ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നേരത്തേ ഏറ്റവും വലിയ ദൗര്‍ബല്യമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ മുട്ടിടിക്കുന്നു എന്നതായിരുന്നു. ഇന്ത്യയുടെ ഈ വീക്ക്‌നെസും പല ടീമുകളും ശരിക്കും മുതലെടുക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാമാണ് പ്രധാനമായും ഇടംകൈയന്‍ പേസര്‍മാരെ നേരിടാന്‍ വിഷമിച്ചിരുന്നത്.
പക്ഷെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവര്‍ ഈ വീക്ക്‌നെസിനെ പൂര്‍ണമായി മറികടന്നു കഴിഞ്ഞുവെന്നാണ് കണക്കുകൾ അടിവരയിടുന്നത്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു ലോകകപ്പില്‍ ന്യൂസിലാന്‍ഡുമായുള്ള കഴിഞ്ഞ മല്‍സരം. കിവികളുടെ ഇടംകൈയന്‍ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിനെതിരേ നേരത്തേ വിറച്ചിരുന്ന ഇന്ത്യന്‍ ബാറ്റിങ് നിര യാതൊരു കൂസലുമില്ലാതെയാണ് കഴിഞ്ഞ കളിയില്‍ ബാറ്റ് ചെയ്തത്.

ബോള്‍ട്ടിനെതിരേ മാത്രമല്ല നിലവിലെ ബെസ്‌റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന പാകിസ്താന്റെ ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിയെയും ലോകകകപ്പിലും കഴിഞ്ഞ ഏഷ്യാ കപ്പിലുമെല്ലാം ഇന്ത്യ ശരിക്കും കൈകാര്യം ചെയ്തിരുന്നു. കഴിഞ്ഞ ഏഷ്യാ കപ്പിനു ശേഷം ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ രോഹിത്തിന്റെ റെക്കോര്‍ഡ് ഞെട്ടിക്കുന്നതാണ്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്നും 62 എന്ന ഗംഭീര ശരാശരിയില്‍ 128 സ്‌ട്രൈക്ക് റേറ്റോടെ ഹിറ്റ്മാന്‍ അടിച്ചെടുത്തത് 124 റണ്‍സാണ്.
ഇടംകൈയന്‍ പേസര്‍മാര്‍ ഇപ്പോള്‍ തങ്ങള്‍ക്കു ഒരു പ്രശ്‌നമേയല്ലെന്നാണ് രോഹിത്തിന്റെയും കോലിയുടെയുമെല്ലാം പ്രകടനങ്ങള്‍ തെളിയിക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യക്കെതിരേ ബോള്‍ട്ട് വെറുമൊരു ശരാശരി ബൗളറായാണ് പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം കാണപ്പെട്ടത്. 10 ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു ഒരേയൊരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.
2019ലെ കഴിഞ്ഞ ലോകകപ്പിന്റ സെമി ഫൈനലില്‍ ബോള്‍ട്ടും മാറ്റ് ഹെന്‍ട്രിയുമുൾപ്പെട്ട കിവികളുടെ പേസാക്രമണമായിരുന്നു ഇന്ത്യയെ പരാജയത്തിലേക്കു തള്ളിയിയിട്ടത്. അന്നു രോഹിത്തും കോലിയും രാഹുലുമെല്ലാം ബാറ്റിങില്‍ വന്‍ ദുരന്തമായി മാറിയിരുന്നു.
അതേ ബാറ്റിങ് നിര തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന കളിയില്‍ കിവി ബൗളിങിനെ പഞ്ഞിക്കിട്ട് ഇന്ത്യക്കു തുടര്‍ച്ചയായ അഞ്ചാം വിജയം സമ്മാനിച്ചത്. ബോള്‍ട്ടിനൊപ്പം ഹെന്‍ട്രിയും നനഞ്ഞ പടക്കമായി മാറിയിരുന്നു. ഒമ്പതോവറില്‍ 6.10 ഇക്കോണമി റേറ്റില്‍ 55 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു ഒരു വിക്കറ്റ് മാത്രമേ വീഴ്ത്താനുമായുള്ളൂ.

20 വര്‍ഷങ്ങള്‍ക്കു ശേഷം ഐസിസി ടൂര്‍ണമെന്റില്‍ ന്യൂസിലാന്‍ഡിനെതിരേ ആദ്യ വിജയം കൂടിയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. 2003ല്‍ സൗത്താഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു അവസാനമായി കിവികള്‍ക്കെതിരേ ഇന്ത്യ വിജയം കൊയ്തത്. അതിനു ശേഷം ഏറ്റുമുട്ടിയപ്പോഴെല്ലാം ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യ മുട്ടുമടക്കിയിരുന്നു. ഇപ്പോള്‍ രോഹിത്തിനു കീഴില്‍ തോല്‍വികള്‍ക്കു ബ്രേക്കിട്ട് ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.
ധര്‍മശാലയില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റിങിനയക്കപ്പെട്ട ന്യൂസിലാന്‍ഡിനെ 273 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. മുഹമ്മദ് ഷമിയുടെ അഞ്ചു വിക്കറ്റ് പ്രകടനമാണ് വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും കിവികളെ തടഞ്ഞത്.
ഫീല്‍ഡിങില്‍ ഇന്ത്യ വരുത്തിയ പിഴവുകള്‍ കാരണം ഡാരില്‍ മിച്ചെല്‍ 130 റണ്‍സും രചിന്‍ രവീന്ദ്ര 75 റണ്‍സും നേടിയിരുന്നു. മറുപടിയില്‍ 95 റണ്‍സുമായി കോലി ഒരിക്കല്‍ക്കൂടു ചേസ് മാസ്റ്ററായപ്പോള്‍ രോഹിത് 46 റണ്‍സും സ്‌കോര്‍ ചെയ്തു. രണ്ടോവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ വിജയറണ്‍സും കുറിക്കുകയായിരുന്നു.