മുംബൈ: ഏകദിന ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരെന്ന തലയെടുപ്പോടെയാണ് ഇംഗ്ലണ്ട് ഇത്തവണത്തെ ലോകകപ്പിലേക്കെത്തിയത്. ഇത്തവണയും ഇംഗ്ലണ്ടിന് സെമി ഉറപ്പാണെന്നാണ് പല പ്രമുഖരും പ്രവചിച്ചിരുന്നത്. എന്നാല്‍ ആദ്യത്തെ നാല് മത്സരം പൂര്‍ത്തിയാവുമ്പോള്‍ ഇംഗ്ലണ്ട് നാണംകെട്ടിരിക്കുകയാണ്. നാല് മത്സരത്തില്‍ ഒരു മത്സരം മാത്രം ജയിച്ച ഇംഗ്ലണ്ട് മൂന്ന് മത്സരവും തോറ്റു. നെതര്‍ലന്‍ഡ്‌സിനോടുപോലും മുട്ടുകുത്തി ചാമ്പ്യന്‍ നിര നാണംകെട്ടു.
ബെന്‍ സ്‌റ്റോക്‌സ് തിരിച്ചെത്തുന്നതോടെ ഇംഗ്ലണ്ട് കരുത്ത് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ദക്ഷിണാഫ്രിക്കയോട് 229 റണ്‍സിനാണ് ഇംഗ്ലണ്ട് തലകുനിച്ചത്. 2 പോയിന്റ് മാത്രമുള്ള ഇംഗ്ലണ്ട് നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ഇംഗ്ലണ്ട് സെമി കളിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. എന്നാല്‍ ഇംഗ്ലണ്ടിന്റെ മുന്നില്‍ വാതില്‍ പൂര്‍ണ്ണമായും അടഞ്ഞിട്ടില്ല. തിരിച്ചുവരാനും സെമി കളിക്കാനുമുള്ള അവസരം ഇപ്പോഴും ഇംഗ്ലണ്ടിന് മുന്നിലുണ്ട്.
അത് എങ്ങനെയാണെന്ന് പരിശോധിക്കാം. ആദ്യം വേണ്ടത് ഇനിയുള്ള മത്സരങ്ങളിലെല്ലാം വമ്പന്‍ ജയം നേടുകയെന്നതാണ്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളും ജയിച്ചാല്‍ 12 പോയിന്റിലേക്കെത്താന്‍ ഇംഗ്ലണ്ടിന് സാധിക്കും. ഇതിലൂടെത്തന്നെ ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനക്കാരായോ നാലാം സ്ഥാനക്കാരായോ സെമി കളിക്കാന്‍ സാധിക്കും. എന്നാല്‍ ഇതിലേതെങ്കിലും ഒരു മത്സരം തോറ്റാല്‍ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ അവസാനിക്കുമെന്ന് പറയാം.
നിലവിലെ പോയിന്റ് പട്ടിക പ്രകാരം 12 പോയിന്റിലധികം നേടാന്‍ സാധ്യതയുള്ളത് ഇന്ത്യ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാകിസ്താന്‍ ടീമുകളാണ്. എന്നാല്‍ ഇംഗ്ലണ്ടിന് ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താന്‍ മത്സരം ശേഷിക്കുന്നു. ഈ മൂന്ന് ടീമിനെതിരേ ജയിക്കാനായാല്‍ പോയിന്റ് പട്ടികയില്‍ വലിയ മുന്നേറ്റം നടത്താന്‍ ഇംഗ്ലണ്ടിന് സാധിച്ചേക്കും. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് രണ്ട് പോയിന്റുകള്‍ സ്വന്തമാക്കിയിട്ടുള്ളത്.

ഇതില്‍ ഇനിയുള്ള എല്ലാ മത്സരവും ജയിക്കാത്ത ടീം സെമി കാണാതെ പുറത്താകുമെന്നുറപ്പ്. ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റാണ് പ്രശ്‌നം. -1.248 ആണ് ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ്. ശേഷിക്കുന്ന അഞ്ച് മത്സരങ്ങളിലും വലിയ ജയം നേടിയാലെ ഇംഗ്ലണ്ടിന് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ സാധിക്കൂ. അഞ്ച് മത്സരത്തില്‍ മൂന്ന് മത്സരം കരുത്തരായ ഇന്ത്യ, ഇംഗ്ലണ്ട്, ഓസീസ് ടീമുകള്‍ക്കെതിരേയാണ്. ഇവരോട് വമ്പന്‍ ജയം നേടുകയെന്നത് ഇംഗ്ലണ്ടിന് ഏറെക്കുറെ അസാധ്യമാണ്.
ഇത് ടീമിന്റെ നെറ്റ് റണ്‍റേറ്റിനെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പ്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇംഗ്ലണ്ട് ഇത്തവണ സെമി കളിക്കാന്‍ സാധ്യതയില്ല. ജോസ് ബട്‌ലര്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ജോണി ബെയര്‍സ്‌റ്റോ, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട്, ഡേവിഡ് മലാന്‍, ഹാരി ബ്രൂക്ക് എന്നിവരെല്ലാം പേരുകേട്ട ബാറ്റ്‌സ്മാന്‍മാരാണ്. എന്നാല്‍ സ്ഥിരതയോടെ ഫോമില്‍ കളിക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം.
റീസെ ടോപ്ലി പരിക്കിന്റെ പിടിയിലായതോടെ ശേഷിക്കുന്ന മത്സരങ്ങള്‍ കളിക്കില്ലെന്നുറപ്പ്. അങ്ങനെ വന്നാല്‍ ഇംഗ്ലണ്ടിനത് കൂടുതല്‍ തിരിച്ചടിയാവും. ഇംഗ്ലണ്ടിന്റെ ടീം കരുത്ത് ഇപ്പോഴും ശക്തമാണ്. എന്നാല്‍ മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാനോ ആത്മവിശ്വാസത്തോടെ കളിക്കാനോ ഇംഗ്ലണ്ടിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ സെമിയിലേക്കെത്തുക ജോസ് ബട്‌ലര്‍ക്കും സംഘത്തിനും പ്രയാസമാവും. ബട്‌ലറുടെ മോശം പ്രകടനവും ടീമിനെ പിന്നോട്ടടിക്കുന്നു.
നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ബട്‌ലര്‍ നിരാശപ്പെടുത്തുന്നു. ഇന്ത്യന്‍ പിച്ചില്‍ വലിയ അനുഭവസമ്പത്ത് ബട്‌ലര്‍ക്കുണ്ട്. രാജസ്ഥാന്‍ റോയല്‍സ് താരമായ ബട്‌ലര്‍ ഐപിഎല്ലില്‍ ഒരു സീസണില്‍ നാല് സെഞ്ച്വറിയടക്കം നേടിയിട്ടുണ്ട്. നിലവിലെ താരത്തിന്റെ ഫോം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് നിസംശയം പറയാം. ഇംഗ്ലണ്ടിന് ഇനിയുള്ള അഞ്ച് മത്സരങ്ങള്‍ ജയിക്കാന്‍ സാധിച്ചാലും സെമിയിലേക്കെത്തുക പ്രയാസമായിരിക്കുമെന്ന് തന്നെ വിലയിരുത്താം.