ചെന്നൈ: 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യയിലേക്കെത്തുന്ന ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങാന്‍ പോവുകയാണ് ഇന്ത്യ. കരുത്തരായ ഓസ്‌ട്രേലിയക്കെതിരേ ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശര്‍മക്ക് കീഴില്‍ സംതുലിതമായ താരനിരയോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നത്.
എന്നാല്‍ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റിരുന്നു. ചെന്നൈയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച് തുടങ്ങാമെന്ന പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. എന്നാല്‍ ഏകദിന ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ആദ്യ മത്സരങ്ങളിലെ ഇന്ത്യയുടെ പ്രകടനം എങ്ങനെയായിരുന്നു. എത്ര മത്സരം തോറ്റു? എത്ര മത്സരം ജയിച്ചു?. കണക്കുകളിതാ. 1975-2019വരെയുള്ള ലോകകപ്പിലെ കണക്കുപ്രകാരം ഇന്ത്യ 6 മത്സരം ജയിക്കുകയും 6 മത്സരം തോല്‍ക്കുകയുമാണ് ചെയ്തത്.
ഇത്തവണയും 50-50 ശതമാനം സാധ്യതയാണ് ഇന്ത്യക്ക് നല്‍കാനാവുക. 1975ലെ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇംഗ്ലണ്ടിനെതിരേയായിരുന്നു. ഈ മത്സരത്തില്‍ ഇന്ത്യ 202 റണ്‍സിനാണ് തോറ്റത്. ഇംഗ്ലണ്ട് 335 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെച്ചപ്പോള്‍ 132 റണ്‍സാണ് ഇന്ത്യക്ക് നേടാനായത്.
1979ലെ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ശക്തരായ വെസ്റ്റ് ഇന്‍ഡീസായിരുന്നു. ഈ മത്സരത്തില്‍ 9 വിക്കറ്റിനാണ് ഇന്ത്യ നാണംകെട്ടത്. ഇന്ത്യയുടെ 190 റണ്‍സ് വിജയലക്ഷ്യം അനായാസം വിന്‍ഡീസ് മറികടന്നു.
ഇന്ത്യ ചാമ്പ്യന്മാരായ 1983ലെ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി വെസ്റ്റ് ഇന്‍ഡീസായിരുന്നു. കപില്‍ ദേവിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യ 34 റണ്‍സിനാണ് ഈ മത്സരം ജയിച്ചത്. യശ്പാല്‍ ശര്‍മയുടെ (89) അര്‍ധ സെഞ്ച്വറിയും രവി ശാസ്ത്രി, റോജര്‍ ബിന്നി എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനവും ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായി മാറി. ഇന്ത്യ ചരിത്രത്തിലെ ആദ്യത്തെ ലോകകപ്പ് സ്വന്തമാക്കിയത് 1983ലായിരുന്നു.

1987ലെ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യത്തെ എതിരാളി ഓസ്‌ട്രേലിയയായിരുന്നു. ചെന്നൈയിലാണ് ഈ മത്സരം നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇന്ത്യയെ ഒരു റണ്‍സിന് ഓസീസ് തോല്‍പ്പിച്ചിരുന്നു. 1992ലെ ലോകകപ്പില്‍ ഇംഗ്ലണ്ടായിരുന്നു ഇന്ത്യയുടെ ആദ്യ എതിരാളി. ഈ മത്സരത്തിലും ഇന്ത്യ കരുത്തുറ്റ പോരാട്ടം നടത്തിയെങ്കിലും 9 റണ്‍സിന് പരാജയപ്പെട്ടു.
1996ലെ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളി കെനിയയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 127 റണ്‍സുമായി തിളങ്ങിയ മത്സരത്തില്‍ 7 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 1999ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയായിരുന്നു ഇന്ത്യയുടെ ആദ്യ എതിരാളി. സൗരവ് ഗാംഗുലിയുടേയും രാഹുല്‍ ദ്രാവിഡിന്റേയും അര്‍ധ സെഞ്ച്വറി പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ 253 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
നാല് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. 2003ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി നെതര്‍ലന്‍ഡ്‌സായിരുന്നു. ഈ മത്സരത്തില്‍ 68 റണ്‍സിന് ജയിക്കാന്‍ ഇന്ത്യക്കായി. 2007ലെ ഏകദിന ലോകകപ്പ് ഇന്ത്യ മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായമാണ്. ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും നാണംകെട്ട ഏകദിന ലോകകപ്പായിരുന്നു 2007ലേത്. ആദ്യ മത്സരത്തില്‍ ഇന്ത്യയെ ബംഗ്ലാദേശ് 5 വിക്കറ്റിന് തോല്‍പ്പിക്കുകയാണ് ചെയ്തത്.
ഇടവേളക്ക് ശേഷം നടന്ന 2011ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരേയായിരുന്നു. 87 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. വീരേന്ദര്‍ സെവാഗ് 175 റണ്‍സ് നേടിയ മത്സരത്തില്‍ വിരാട് കോലി 100 റണ്‍സുമായി പുറത്താവാതെ നിന്നു.
2015ലെ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ എതിരാളി പാകിസ്താനായിരുന്നു. ചിരവൈരികളായ പാക് ടീമിനെ 76 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. 107 റണ്‍സുമായി വിരാട് കോലിയാണ് കസറിയത്.
2019ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയായിരുന്നു. ആറ് വിക്കറ്റിന് ഇന്ത്യ മത്സരം ജയിച്ചു. തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ഇന്ത്യക്കായെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്.