For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: പാകിസ്താനെ നാണംകെടുത്തി, പക്ഷെ ഇന്ത്യ ഉദ്ദേശിച്ചത് നടന്നില്ല! കാരണം രാഹുല്‍

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ ചിരവൈരി പോരാട്ടത്തില്‍ ചരിത്രം ആവര്‍ത്തിച്ച് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 191 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ 30.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ (86) വെടിക്കെട്ട് ഫിഫ്റ്റിയാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. ഒരു ലക്ഷത്തിന് മുകളില്‍ ആരാധകരാണ് അഹമ്മദാബാദിലെ സ്‌റ്റേഡിയത്തില്‍ നിറഞ്ഞത്.

ഇവരെ സാക്ഷിയാക്കിയാണ് ഏകദിന ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ തുടര്‍ച്ചയായ എട്ടാം ജയം പാകിസ്താനെതിരേ ഇന്ത്യ നേടുന്നത്. ഇന്ത്യയുടെ ജയം സര്‍വാധിപത്യം പുലര്‍ത്തുന്നതായിരുന്നെങ്കിലും ഇന്ത്യ ലക്ഷ്യം വെച്ചത് നടന്നില്ലെന്നതാണ് വസ്തുത. സെമി ഫൈനല്‍ പോരാട്ടങ്ങള്‍ കടുക്കവെ കേവലം ജയത്തിലുപരിയായി നെറ്റ് റണ്‍റേറ്റിലാണ് എല്ലാ ടീമുകളുടേയും കണ്ണ്. ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ നിലവില്‍ ഒന്നാം സ്ഥാനത്തുണ്ട്.

പാകിസ്താനെതിരായ ജയത്തോടെ ന്യൂസീലന്‍ഡിനെ നെറ്റ് റണ്‍റേറ്റില്‍ മറികടക്കാന്‍ ഇന്ത്യക്കായി. നിലവില്‍ 3 മത്സരം ജയിച്ച ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് 1.604 ആണ്. ഇന്ത്യയുടേത് 1.821 ഉും. പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് 1.500 ആയിരുന്നു ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ മുന്നിലുള്ളത് ദക്ഷിണാഫ്രിക്കയാണ്. 2.360 ആണ് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ്. പാകിസ്താനെ 191ല്‍ ഒതുക്കിയതിന് പിന്നാലെ 25 ഓവറിനുള്ളില്‍ കളി തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ.

അങ്ങനെ വരുമ്പോള്‍ നെറ്റ് റണ്‍റേറ്റ് 2 കടത്താന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. 21 ഓവറില്‍ 2 വിക്കറ്റിന് 154 എന്ന മികച്ച നിലയിലായിരുന്നു ഇന്ത്യ. രോഹിത് ശര്‍മ കടന്നാക്രമിച്ച് വേഗത്തില്‍ ലക്ഷ്യത്തിലേക്കെത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ 22ാം ഓവറില്‍ രോഹിത് പുറത്തായതോടെ ഇന്ത്യയുടെ പദ്ധതി പാളി. 25 ഓവറിനുള്ളില്‍ മത്സരം തീര്‍ക്കാന്‍ പിന്നാലെയെത്തിയ രാഹുല്‍ ശ്രമിച്ചില്ല. രാഹുല്‍ പതിയെ കളിച്ചതോടെ മികച്ച രീതിയില്‍ കളിച്ചിരുന്ന ശ്രേയസും പ്രതിരോധിച്ച് കളിക്കാന്‍ തുടങ്ങി.

വിക്കറ്റ് കാത്തുകളിക്കേണ്ടത് അത്യാവശ്യമാണെങ്കിലും അനാവശ്യ പ്രതിരോധമാണ് രാഹുല്‍ തുടക്കത്തിലേ കാട്ടിയത്. നേരിട്ട ആദ്യ 14 പന്തില്‍ നിന്ന് വെറും 5 റണ്‍സാണ് രാഹുല്‍ നേടിയത്. രോഹിത് പുറത്താവുമ്പോള്‍ 28 ഓവറില്‍ വെറും 35 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇത് നേടിയെടുക്കാന്‍ 51 പന്തുകളാണ് രാഹുലിനും ശ്രേയസിനും വേണ്ടിവന്നത്. 30.3 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.

ഇന്ത്യക്ക് 25 ഓവറിനുള്ളില്‍ ജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റ് 2ന് മുകളിലേക്കെത്തിക്കാനാവുമായിരുന്നു. ഇത് നേടിയിരുന്നെങ്കില്‍ ന്യൂസീലന്‍ഡുമായുള്ള നെറ്റ് റണ്‍റേറ്റ് വ്യത്യാസം അല്‍പ്പം കൂടി മികച്ചതാക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യക്കത് നേടാന്‍ സാധിക്കാതെ പോയി. അതുകൊണ്ടുതന്നെ അടുത്ത കളിയില്‍ ന്യൂസീലന്‍ഡ് ഭേദപ്പെട്ട ജയം നേടിയാല്‍പ്പോലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യയെ മറികടക്കും.

shreyas iyer, kl rahul

ദക്ഷിണാഫ്രിക്കയാണ് നെറ്റ് റണ്‍റേറ്റില്‍ എല്ലാവരും ഭയക്കേണ്ട നിര. ബുദ്ധിപരമായ നീക്കമാണ് നെറ്റ് റണ്‍റേറ്റില്‍ അവര്‍ നടത്തുന്നത്. വമ്പന്‍ ജയത്തോടെ 2 മത്സരത്തില്‍ നിന്ന് തന്നെ 2.360 ആണ് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ്. ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നീ രണ്ട് വമ്പന്‍ ടീമുകളെയാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. വരുന്ന മത്സരങ്ങളിലും ഇതേ കുതിപ്പ് തുടരാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.

എന്തായാലും രാഹുല്‍-ശ്രേയസ് കൂട്ടുകെട്ട് കൂടുതല്‍ അപകടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചെങ്കിലും ഇരുവരും അല്‍പ്പം കൂടി കടന്നാക്രമിക്കാന്‍ തയ്യാറായിരുന്നെങ്കില്‍ രോഹിത് ശര്‍മ ലക്ഷ്യംവെച്ച പദ്ധതി നിറവേറ്റാന്‍ സാധിക്കുമായിരുന്നുവെന്നുറപ്പ്.

Story first published: Sunday, October 15, 2023, 6:55 [IST]
Other articles published on Oct 15, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+