മുംബൈ: ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കവെ ശക്തമായ പോരാട്ടങ്ങളാണ് നിലവില്‍ നടക്കുന്നത്. അഞ്ച് മത്സരം പൂര്‍ത്തിയാവുമ്പോള്‍ ഒരു മത്സരം പോലും തോല്‍ക്കാത്തത് ആതിഥേയരായ ഇന്ത്യ മാത്രമാണ്. മറ്റെല്ലാ ടീമുകളും തോല്‍വി വഴങ്ങിയതിനാല്‍ത്തന്നെ പോയിന്റ് പട്ടികയില്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. സെമിയില്‍ സീറ്റുറപ്പിക്കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളിലെല്ലാം തീപാറും.
നിലവിലെ പോയിന്റ് പട്ടിക പ്രകാരം ഇന്ത്യ തലപ്പത്ത് നില്‍ക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ പിന്നാലെയുമുണ്ട്. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ ഈ നാല് വമ്പന്മാരാണ് മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നത്. അപ്രതീക്ഷിത തിരിച്ചടി നേരിട്ട രണ്ട് ടീമുകള്‍ ഇംഗ്ലണ്ടും പാകിസ്താനുമാണ്. രണ്ട് ടീമും പ്രതീക്ഷിച്ച മുന്നേറ്റമല്ല കാഴ്ചവെക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ആദ്യത്തെ നാല് മത്സരത്തില്‍ മൂന്നിലും തോറ്റു.
അഫ്ഗാനിസ്ഥാനോടടക്കം ഇംഗ്ലണ്ടിന് തോല്‍വി വഴങ്ങേണ്ടിവന്നുവെന്നതാണ് എടുത്തു പറയേണ്ടത്. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെ ഇംഗ്ലണ്ടിന് ഇനി എങ്ങനെ സെമിയിലെത്താനാവും?. ടീമിന്റെ സെമി സാധ്യതകള്‍ പരിശോധിക്കാം. ഇനിയുള്ള അഞ്ച് മത്സരങ്ങള്‍ ജയിക്കുകയെന്നതാണ് ഇംഗ്ലണ്ടിന് മുന്നിലെ പ്രധാന വെല്ലുവിളി. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാല്‍ പരമാവധി 12 പോയിന്റാവും ഇംഗ്ലണ്ടിന് സ്വന്തമാക്കാന്‍ സാധിക്കുക.
കേവലം ജയം എന്നതിലുപരിയായി വലിയ ജയങ്ങള്‍ ഇംഗ്ലണ്ടിന് ഇപ്പോള്‍ ആവശ്യമാണ്. നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുന്ന നിലയില്‍ വലിയ ജയങ്ങള്‍ നേടാന്‍ ഇംഗ്ലണ്ടിന് സാധിക്കേണ്ടതായുണ്ട്. നിലവില്‍ -1.247 ആണ് ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ്. ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്‌സ് എന്നിവര്‍ മാത്രമാണ് നെറ്റ് റണ്‍റേറ്റില്‍ ഇംഗ്ലണ്ടിന് പിന്നിലുള്ളത്. അതുകൊണ്ടുതന്നെ വലിയ ജയങ്ങള്‍ നേടാതെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താന്‍ ഇംഗ്ലണ്ടിന് സാധിക്കില്ല.

എന്നാല്‍ ഇംഗ്ലണ്ടിന് ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കുകയെന്നത് വലിയ പ്രയാസമാണ്. കാരണം ശക്തമായ എതിരാളികളാണ് ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. ഇന്ന് ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് മത്സരമുണ്ട്. ഇന്ത്യ, ഓസ്‌ട്രേലിയ, നെതര്‍ലന്‍ഡ്‌സ്, പാകിസ്താന്‍ എന്നിവരെയാണ് ഇനി ഇംഗ്ലണ്ടിന് നേരിടാനുള്ളത്. ഇതില്‍ ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്താന്‍ ടീമുകള്‍ ഇംഗ്ലണ്ടിന് വലിയ ഭീഷണി ഉയര്‍ത്തുന്നു. നിലവിലെ ഇംഗ്ലണ്ടിന്റെ ഫോം പരിശോധിക്കുമ്പോള്‍ വലിയൊരു തിരിച്ചുവരവ് പ്രയാസമാണ്.
ജോണി ബെയര്‍സ്‌റ്റോ, ഡേവിഡ് മലാന്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോ റൂട്ട് എന്നിവരെല്ലാം മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരങ്ങളാണ്. എന്നാല്‍ ഇവരുടെയെല്ലാം സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. ഇവര്‍ ഫോമിലേക്കെത്തിയാല്‍ ഇംഗ്ലണ്ടിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവും. എന്നാല്‍ ഫോമിലേക്കെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
റീസെ ടോപ്ലിക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നതും ഇംഗ്ലണ്ടിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബൗളിങ് നിര ഭേദപ്പെട്ട് തുടങ്ങുന്നുണ്ടെങ്കിലും ഡെത്തോവറില്‍ നന്നായി തല്ലുവാങ്ങുന്നു. ഇതിന് പരിഹാരം കാണുകയെന്നും ഇംഗ്ലണ്ടിനെ സംബന്ധിച്ച് പ്രയാസമാണ്. ബെന്‍ സ്‌റ്റോക്‌സും ജോസ് ബട്‌ലറും മധ്യനിരയില്‍ താളം കണ്ടെത്തിയാല്‍ ഇംഗ്ലണ്ടിനത് വലിയ ആശ്വാസമാവും. ദൗര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ ഇംഗ്ലണ്ടിനത് സാധിക്കുന്നില്ലെന്നതാണ് വസ്തുത.
നിലവിലെ ചാമ്പ്യന്മാരായെത്തി സെമി കാണാതെ പുറത്തായാല്‍ ഇംഗ്ലണ്ടിനത് വലിയ നാണക്കേടായിരിക്കും. ഇംഗ്ലണ്ടിന്റെ മിക്ക താരങ്ങള്‍ക്കും ഇന്ത്യയില്‍ വലിയ അനുഭവസമ്പത്തുണ്ടെങ്കിലും അതിനെ മുതലാക്കാന്‍ സാധിക്കുന്നില്ലെന്നതാണ് വസ്തുത. 2015ലെ ലോകകപ്പിലാണ് ഇംഗ്ലണ്ട് അവസാനമായി സെമി കാണാതെ പുറത്തായത്. ഇത്തവണ സെമി ഉറപ്പെന്ന് എല്ലാവരും പ്രവചിച്ച ടീമാണ് ഇംഗ്ലണ്ട്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. ശക്തമായ തിരിച്ചുവരവ് നടത്തി ഇത്തവണ സെമി കളിക്കുക ഇംഗ്ലണ്ടിന് പ്രയാസമാണെന്നതാണ് വസ്തുത.