മുംബൈ: ഏകദിന ലോകകപ്പില്‍ ചരിത്ര സെമിക്കൊരുങ്ങുകയാണ് ഇന്ത്യ. 2019ലേതിന് സമാനമായി ഇത്തവണയും ഗംഭീര പ്രകടനവുമായി മുന്നോട്ട് പോകുന്ന ഇന്ത്യക്ക് സെമി കടമ്പ മറികടക്കുകയെന്നതാണ് വലിയ വെല്ലുവിളി. 2019ല്‍ സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇത്തവണയും ന്യൂസീലന്‍ഡാണ് സെമിയില്‍ ഇന്ത്യക്ക് എതിരാളികളായുള്ളത്. അതുകൊണ്ടും തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്.
കിവീസിനെ തോല്‍പ്പിക്കാന്‍ പതിനെട്ട് അടവും ഇന്ത്യക്ക് പയറ്റേണ്ടി വരും. നിലവിലെ ഫോമില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. എന്നാല്‍ പ്രധാന മത്സരത്തില്‍ പതറുന്നത് ഇന്ത്യയുടെ ശീലമാണ്. ഇത്തവണ അത് മറികടക്കാനും ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാനും ഇന്ത്യക്ക് തന്ത്രം പറഞ്ഞു നല്‍കിയിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്. ഇന്ത്യയുടെ മാനസിക നിലയുടെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
'ഇങ്ങനെയാവും കളിക്കാന്‍ പോവുകയെന്ന കൃത്യമായ തീരുമാനം മനസിലുണ്ടാവണം. ഡ്രസിങ് റൂമിനുള്ളില്‍ത്തന്നെ ഇത്തരമൊരു തീരുമാനം എല്ലാവര്‍ക്കും ഉണ്ടാവണം. എല്ലാ തോക്കുകളും നിറയൊഴിക്കാന്‍ തയ്യാറാക്കണം. ഈ മനോഭാവമാണ് ഇത്തവണത്തെ ഇന്ത്യയുടെ കുതിപ്പിന് കാരണം. ഇതിന് മാറ്റമുണ്ടായാല്‍ വിധിയും മാറും'-റിച്ചാര്‍ഡ്‌സ് പറഞ്ഞു. ഇന്ത്യ മികച്ച മാനസിക നിലയോടെയാണ് കളിക്കുന്നത്. ചാമ്പ്യന്മാരുടെ ശരീര ഭാഷയാണ് ഇന്ത്യക്ക്.
ഒരു മത്സരത്തില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല. കളിച്ച എട്ട് മത്സരത്തിലും ടീം ജയിച്ചു. നായകന്‍ രോഹിത് ശര്‍മക്ക് കീഴില്‍ ഒത്തൊരുമയോടെ കളിക്കാന്‍ ഇന്ത്യക്കാവുന്നു. ബാറ്റിങ് നിരയും ബൗളിങ് നിരയും സംതുലിതമാണ്. ഗ്രൂപ്പുഘട്ടത്തില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ സെമിയിലും മാനസികമായി ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡ് നിസാരക്കാരല്ല. കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസീലന്‍ഡ് നോക്കൗട്ട് മത്സരത്തില്‍ തോറ്റിട്ടില്ല.

അവസാന രണ്ട് ഏകദിന ലോകകപ്പുകളിലേയും റണ്ണറപ്പുകളായ ന്യൂസീലന്‍ഡിന് കണക്കുകളുടെ അടിസ്ഥാനത്തില്‍ സെമിയില്‍ ആധിപത്യമുണ്ട്. നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യക്കെതിരേ കിവീസിനാണ് മുന്‍തൂക്കം. കെയ്ന്‍ വില്യംസണ്‍ മികച്ച നായകനാണ്. അനുഭവസമ്പന്നനായ താരം ഇന്ത്യക്കെതിരേ മികച്ച തന്ത്രം മെനയാന്‍ മിടുക്കനാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യയുടെ കുതിപ്പിന്റെ അടിസ്ഥാനം.
ഇരുവരേയും പെട്ടെന്ന് പുറത്താക്കാനായാല്‍ ഇന്ത്യ നന്നായി പ്രയാസപ്പെടും. ട്രന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ന്യൂസീലന്‍ഡ് ബൗളിങ് നിര നിസാരക്കാരല്ല. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് നിസംശയം പറയാം. ഇന്ത്യ കഴിഞ്ഞ ലോകകപ്പ് സെമികളില്‍ തോല്‍ക്കാനുള്ള കാരണം മോശം ബാറ്റിങാണ്.
നിര്‍ണ്ണായക മത്സരത്തില്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഫ്‌ളോപ്പാവുന്നതാണ് കാണാനാവുന്നത്. ഈ പിഴവ് ഇത്തവണത്തെ സെമിയില്‍ ആവര്‍ത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ നിലവില്‍ കോലി തലപ്പത്താണ്. സ്ഥിരതയോടെ കളിക്കാന്‍ കോലിക്കാവുന്നുണ്ട്. പക്ഷെ സെമിയിലേക്കെത്തുമ്പോള്‍ കോലി പതറിയാല്‍ ഇന്ത്യയെ അത് കാര്യമായി ബാധിക്കും. മികച്ച തുടക്കം വളരെ പ്രധാനപ്പെട്ടതാണ്. രോഹിത് ഫോമിലാണെങ്കിലും ശുബ്മാന്‍ ഗില്ലിന് പ്രതീക്ഷിച്ച മികവില്ല.
മുംബൈയിലാണ് സെമി പോരാട്ടം നടക്കാന്‍ പോകുന്നത്. ഇവിടെ ഇന്ത്യക്ക് മികച്ച റെക്കോഡാണുള്ളത്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്ക് വലിയ റെക്കോഡ് മുംബൈയില്‍ അവകാശപ്പെടാം. ഇതെല്ലാം ഇന്ത്യയുടെ പ്രതീക്ഷകളുയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ സെമിയില്‍ ഭാഗ്യത്തിന് നിര്‍ണ്ണായക റോളുണ്ട്. ഇന്ത്യയെ ഇത്തവണയെങ്കിലും ഭാഗ്യം തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഇടവേളക്ക് ശേഷം കപ്പുയര്‍ത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യക്ക് മുന്നിലുള്ളത്.