മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ന് സെമി ഫൈനലിനിറങ്ങുകയാണ് ആതിഥേയരായ ഇന്ത്യ. കരുത്തരായ ന്യൂസീലന്‍ഡാണ് എതിരാളികള്‍. ലീഗ് ഘട്ടത്തില്‍ ഒമ്പതിലും ജയിച്ച ഇന്ത്യ കുതിപ്പ് തുടരുമോ അതോ 2019ലെ സെമി ഫൈനല്‍ ചരിത്രം ആവര്‍ത്തിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മക്ക് കീഴില്‍ സംതുലിതമായ ടീമാണ് ഇത്തവണ ഇന്ത്യക്കുള്ളത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ടീം ഒരുപോലെ മിന്നിക്കുന്നു.
ന്യൂസീലന്‍ഡിനെ ഇതുവരെ നോക്കൗട്ടില്‍ വീഴ്ത്താന്‍ ഇന്ത്യക്കായിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണയും കാര്യങ്ങള്‍ പ്രയാസമാവും. എന്നാല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായാണ് ഒരു ലോകകപ്പില്‍ ഒമ്പത് തുടര്‍ ജയങ്ങള്‍ നേടുന്നത്. എംഎസ് ധോണി, സൗരവ് ഗാംഗുലി, വിരാട് കോലി എന്നിവര്‍ക്കാര്‍ക്കും നേടാനാവാതെ പോയ നേട്ടമാണ് ഇപ്പോള്‍ രോഹിത് നേടിയിരിക്കുന്നത്. എന്താണ് ഇത്തവണത്തെ ഇന്ത്യന്‍ കുതിപ്പിന്റെ രഹസ്യം? ആദ്യ 10 ഓവറുനുള്ളില്‍ ടീം കാട്ടുന്ന മായാജാലത്തിന്റെ കണക്കുകളിതാ.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യ ആധിപത്യം കാട്ടുന്നത് ആദ്യത്തെ 10 ഓവറിനുള്ളിലാണ്. പവര്‍പ്ലേയ്ക്കുള്ളിലെ ഇന്ത്യയുടെ ശരാശരി സ്‌കോര്‍ 67 റണ്‍സാണ്. നഷ്ടമായത് വെറും 9 വിക്കറ്റുകള്‍. ബാറ്റിങ് ശരാശരി 57.33മാണ്. 11-40 ഓവറുകളില്‍ ഇന്ത്യ നേടുന്ന ശരാശരി സ്‌കോര്‍ 165 ആണ്. 23 വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിട്ടുമുണ്ട്. ഡെത്തോവറിലേക്ക് വരുമ്പോള്‍ 62.14 എന്ന മികച്ച ശരാശരി ഇന്ത്യക്കുണ്ട്. 20 വിക്കറ്റുകളാണ് നഷ്ടമായത്.
ഇന്ത്യ പവര്‍പ്ലേ നന്നായി മുതലാക്കുന്നുണ്ടെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. രോഹിത് ശര്‍മയാണ് ഈ മികച്ച തുടക്കത്തിന് കരുത്താവുന്നത്. ആദ്യ ഓവര്‍ മുതല്‍ രോഹിത് അടിച്ചുതുടങ്ങുമ്പോള്‍ ശുബ്മാന്‍ ഗില്‍ മികച്ച പിന്തുണ നല്‍കുന്നു. ഇരുവരും ചേര്‍ന്ന് മിക്ക മത്സരങ്ങളിലും 50ലധികം റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കുന്നു. രോഹിത് വെടിക്കെട്ട് തുടക്കം നല്‍കുമ്പോള്‍ പിന്നാലെയെത്തുന്നവര്‍ക്ക് വലിയ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിക്കുന്നു.

ഇന്ത്യയുടെ മധ്യനിര ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കാരണം ടോപ് ഓഡറിന്റെ മിന്നും ഫോമാണ്. അടിത്തറ പാകാന്‍ ടോപ് ഓഡറിന് സാധിച്ചാല്‍ മധ്യനിരക്കത് നന്നായി മുതലാക്കാനറിയാം. സെമിയിലേക്കെത്തുമ്പോഴും ഇന്ത്യക്ക് ഏറ്റവും പ്രധാനപ്പെട്ടത് ഗംഭീര തുടക്കമാണ്. ആദ്യ വിക്കറ്റില്‍ 50ലധികം റണ്‍സിലേക്കെത്തിക്കാന്‍ സാധിച്ചാല്‍ ഇന്ത്യ വലിയ സ്‌കോറിലേക്ക് പോയേക്കും. തുടക്കം പാളിയാല്‍ ടീം പ്രയാസപ്പെടുമെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം.
ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവരുടെ ആദ്യത്തെ 10 ഓവറുകളിലെ ബാറ്റിങ് ശരാശരി 57.33 ആണ്. 12 വിക്കറ്റുകള്‍ ശരാശരി അവര്‍ക്ക് നഷ്ടമാകുന്നുണ്ട്. 11-40വരെയുള്ള ഓവറുകളുടെ കണക്കെടുത്താല്‍ 171 റണ്‍സാണ് ശരാശരി ഇവര്‍ നേടുന്നത്.
32 വിക്കറ്റുകള്‍ അവര്‍ക്ക് മധ്യ ഓവറുകളില്‍ നഷ്ടമായിട്ടുണ്ട്. ഡെത്തോവറില്‍ 80.28 ശരാശരി ഇവര്‍ക്കുണ്ട്. 20 വിക്കറ്റുകളാണ് വീണത്. ഡെത്തോവറിലെ ബാറ്റിങ്ങില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ് മറ്റ് മൂന്ന് ടീമുകളുടേയും കണക്കുകള്‍.
എന്നാല്‍ പവര്‍പ്ലേയിലും മധ്യ ഓവറുകളിലും ഇന്ത്യയാണ് കേമര്‍. പവര്‍പ്ലേയിലെ മികവാണ് ഇന്ത്യയുടെ നട്ടെല്ലെന്ന് കൃത്യമായിത്തന്നെ പറയാം. ബൗളിങ് കണക്കുകളിലേക്ക് വരുമ്പോള്‍ ഇന്ത്യ ആദ്യത്തെ 10 ഓവറിനുള്ളില്‍ 19 വിക്കറ്റുകളാണ് വീഴ്ത്തിയത്.
അതും 4.3 എന്ന മികച്ച ഇക്കോണമിയില്‍. മധ്യ ഓവറിലേക്ക് വരുമ്പോള്‍ 4.5 എന്ന ഇക്കോണമിയില്‍ 45 വിക്കറ്റും ഇന്ത്യ നേടി. 41-50വരെയുള്ള ഓവറുകളില്‍ 22 വിക്കറ്റ് നേടിയ ഇന്ത്യ ഡെത്തോവറില്‍ 5.8 എന്ന മികച്ച ഇക്കോണമി കാത്തു എന്നതാണ് എടുത്തു പറയേണ്ടത്.
അതേ സമയം മറ്റ് മൂന്ന് ടീമുകളുടേയും പവര്‍പ്ലേയിലെ കണക്ക് പ്രകാരം 15 വിക്കറ്റാണ് നേടിയത്. ഇക്കോണമി 5.6 ആണ്. 11-40 വരെയുള്ള ഓവറുകളില്‍ 41 വിക്കറ്റാണ് നേടിയത്. ഡെത്തോവറില്‍ 19 വിക്കറ്റ് ഇവര്‍ വീഴ്ത്തിയപ്പോള്‍ ഇക്കോണമി 7.6 ആയിരുന്നു. ഇതില്‍ നിന്നുതന്നെ ആദ്യത്തെ 10 ഓവറിനുള്ളില്‍ത്തന്നെ ഇന്ത്യ മത്സരം പിടിച്ചെടുക്കുന്നതായി വ്യക്തം. ഈ മികവ് സെമിയില്‍ കാട്ടാന്‍ ഇന്ത്യക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്.