇന്ത്യക്ക് ജയിക്കാന്‍ 26 റണ്‍സ് വേണ്ടപ്പോള്‍ കോലിയുടെ സ്‌കോര്‍ 74 റണ്‍സായിരുന്നു. പിന്നീടുള്ള 26 റണ്‍സും നേടാന്‍ കോലിയെ രാഹുല്‍ സഹായിക്കുകയായിരുന്നു. ഇന്ത്യയുടെ ജയം ഉറപ്പിച്ചതിനാല്‍ കോലിയുടെ സെഞ്ച്വറിക്ക് പ്രാധാന്യം നല്‍കുകയായിരുന്നുവെന്നാണ് രാഹുല്‍ പറഞ്ഞത്. രാഹുല്‍ സിംഗിള്‍ നിഷേധിച്ചപ്പോള്‍ അത് വേണ്ടെന്ന് കോലി പറഞ്ഞിരുന്നെങ്കിലും രാഹുല്‍ സെഞ്ച്വറിയിലേക്കെത്താന്‍ കോലിക്ക് പിന്തുണ നല്‍കുകയായിരുന്നു.
257 റണ്‍സ് വിജയലക്ഷ്യം 41.3 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇന്ത്യ 37 ഓവറിനുള്ളില്‍ വിജയലക്ഷ്യം മറികടന്നിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ വലിയ കുതിപ്പ് നടത്താനും ന്യൂസീലന്‍ഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കെത്താനും സാധിക്കുമായിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചതെങ്കിലും മധ്യ ഓവറുകളില്‍ റണ്‍സ് ഇഴഞ്ഞത് ജയം വൈകിപ്പിച്ചു.
ശ്രേയസ് അയ്യര്‍ 19 റണ്‍സെടുക്കാന്‍ 25 പന്താണ് നേരിട്ടത്. കെ എല്‍ രാഹുല്‍ 34 പന്തിലാണ് 34 റണ്‍സെടുത്തത്. നെറ്റ് റണ്‍റേറ്റിന് ഇന്ത്യയുടെ ബാറ്റിങ് നിര പ്രാധാന്യം നല്‍കിയില്ലെന്നതാണ് വസ്തുത.
ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളെല്ലാം കടുപ്പമാണ്. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരേ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാനുണ്ട്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ വമ്പന്‍ ജയം നേടി ഇന്ത്യ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ ശ്രമിക്കണമായിരുന്നു. എന്നാല്‍ അതിന് സാധിക്കാതെ പോയത് തിരിച്ചടിയാവുമോയെന്നത് കണ്ടറിയാം.