ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ചെപ്പോക്കില്‍ വിജയവുമായി അക്കൗണ്ട് തുറന്നിരിക്കുകയാണ് ടീം ഇന്ത്യ. ബൗളര്‍മാരും പിന്നീട് കെഎല്‍ രാഹുല്‍, വിരാട് കോലി ജോടികളും ചേര്‍ന്നായിരുന്നു ഇന്ത്യക്കു ആറു വിക്കറ്റിന്റെ മിന്നുന്ന വിജയം നേടിത്തന്നത്. പുറത്താവാതെ 97 റണ്‍സെടുത്ത രാഹുലായിരുന്നു കളിയിലെ ഹീറോ. ഇന്ത്യക്കു ജയിക്കാന്‍ അഞ്ചു റണ്‍സ് വേണമെന്നിരിക്കെ പാറ്റ് കമ്മിന്‍സെറിഞ്ഞ 42ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ സിക്‌സര്‍ പറത്തി രാഹുല്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
വ്യക്തിഗത സ്‌കോര്‍ 91ല്‍ നില്‍ക്കവെയായിരുന്ന രാഹുലിന്റെ ഈ സിക്‌സര്‍. പക്ഷെ ഈ സിക്‌സറില്‍ അദ്ദേഹം അത്ര ഹാപ്പിയായിരുന്നില്ല. ഷോട്ടിനു ശേഷം നിരാശയോടെ രാഹുല്‍ ഗ്രൗണ്ടില്‍ ഇരുന്നതും ഈ കാരണത്താല്‍ തന്നെയായിരുന്നു. കാരണം ഒരു ബൗണ്ടറിയും പിന്നാലെ സിക്‌സറുമടിച്ച് തന്റെ സെഞ്ച്വറിയും അതോടൊപ്പം ഇന്ത്യയുടെ വിജയവും പൂര്‍ത്തിയാക്കുകയായിരുന്നു രാഹുലിന്റെ പ്ലാന്‍. പക്ഷെ അതു സംഭവിച്ചില്ല. ബൗണ്ടറിക്കു തുനിഞ്ഞ രാഹുലിന്റെ ഷോട്ട് സിക്‌സറില്‍ കലാശിക്കുകയായിരുന്നു.

ഈയൊരു സിക്‌സര്‍ കാരണം രാഹുലിനു സെഞ്ച്വറി നഷ്ടമാവുക മാത്രമല്ല സംഭവിച്ചിരിക്കുന്നത്. ടീം ഇന്ത്യക്കും ഇതു കാരണം ക്ഷീണം നേരിട്ടിരിക്കുകയാണ്. ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റിനെ അതു മോശമായിട്ടാണ് ബാധിച്ചിരിക്കുന്നത്. നിലവില്‍ +0.883 നെറ്റ് റണ്‍ റേറ്റാണ് ഇന്ത്യക്കുള്ളത്. പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് ഇപ്പോള്‍ ഇന്ത്യയുള്ളത്.
പക്ഷെ രാഹുല്‍ ഒരു ഫോറും അടുത്ത ബോളില്‍ സിക്‌സറുമാണ് നേടിയിരുന്നതെങ്കില്‍ അതു ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് ഇനിയും മെച്ചപ്പെടുത്തുമായിരുന്നു. നിലവില്‍ +0.883 ഉള്ള നെറ്റ് റണ്‍റേറ്റ് +0.960 ലേക്കു ഉയരുമായിരുന്നു. അതിനൊപ്പം രാഹുലിന് തന്റെ സെഞ്ച്വറിയും നേടിയെടുക്കാമായിരുന്നു.
പക്ഷെ ഇതു രണ്ടും നടക്കാതെ പോയതിനു രാഹുലിനു സ്വയം പഴിക്കുകയല്ലാതെ മറ്റു വഴിയില്ല. ടൂര്‍ണമെന്റ് മുന്നേറവെ രാഹുലിന്റെ ഈ സിക്‌സര്‍ കാരണം നെറ്റ് റണ്‍റേറ്റില്‍ സംഭവിച്ച ഇടിവ് ഇന്ത്യക്കു വിനയായി മാറുമോയെന്നു കാത്തിരുന്ന് തന്നെ കാണണം.
അതേസമയം, ഈ മല്‍സരത്തിലേക്കു വരികയാണെങ്കില്‍ ടോസിനു ശേഷം ഓസീസ് നായകന്‍ കമ്മിന്‍സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവരെ വരിഞ്ഞുകെട്ടി. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും 199 റണ്‍സില്‍ ഓസീസ് കൂടാരം കയറി. മൂന്നുവിക്കറ്റുകളെടുത്ത രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ട കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും ചേര്‍ന്നാണ് ഓസീസിനെ എറിഞ്ഞിട്ടത്.

റണ്‍ചേസില്‍ രണ്ടാം ഓവറില്‍ തന്നെ ഇന്ത്യ മൂന്നു വിക്കറ്റിനു രണ്ടു റണ്‍സെന്ന നിലയില്‍ വിറച്ചിരുന്നു. ഈ സമയത്താണ് 165 റണ്‍സിന്റെ കൂട്ടുകെട്ടുമായി കോലി-രാഹുല്‍ ജോടി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വന്നത്. സെഞ്ച്വറിക്ക് 15 റണ്‍സകലെ കോലി വീണെങ്കിലും രാഹുല്‍ ടീമിന്റെ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.
ഇന്ത്യയുടെ അടുത്ത മല്‍സരം ബുധനാഴ്ച ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ വച്ച് ഏഷ്യന്‍ ക്രിക്കറ്റിലെ കറുത്ത കുതിരകളായ അഫ്ഗാനിസ്താനെതിരേയാണ്. അതിനു ശേഷമാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും തമ്മിലുള്ള ക്ലാസിക്ക് പോര് ശനിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കും.