മുംബൈ: ഏകദിന ലോകകപ്പ് സെമിയോടടുക്കവെ പോരാട്ടങ്ങള്‍ മുറുകുകയാണ്. ഓരോ മത്സരങ്ങള്‍ക്ക് ശേഷവും സെമി സാധ്യതകളില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. ആരൊക്കെ സെമി കളിക്കുമെന്ന് ഇപ്പോഴും വ്യക്തമായി പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ദക്ഷിണാഫ്രിക്ക, ഇന്ത്യ, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ നാല് വമ്പന്മാര്‍ തന്നെയാണ് സെമി സാധ്യതയില്‍ മുന്നിട്ട് നില്‍ക്കുന്നത്. എന്നാല്‍ ഈ പട്ടികയില്‍ വലിയ മാറ്റങ്ങള്‍ വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഓസ്‌ട്രേലിയയോട് അഞ്ച് റണ്‍സിന് ന്യൂസീലന്‍ഡ് തോറ്റതിന് പിന്നാലെ പോയിന്റ് പട്ടികയില്‍ വലിയ മാറ്റം തന്നെ ഉണ്ടാവാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഓസീസിന്റെ ത്രില്ലിങ് ജയത്തോടെ പോയിന്റ് പട്ടിക മാറി മറിഞ്ഞത് എങ്ങനെയാണെന്ന് പരിശോധിക്കാം. നിലവില്‍ തലപ്പത്തുള്ളത് ദക്ഷിണാഫ്രിക്കയാണ്. ആറ് മത്സരത്തില്‍ അഞ്ചിലും ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ഒരു മത്സരത്തില്‍ ടീം തോറ്റു. 10 പോയിന്റുള്ള ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് മത്സരങ്ങള്‍ക്കൂടി ജയിച്ചാല്‍ 14 പോയിന്റുമായി സെമി ഉറപ്പിക്കാം.

ദക്ഷിണാഫ്രിക്കയുടെ പ്രധാന കരുത്ത് നെറ്റ് റണ്‍റേറ്റാണ്. ജയിച്ച മത്സരങ്ങളിലെല്ലാം വലിയ മാര്‍ജിന്‍ സൃഷ്ടിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. 2.032 ആണ് ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ്. അതുകൊണ്ടുതന്നെ അടുത്ത മൂന്ന് മത്സരത്തില്‍ രണ്ട് മത്സരം ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയുറപ്പിക്കാം. ഒരു മത്സരം ജയിക്കുകയും രണ്ട് മത്സരം തോല്‍ക്കുകയും ചെയ്താല്‍ മറ്റ് ടീമുകളുടെ മത്സരഫലത്തെ ദക്ഷിണാഫ്രിക്കയ്ക്ക് ആശ്രയിക്കേണ്ടി വരും.
രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ കളിച്ച അഞ്ച് മത്സരവും ജയിച്ചു. എന്നാല്‍ നെറ്റ് റണ്‍റേറ്റ് 1.353 ആണ്. നാല് മത്സരങ്ങള്‍ ശേഷിക്കുന്ന ഇന്ത്യക്ക് രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ അനായാസം സെമിയിലേക്കെത്താനാവും. രണ്ട് മത്സരത്തില്‍ ജയിക്കുന്നതോടൊപ്പം രണ്ട് മത്സരത്തില്‍ വലിയ തോല്‍വി നേരിടാതെ സൂക്ഷിക്കേണ്ടതും ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് എന്നിവരാണ് ഇന്ത്യയുടെ ശേഷിക്കുന്ന എതിരാളികള്‍.
ആതിഥേയരെന്ന നിലയില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യ ഒരു മത്സരം ജയിക്കുകയും മൂന്ന് മത്സരം തോല്‍ക്കുകയും ചെയ്താല്‍ സെമി കാണാതെ പുറത്താവാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിലവിലെ ഫോമില്‍ ഇതിനുള്ള സാധ്യത വളരെ കുറവാണ്. നിലവില്‍ മൂന്നാം സ്ഥാനത്താണ് ന്യൂസീലന്‍ഡ്. ആദ്യത്തെ നാല് മത്സരവും ജയിച്ച ന്യൂസീലന്‍ഡിന് തുടര്‍ച്ചയായ മത്സരങ്ങളില്‍ ഇന്ത്യയോടും ഓസ്‌ട്രേലിയയോടും തോല്‍ക്കേണ്ടി വന്നതാണ് തിരിച്ചടിയായത്.
ആറ് മത്സത്തില്‍ നിന്ന് എട്ട് പോയിന്റുള്ള ന്യൂസീലന്‍ഡിന് മൂന്ന് മത്സരങ്ങളാണ് ശേഷിക്കുന്നത്. മൂന്നിലും ജയിക്കാനായാല്‍ ന്യൂസീലന്‍ഡിന് അനായാസം സെമി ഉറപ്പിക്കാം. രണ്ട് മത്സരം ജയിക്കുകയും ഒരു മത്സരം തോല്‍ക്കുകയും ചെയ്താല്‍ 12 പോയിന്റാവും ന്യൂസീലന്‍ഡിന് ലഭിക്കുക. അങ്ങനെ വരുമ്പോള്‍ നെറ്റ് റണ്‍റേറ്റ് ന്യൂസീലന്‍ഡിന് നിര്‍ണ്ണായകമായി മാറും. നിലവില്‍ 1.232 ആണ് കിവീസിന്റെ നെറ്റ് റണ്‍റേറ്റ്. വലിയ രണ്ട് തോല്‍വി വഴങ്ങിയാല്‍ കിവീസ് നെറ്റ് റണ്‍റേറ്റില്‍ പിന്നോട്ട് പോയേക്കാം.

അതുകൊണ്ടുതന്നെ തോറ്റാലും നെറ്റ് റണ്‍റേറ്റിനെ കാര്യമായി ബാധിക്കാതെ നോക്കേണ്ടത് ഓസീസിന് നിര്‍ണ്ണായകം. നിലവില്‍ നാലാം സ്ഥാനത്തുള്ള ഓസീസിന് ആറ് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റാണുള്ളത്. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ മൂന്നിലും ജയിച്ചാല്‍ 14 പോയിന്റിലേക്കെത്താന്‍ കംഗാരുക്കള്‍ക്കാവും. ഇതില്‍ രണ്ട് തോല്‍വി നേരിടേണ്ടി വന്നാല്‍ ഓസീസിന്റെ സെമി സാധ്യതകള്‍ക്കത് മങ്ങല്‍ ഏല്‍പ്പിക്കും. കാരണം 0.970 ആണ് ടീമിന്റെ നെറ്റ് റണ്‍റേറ്റ്.
തുടര്‍ച്ചയായി നാല് മത്സരം ജയിച്ചെങ്കിലും വലിയ ജയങ്ങള്‍ നേടിയെടുക്കാന്‍ ഓസീസിനായിട്ടില്ല. അതുകൊണ്ടുതന്നെ നെറ്റ് റണ്‍റേറ്റ് ഓസീസിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ശേഷിക്കുന്ന മത്സരങ്ങള്‍ ഓസീസിന് കടുപ്പമാണെന്ന് സാരം. ശ്രീലങ്കയ്ക്ക് 5 മത്സരത്തില്‍ നിന്ന് 4 പോയിന്റാണുള്ളത്. നാല് മത്സരം ബാക്കി നില്‍ക്കെ എല്ലാ മത്സരം ജയിച്ചാലും 12 പോയിന്റാവും ശ്രീലങ്കയ്ക്ക് ലഭിക്കുക. -0.205 ആണ് ശ്രീലങ്കയുടെ നെറ്റ് റണ്‍റേറ്റ്.
അതുകൊണ്ടുതന്നെ വലിയ ജയങ്ങള്‍ ടീമിന് ആവശ്യം. കൂടാതെ ഓസ്‌ട്രേലിയ ഇനിയുള്ള മത്സരങ്ങളില്‍ രണ്ട് മത്സരമെങ്കിലും തോല്‍ക്കുകയും ചെയ്യാത്ത പക്ഷം ശ്രീലങ്കയ്ക്ക് പ്രതീക്ഷ വേണ്ട. നിലവിലെ സാഹചര്യത്തില്‍ ശ്രീലങ്ക സെമിയിലെത്താന്‍ വിരളമായ സാധ്യതയാണുള്ളത്. പാകിസ്താനും ആറ് മത്സരത്തില്‍ നിന്ന് നാല് പോയിന്റാണുള്ളത്. പാകിസ്താന്‍ സെമിയിലെത്താന്‍ മഹാത്ഭുതം സംഭവിക്കണം. ശേഷിക്കുന്ന മൂന്ന് മത്സരം ജയിച്ചാലും പരമാവധി 10 പോയിന്റാവും പാകിസ്താന് നേടാനാവുക.
അതുകൊണ്ടുതന്നെ പാകിസ്താന്‍ സെമി കളിക്കില്ലെന്ന് ഉറപ്പിച്ച് പറയാം. അഫ്ഗാനിസ്ഥാന്‍ 5 മത്സരത്തില്‍ നിന്ന് 4 പോയിന്റാണ് നേടിയത്. ശേഷിക്കുന്ന നാല് മത്സരത്തിലും വമ്പന്‍ ജയം നേടിയാല്‍ അഫ്ഗാന് 12 പോയിന്റുകളോടെ സെമി പ്രതീക്ഷ കാക്കാം. എന്നാല്‍ ഇത്തരമൊരു വിജയം നേടുക അഫ്ഗാന് പ്രയാസമാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് 5 മത്സരത്തില്‍ നിന്ന് 2 പോയിന്റാണുള്ളത്.
ശേഷിക്കുന്ന നാല് മത്സരം ജയിച്ചാലും പരമാവധി 10 പോയിന്റ് മാത്രമെ ലഭിക്കൂ. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടും സെമിയിലെത്താന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം. ബംഗ്ലാദേശും നെതര്‍ലന്‍ഡ്‌സും ശേഷിക്കുന്ന മത്സരങ്ങളും കളിച്ച് നാട്ടിലേക്ക് മടങ്ങുക മാത്രമാണ് ഇനി ചെയ്യേണ്ടത്.