Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: പാകിസ്താന്‍ ഇനി സെമി കളിക്കുമോ? സാധ്യത എങ്ങനെ, അറിയാം

ലോകകപ്പില്‍ മികച്ച തുടക്കത്തിനു ശേഷം പാകിസ്താന് അടിതെറ്റിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമാണ് കഴിഞ്ഞ ദിവസം ബാബര്‍ ആസവും സംഘവുമേറ്റു വാങ്ങിയത്. ഇന്ത്യയോടേറ്റ വന്‍ പരാജയത്തിന്റെ ക്ഷീണം മാറ്റാനുറച്ച് നാലാം റൗണ്ടില്‍ ഇറങ്ങിയ പാക് പടയ്ക്കു വീണ്ടുമൊരു തിരിച്ചടിയാണ് നേരിട്ടത്. അഞ്ചു തവണ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയോടും പാക് പട 62 റണ്‍സിനു കീഴടങ്ങുകയായിരുന്നു. ഇതോടെ പാകിസ്താന്‍ ആരാധകരും ആശങ്കയിലായിരിക്കുകയാണ്.

ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് ടീമിനു സെമി ഫൈനലില്‍ കടക്കാന്‍ കഴിയുമോയെന്നതാണ് ഇതിനു കാരണം. പാകിസ്താന്‍ ടീമിനു എങ്ങനെ സെമിയിലെത്താന്‍ സാധിക്കുമെന്നു നമുക്കു പരിശോധിക്കാം. ഓസീസിനോടു തോറ്റതോടെ പാകിസ്താന് ടോപ് ഫോറിലെ സ്ഥാനം നഷ്ടമായിരിക്കുകയാണ്. ഓസീസിനും പാകിസ്താനും നിലവില്‍ നാലു പോയിന്റ് വീതമാണുള്ളത്.

PAKISTAN

എന്നാല്‍ മെച്ചപ്പെട്ട നെറ്റ് റണ്‍റേറ്റ് പാകിസ്താനെ പിന്തള്ളി നാലാംസ്ഥാനത്തേക്കു കയറാന്‍ കംഗാരുപ്പടയെ സഹായിക്കുകയായിരുന്നു. പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ് -0.456ഉം ഓസീസിന്റേത് -0.193ഉം ആണ്. പാകിസ്താന്റെ അഞ്ചാംസ്ഥാനവും ഭദ്രമല്ല. ഒരു മല്‍സരം കുറച്ചു കളിച്ച നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് തൊട്ടുതാഴെയുണ്ട്.

പാകിസ്താനേക്കാള്‍ മെച്ചപ്പെട്ട നെറ്റ് റണ്‍റേറ്റാണ് ഇംഗ്ലണ്ടിന്റേത് (-0.084 നെറ്റ് റണ്‍റേറ്റ്). അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്നു ജയിക്കാനായാല്‍ പാകിസ്താനെ ആറാംസ്ഥാനത്തേക്കു പിന്തള്ളി ഇംഗ്ലണ്ട് മുകളിലേക്കു വരുമെന്നുറപ്പാണ്.

വലിയ മാര്‍ജിനിലുള്ള രണ്ടു തുടര്‍ തോല്‍വികള്‍ തീര്‍ച്ചയായും പാകിസ്താന്റെ സെമി ഫൈനല്‍ സാധ്യതകള്‍ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. നെറ്റ് റണ്‍റേറ്റ് വളരെ മോശമാണെന്നാണ് പാകിസ്താനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടി. പോയിന്റ് പട്ടികയില്‍ താഴെയുള്ള ടീമുകള്‍ ഇനിയുള്ള മല്‍സരങ്ങളില്‍ മികച്ച മാര്‍ജിനില്‍ ജയിച്ചുകയറിയാല്‍ പാകിസ്താന്‍ പട്ടികയില്‍ നിന്നും ഇനിയും താഴേക്കു പോവാനുള്ള സാധ്യത കൂടുതലാണ്.

എങ്കിലും പോയിന്റ് പട്ടികയില്‍ മൂന്ന്-നാല് സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്യാന്‍ പാകിസ്താന് ഇനിയും സാധിക്കും. പക്ഷെ അതു അല്‍പ്പം കടുപ്പം തന്നെയായിരിക്കും. ലീഗ് ഘട്ടത്തിലെ ഒമ്പതു മല്‍സരങ്ങളില്‍ കുറഞ്ഞത് ആറു കളികളെങ്കിലും ജയിച്ച് 12 പോയിന്റെങ്കിലും നേടിയാല്‍ മാത്രമേ ഒരു ടീമിനു സെമിയില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ.

മഴ കാരണം ഏതെങ്കിലും മല്‍സരം ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ അതും സമവാക്യങ്ങള്‍ മാറ്റിമറിക്കും. പാകിസ്താന് ഇനി അഞ്ചു കളികളാണ് ബാക്കിയുള്ളത്. ഇതില്‍ നാലെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ 12 പോയിന്റമായി സെമിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ.

PAKISTAN

ബാക്കിയുള്ള അഞ്ചു മല്‍സരങ്ങളില്‍ മൂന്നും കടുപ്പമാണെന്നത് പാക് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്. അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേയാണ് പാകിസ്താന്റെ ഇനിയുള്ള മല്‍സരങ്ങള്‍. ഇവയില്‍ സൗത്താഫ്രിക്ക, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് എന്നിവരുമായുള്ള കളികള്‍ ജയിക്കുക ദുഷ്‌കരമായിരിക്കും.

അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവരെയും എഴുതിത്തള്ളാന്‍ കഴിയില്ല. നേരത്തേ പാക് പടയെ ഞെട്ടിച്ച ടീമുകളാണ് രണ്ടു പേരും. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച ക്രിക്കറ്റ് തന്നെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ കാഴ്ചവയ്ക്കാനായാല്‍ മാത്രമേ പാകിസ്താന്‍ സെമി ടിക്കറ്റ് പ്രതീക്ഷിക്കേണ്ടതുള്ളൂ.

അതിനു സാധിക്കാതെ വന്നാല്‍ സെമി കാണാതെ അവര്‍ക്കു നാട്ടിലേക്കു മടങ്ങേണ്ടതായി വരും. 23ന് അഫ്ഗാനുമായിട്ടാണ് പാകിസ്താന്റെ അടുത്ത മല്‍സരം. ഇതില്‍ ജയിക്കാനായില്ലെങ്കില്‍ ബാക്കിയുള്ള നാലു മല്‍സരങ്ങളിലും ജയിക്കുകയല്ലാതെ പാക് പടയ്ക്കു മറ്റു വഴികളില്ലാതെയാവും.

Story first published: Saturday, October 21, 2023, 6:33 [IST]
Other articles published on Oct 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+