മുംബൈ: ഏകദിന ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് വലിയ പ്രതീക്ഷ വെച്ചിരുന്ന ടീമുകളിലൊന്നാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും. ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ വലിയ കിരീട സാധ്യതയുമായാണ് ഇന്ത്യയിലേക്കെത്തിയത്. ഓസ്‌ട്രേലിയ അഞ്ച് തവണ ചാമ്പ്യന്മാരായ ടീമാണ്. ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ള നിരവധി താരങ്ങള്‍ ഓസീസിനൊപ്പമുണ്ട്. അതുകൊണ്ടുതന്നെ ഓസീസും വിറപ്പിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്.
എന്നാല്‍ ലോകകപ്പ് പുരോഗമിക്കവെ ഇംഗ്ലണ്ടും ഓസീസും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഓസ്‌ട്രേലിയ ആദ്യത്തെ രണ്ട് മത്സരവും തോറ്റപ്പോള്‍ ഇംഗ്ലണ്ട് മൂന്ന് മത്സരത്തില്‍ രണ്ട് തോല്‍വിയും ഒരു ജയവുമാണ് നേടിയത്. ടീമില്‍ നിന്ന് പ്രതീക്ഷിച്ച നിലവാരം ആദ്യ മത്സരങ്ങളില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. നിലവില്‍ ഓസീസ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്.
ഇരു ടീമും നിരാശപ്പെടുത്തുന്നത് ഇന്ത്യക്കാണ് കൂടുതല്‍ ഗുണം ചെയ്യുന്നതെന്ന് പറയാം. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വലിയ കിരീട പ്രതീക്ഷയാണുള്ളത്. ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നല്‍കാന്‍ കഴിവുള്ള രണ്ട് ടീമുകളാണ് ഇംഗ്ലണ്ടും ഓസീസും. രണ്ട് ടീമും പിന്നോട്ട് പോകുമ്പോള്‍ പോയിന്റ് ടേബിളില്‍ ഇന്ത്യക്കത് നേട്ടമായി മാറുന്നു. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരാവാന്‍ സാധിക്കുമോയെന്നാണ് ഇന്ത്യ ശ്രമിക്കുന്നത്.
ആദ്യ മൂന്ന് മത്സരവും ജയിച്ച ഇന്ത്യ 1.821 നെറ്റ് റണ്‍റേറ്റില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. തൊട്ടുപിന്നാലെ ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയുമുണ്ട്. ന്യൂസീലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് 1.604 ആണ്. ദക്ഷിണാഫ്രിക്കയുടേത് 2.360 ആണ്. ടൂര്‍ണമെന്റ് രണ്ടാം വാരത്തിലേക്ക് കടക്കവെ ഈ രണ്ട് ടീമുമാണ് ഇന്ത്യക്ക് വെല്ലുവിളി തീര്‍ക്കുന്നത്. ഇംഗ്ലണ്ടും ഓസീസും പിന്നോട്ട് പോകുന്നത് ഇന്ത്യയുടെ സമ്മര്‍ദ്ദം കുറക്കാനും കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനും സഹായിക്കുമെന്നുറപ്പ്.

നെറ്റ് റണ്‍റേറ്റില്‍ ഇംഗ്ലണ്ടും ഓസീസും പിന്നോട്ട് നില്‍ക്കുന്നതും ഇന്ത്യക്ക് ഗുണകരമാവുന്നു. നെറ്റ് റണ്‍റേറ്റില്‍ ഇരു ടീമും പിന്നോട്ട് പോകുന്നത് ബാക്കിയെല്ലാ ടീമുകള്‍ക്കും പ്രതീക്ഷ നല്‍കുന്നുവെന്നതാണ് വസ്തുത. ശക്തമായ പോരാട്ടം എല്ലാ ടീമുകളില്‍ നിന്നുമുണ്ടാവുകയും തുല്യ പോയിന്റുകള്‍ ഒന്നിലധികം ടീമുകള്‍ക്ക് ലഭിക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റാവും നിര്‍ണ്ണായകമാവുക. അതുകൊണ്ടുതന്നെ നെറ്റ് റണ്‍റേറ്റില്‍ ഓസീസും ഇംഗ്ലണ്ടും പിന്നോട്ട് പോകുന്നത് ഇന്ത്യക്ക് വലിയ ആശ്വാസമാവും.
ഓസ്‌ട്രേലിയയുടെ നെറ്റ് റണ്‍റേറ്റ് -1.84 ആണ്. ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ് -0.084 ആണ്. രണ്ട് ടീമുകള്‍ക്കും ഇനിയുള്ള മത്സരങ്ങളില്‍ ചെറിയ ജയം നേടിയിട്ട് കാര്യമില്ല. വമ്പന്‍ ജയങ്ങള്‍ത്തന്നെ നേടാത്ത പക്ഷം ഇരു ടീമിനും നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനാവില്ല. ഇന്ത്യയുടെ അടുത്ത മത്സരം ബംഗ്ലാദേശിനെതിരേയാണ്. ഇതിലും വലിയ ജയം നേടാനായാല്‍ നെറ്റ് റണ്‍റേറ്റില്‍ ഇംഗ്ലണ്ട്, ഓസീസ് ടീമുകളെ ബഹുദൂരം പിന്നിലാക്കാന്‍ ഇന്ത്യക്ക് സാധിക്കും.
നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ ഓസീസിനെ ഇന്ത്യ തോല്‍പ്പിച്ച് കഴിഞ്ഞു. ഇനി ഇംഗ്ലണ്ടിനെതിരേയുള്ള പോരാട്ടം വരാനിരിക്കുന്നതേയുള്ളൂ. ഇതിലും ഇന്ത്യക്ക് മാനസികമായി മുന്‍തൂക്കമുണ്ട്. രണ്ട് ടീമുകളും പിന്നോട്ട് പോകുന്തോറും കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ ഇന്ത്യക്ക് സെമി സീറ്റുറപ്പിക്കാനാവുമെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഇരു ടീമും കൂടുതല്‍ മത്സരം തോല്‍ക്കുന്നതും വലിയ അട്ടിമറികള്‍ സംഭവിക്കുന്നതും ഇന്ത്യക്ക് ഗുണകരമായി മാറും.
അവസാന രണ്ട് ലോകകപ്പിലും ആതിഥേയരാണ് കപ്പ് നേടിയത്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യക്ക് വലിയ കിരീട പ്രതീക്ഷയാണുള്ളത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ സംഘം ഗംഭീര ഫോമിലാണ് മുന്നോട്ട് പോകുന്നത്. ഇംഗ്ലണ്ടും ഓസീസും സെമിയിലേക്കെത്തിയാല്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ക്കത് വലിയ വെല്ലുവിളിയാവും. ഇക്കാരണത്താല്‍ത്തന്നെ ഇംഗ്ലണ്ടും ഓസീസും സെമി കളിക്കാതിരിക്കാനാവും ഇന്ത്യ ആഗ്രഹിക്കുക.