For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: 2011ല്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍, ഇന്ന് അഫ്ഗാനൊപ്പം വില്ലനായി! ട്രോട്ട് ചതിച്ചു

ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ ഞെട്ടിക്കുന്ന പ്രകടനവുമായി വമ്പന്‍ അട്ടിമറി നടത്തിയിരിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. ഇംഗ്ലണ്ടിനെ 69 റണ്‍സിനാണ് അഫ്ഗാന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 284 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റണ്‍സില്‍ കൂടാരം കയറി. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ അഫ്ഗാന്‍ നേടുന്ന രണ്ടാമത്തെ മാത്രം ജയമാണിത്. ക്രിക്കറ്റിന്റെ പിതാക്കന്മാരെ അഫ്ഗാന്‍ അട്ടിമറിച്ചുവെന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് പറയാം.

ഗംഭീര പ്രകടനത്തോടെ അഫ്ഗാന്‍ ഇംഗ്ലണ്ടിന്റെ അന്തകരായി മാറിയപ്പോള്‍ എല്ലാവരുടേയും ശ്രദ്ധപോകുന്നത് മറ്റൊരു ഇംഗ്ലണ്ട് താരത്തിലേക്കാണ്. അത് മറ്റാരുമല്ല മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ ബാറ്റ്‌സ്മാനായ ജൊനാതന്‍ ട്രോട്ടാണ്. ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കുമ്പോള്‍ അഫ്ഗാന്റെ പരിശീലകനായുള്ളത് ട്രോട്ടാണ്. ഇംഗ്ലണ്ടിന്റെ ദൗര്‍ബല്യം നന്നായി അറിയാവുന്ന ട്രോട്ട് ഒരുക്കിയ തന്ത്രത്തിന്റെ കരുത്തിലാണ് അഫ്ഗാന്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതെന്ന് പറയാം.

അഫ്ഗാന്റെ വമ്പന്‍ ജയത്തില്‍ ടീം കൂടുതല്‍ നന്ദി പറയുന്നത് ട്രോട്ടിനോട് തന്നെയാണ്. ഇംഗ്ലണ്ടിന്റെ ഓരോ വിക്കറ്റ് വീഴുമ്പോഴും ട്രോട്ടിന്റെ മുഖത്തേക്കാണ് ക്യാമറ കണ്ണുകള്‍ പോയിരുന്നത്. 2011ല്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുമ്പോള്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍ ട്രോട്ടായിരുന്നു. ടോപ് ഓഡറിലെ ഇംഗ്ലണ്ടിന്റെ വിശ്വസ്തനായിരുന്ന ട്രോട്ടിന് ജോസ് ബട്‌ലര്‍, ജോണി ബെയര്‍സ്‌റ്റോ, ജോ റൂട്ട് എന്നിവരുടെയെല്ലാം കരുത്തും ദൗര്‍ബല്യവും നന്നായി അറിയാം.

ഇത് മുതലാക്കിയാണ് ട്രോട്ട് അഫ്ഗാനായി തന്ത്രം മെനഞ്ഞത്. ഇതില്‍ കൃത്യമായി ഇംഗ്ലണ്ട് കുടുങ്ങുകയും ചെയ്തു. ട്രോട്ട് മെനഞ്ഞ സ്പിന്‍ പദ്ധതി കളത്തില്‍ കൃത്യമായി നടപ്പിലാക്കാന്‍ അഫ്ഗാന്റെ സ്പിന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ അഫ്ഗാന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ അഫ്ഗാനെ ബാറ്റിങ്ങിനയക്കുമ്പോള്‍ പെട്ടെന്ന് ഓള്‍ഔട്ടാക്കാം എന്നതായിരുന്നു പദ്ധതി.

afghanistan, cricket

എന്നാല്‍ ഇംഗ്ലണ്ടിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിക്കുന്ന ബാറ്റിങ് പ്രകടനമാണ് അഫ്ഗാന്‍ കാഴ്ചവെച്ചത്. തുടക്കം മുതല്‍ അഫ്ഗാന്‍ ആക്രമിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലായി. റഹ്‌മാനുല്ല ഗുര്‍ബാസിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് അഫ്ഗാന് കരുത്തായത്. 57 പന്തില്‍ 8 ഫോറും 4 സിക്‌സുമടക്കം 80 റണ്‍സാണ് അഫ്ഗാന്‍ നേടിയത്. സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടാവുകയായിരുന്നു. മധ്യനിരയില്‍ ഇക്രം അലിഖിലിന്റെ (58) പ്രകടനം അഫ്ഗാന് നിര്‍ണ്ണായകമായി.

3 ഫോറും 2 സിക്‌സുമാണ് താരം പറത്തിയത്. റാഷിദ് ഖാനും (23) മുജീബുര്‍ റഹ്‌മാനും (28) നിര്‍ണ്ണായക റണ്‍സും നേടി. ബൗളിങ്ങില്‍ മുജീബുര്‍ റഹ്‌മാനും റാഷിദ് ഖാനും നിര്‍ണ്ണായകമായ മൂന്ന് വിക്കറ്റുകള്‍ വീതം പങ്കിട്ടു. മുഹമ്മദ് നബി രണ്ടുവിക്കറ്റും വീഴ്ത്തി. സ്പിന്നര്‍മാരുടെ മികവിന് മുന്നിലാണ് ഇംഗ്ലണ്ടിന് മുട്ടുമടക്കേണ്ടി വന്നത്. മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുന്നതില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടു. ജോസ് ബട്‌ലറിന്റെ മോശം ഫോം ഇംഗ്ലണ്ടിനെ പിന്നോട്ടടിക്കുകയാണ്.

മധ്യനിരയില്‍ ബെന്‍ സ്‌റ്റോക്‌സിനെപ്പോലൊരു വിശ്വസ്തനായ ബാറ്റ്‌സ്മാന്റെ അഭാവം ഇംഗ്ലണ്ടിനൊപ്പമുണ്ട്. ലോകകപ്പ് കളിക്കാനായി വിരമിക്കല്‍ പിന്‍വലിച്ചെത്തിയ സ്റ്റോക്‌സിനെ പരിക്ക് വേട്ടയാടുകയായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വന്നത്. സ്റ്റോക്‌സിന്റെ അഭാവം ഇംഗ്ലണ്ടിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. സ്റ്റോക്‌സ് തിരിച്ചുവന്നാല്‍ ഇംഗ്ലണ്ടിന്റെ ടീം കരുത്ത് മെച്ചപ്പെടുമെന്ന കാര്യം ഉറപ്പാണ്.

ന്യൂസീലന്‍ഡിനോടും അഫ്ഗാനിസ്ഥാനോടും തോറ്റതോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യത പരുങ്ങലിലാണ്. ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം വമ്പന്‍ ജയം ഇംഗ്ലണ്ടിന് നേടേണ്ടതായുണ്ട്. നിലവിലെ ചാമ്പ്യന്മാര്‍ക്ക് അതിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Monday, October 16, 2023, 14:05 [IST]
Other articles published on Oct 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+