For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: ഇംഗ്ലണ്ടിനോട് കണക്കുവീട്ടാന്‍ ഇന്ത്യ, ഹിറ്റ്മാന് അഭിമാന പ്രശ്‌നം! എളുപ്പമാവില്ല

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത മത്സരം ഇംഗ്ലണ്ടിനെതിരേ നടക്കാന്‍ പോവുകയാണ്. അഞ്ച് മത്സരത്തില്‍ നാലിലും തോറ്റ ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ മത്സരം ജീവന്‍ മരണ പോരാട്ടമാണ്. സെമി സാധ്യത ഏറെക്കുറെ അവസാനിച്ച ഇംഗ്ലണ്ടിന് ഇന്ത്യയോടുകൂടി തോറ്റാല്‍ സെമി പ്രതീക്ഷ പൂര്‍ണ്ണമായും അവസാനിപ്പിക്കാം. നിലവില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. നിലവിലെ ചാമ്പ്യന്മാരെന്ന പേരിനോട് നീതികാട്ടാന്‍ അവര്‍ക്കാവുന്നില്ല.

ശ്രീലങ്കയോടും നാണംകെട്ട ഇംഗ്ലണ്ടിന് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയെ തോല്‍പ്പിക്കുക പ്രയാസം. എന്നാല്‍ താരസമ്പന്നമായ ഇംഗ്ലണ്ട് ഏത് പ്രതിസന്ധിയില്‍ നിന്നും ഉയര്‍ന്നുവരാന്‍ സാധിക്കുന്നവരുടെ നിരയാണ്. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ കടുപ്പമാണെന്ന് തന്നെ പറയാം. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിനെതിരായ മത്സരം അഭിമാന പ്രശ്‌നമാണ്. ഇംഗ്ലണ്ടിനോട് കണക്കുവീട്ടാനുറച്ചാവും ഇന്ത്യ ഇറങ്ങുക. 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ പുറത്താക്കിയത് ഇംഗ്ലണ്ടായിരുന്നു.

ജോസ് ബട്‌ലറുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യയെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് നാണംകെടുത്തിയത്. ഇടവേളക്ക് ശേഷം ഐസിസി ട്രോഫിയെന്ന മോഹവുമായെത്തിയ ഇന്ത്യയെ 10 വിക്കറ്റിനാണ് ഇംഗ്ലണ്ട് നിര തകര്‍ത്തത്. ഇത്തവണ ഇതിന് പ്രതികാരമായി ഇംഗ്ലണ്ടിനെ സെമി കാണാതെ പുറത്താക്കാനുള്ള അവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ത്യയോട് തോറ്റാല്‍ ഇംഗ്ലണ്ട് സെമി കാണാതെ പുറത്താവുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് മധുര പ്രതികാരം ചെയ്യാനുള്ള സുവര്‍ണ്ണാവസരമാണ് മുന്നിലുള്ളത്.

ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം മത്സരത്തില്‍ അവകാശപ്പെടാം. കഴിഞ്ഞ മൂന്ന് മത്സരത്തിലും 200 റണ്‍സ് പോലും പൂര്‍ത്തിയാക്കാനാവാതെയാണ് ഇംഗ്ലണ്ട് ഓള്‍ഔട്ടായത്. മികച്ച ബൗളിങ് കരുത്തുള്ള ഇന്ത്യയോട് ഇംഗ്ലണ്ട് പതറാനാണ് സാധ്യത. ഇന്ത്യക്ക് പ്രശ്‌നം ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം മാത്രമാണ്. കാല്‍ക്കുഴക്ക് പരിക്കേറ്റ് ഹാര്‍ദിക്ക് ഇന്ത്യക്കായി കളിക്കില്ലെന്നുറപ്പ്. ഈ സാഹചര്യത്തില്‍ സൂര്യകുമാര്‍ യാദവും മുഹമ്മദ് ഷമിയും പ്ലേയിങ് 11ല്‍ സ്ഥാനം നേടിയേക്കും.

india, cricket

എട്ട് മത്സരത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ നാല് തവണയും ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ 3 തവണയാണ് ഇന്ത്യക്ക് ജയിക്കാനായത്. നിലവിലെ ഫോമില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമാണുള്ളത്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ എന്നിവരാണ് ഇന്ത്യയുടെ ടോപ് ഓഡറിലുള്ളത്. ഇവര്‍ക്ക് നന്നായി ബാറ്റുചെയ്യാനായാല്‍ ഇന്ത്യക്ക് ജയമുറപ്പ്. എന്നാല്‍ ഹാര്‍ദിക്കിന്റെ അഭാവം ഇന്ത്യയുടെ മധ്യനിരയുടെ കരുത്ത് കുറക്കും.

എടുത്തു പറയുന്ന പ്രകടനം ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ നടത്തുന്നില്ല. എന്നാല്‍ ലഖ്‌നൗവില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കമുണ്ട്. അതുകൊണ്ടുതന്നെ ആദില്‍ റഷീദിന്റെ ബൗളിങ് ഇന്ത്യക്ക് വെല്ലുവിളിയായേക്കും. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ള സ്പിന്നറാണ് ആദില്‍ റഷീദ്. അതുകൊണ്ടുതന്നെ താരത്തിന്റെ ബൗളിങ് ഇന്ത്യക്ക് വലിയ തലവേദനയാകുമെന്നുറപ്പ്.

ഇംഗ്ലണ്ട് നഷ്ടപ്പെടാനൊന്നുമില്ലാത്ത കളി പുറത്തെടുത്താല്‍ ഇന്ത്യ വിയര്‍ക്കും. ജോണി ബെയര്‍‌സ്റ്റോ, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, ജോ റൂട്ട് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇംഗ്ലണ്ട് നിര ഏത് വമ്പന്മാരേയും വീഴ്ത്താന്‍ കെല്‍പ്പുള്ളവരുടേതാണ്. എന്നാല്‍ ഇവരാരും ഫോമിലല്ല എന്നതാണ് പ്രശ്‌നം. ഇവരില്‍ രണ്ട് പേരെങ്കിലും ഫോമിലേക്കെത്തിയാല്‍ ഇന്ത്യ ജയിക്കാന്‍ പ്രയാസപ്പെടുമെന്ന കാര്യം ഉറപ്പാണ്.

2022ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് ഇന്ത്യ പകരം വീട്ടുമോ അതോ വീണ്ടും നാണംകെടുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇംഗ്ലണ്ടിനോട് തോറ്റാല്‍ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിനോട് ജയിക്കാനായാല്‍ ഇന്ത്യക്ക് സെമിയിലേക്ക് ഒരുപടി കൂടി അടുക്കാനാവും. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, October 27, 2023, 14:41 [IST]
Other articles published on Oct 27, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+