ബംഗളൂരു: ഭാഗ്യം മഴയുടെ രൂപത്തില്‍ അവതരിച്ചപ്പോള്‍ ന്യൂസീലന്‍ഡിനെതിരേ പാകിസ്താന് തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് ആറ് വിക്കറ്റിന് 401 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 25.3 ഓവറില്‍ 1 വിക്കറ്റിന് 200 റണ്‍സില്‍ നില്‍ക്കവെ മഴയെത്തുകയായിരുന്നു. മഴ കനത്തതോടെ 25.3 ഓവറിലെ പാകിസ്താന്റെ വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചപ്പോള്‍ 180 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇതോടെ 21 റണ്‍സിന്റെ ജയം പാകിസ്താന്‍ സ്വന്തമാക്കി.
ഒരു പക്ഷെ മത്സരം മുഴുവന്‍ നടന്നിരുന്നെങ്കില്‍ ന്യൂസീലന്‍ഡ് ജയിക്കാന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ കിവീസിന് വില്ലനായി മഴയെത്തിയതോടെ ജയം പാകിസ്താനൊപ്പം നിന്നു. ഫഖര്‍ സമാന്റെയും (126*) ബാബര്‍ ആസമിന്റെയും (66*) ബാറ്റിങ്ങാണ് പാകിസ്താന് കരുത്തായത്. വിജയത്തോടെ എട്ട് മത്സരത്തില്‍ എട്ട് പോയിന്റുകളുമായി പാകിസ്താന്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നിരിക്കുകയാണ്. അവസാന നാല് മത്സരവും തോറ്റ ന്യൂസീലന്‍ഡിനും എട്ട് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റാണുള്ളത്.
എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ കരുത്തിലാണ് ന്യൂസീലന്‍ഡ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ന്യൂസീലന്‍ഡിന്റെ നെറ്റ്‌റണ്‍റേറ്റ് 0.398ഉും പാകിസ്താന്റേത് 0.036ഉുമാണ്. പാകിസ്താന്റെ ജയത്തോടെ ഇന്ത്യക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയും സെമി ഉറപ്പിച്ചു. നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ച് പാകിസ്താന്‍ സെമി കളിക്കാനുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്. ഒരു മത്സരം ശേഷിക്കെ പാകിസ്താന് എങ്ങനെ സെമിയിലെത്താം? സാധ്യത പരിശോധിക്കാം.
ഒന്നാമത്തെ കാര്യം പാകിസ്താന്‍ അവസാന മത്സരം ജയിക്കുകയെന്നതാണ്. ഇംഗ്ലണ്ടിനെയാണ് അവസാന മത്സരത്തില്‍ പാകിസ്താന് നേരിടേണ്ടത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇത്തവണ മോശം ഫോമിലാണെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ പാകിസ്താന് ഇംഗ്ലണ്ടിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാനായാല്‍ പാകിസ്താന്റെ സെമി സാധ്യത ഉയരും. നെറ്റ് റണ്‍റേറ്റില്‍ ന്യൂസീലന്‍ഡിനെ മറികടക്കാന്‍ പാകിസ്താന് വലിയ ജയം അത്യാവശ്യമാണ്.

ന്യൂസീലന്‍ഡിന്റെ അവസാന മത്സരം ശ്രീലങ്കയ്‌ക്കെതിരേയാണ്. ഇതില്‍ ന്യൂസീലന്‍ഡ് വലിയ മാര്‍ജിനില്‍ ജയിക്കാതിരിക്കേണ്ടത് പാകിസ്താന് അത്യാവശ്യമാണ്. ഈ മത്സരത്തില്‍ ന്യൂസീലന്‍ഡ് തോറ്റാല്‍ പാകിസ്താന്റെ സെമി സാധ്യത കൂടുതല്‍ സജീവമാകും. അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡും പാകിസ്താനും ജയിച്ചാല്‍ രണ്ട് ടീമിനും 10 പോയിന്റുകളാവും ഉണ്ടാവുക. ഇതോടെ നെറ്റ് റണ്‍റേറ്റ് നിര്‍ണ്ണായകമായി മാറും. എന്നാല്‍ ഈ രണ്ട് ടീമിനും ആശങ്കയായുള്ളത് അഫ്ഗാനിസ്ഥാനാണ്.
ഏഴ് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റാണ് അഫ്ഗാനിസ്ഥാനുള്ളത്. നിലവില്‍ ആറാം സ്ഥാനത്താണ് അഫ്ഗാന്‍. ടീം അവസാന രണ്ട് മത്സരങ്ങള്‍ ജയിച്ചാല്‍ ന്യൂസീലന്‍ഡിനെയും പാകിസ്താനെയും മറികടന്ന് സെമി കളിച്ചേക്കും. എന്നാല്‍ അഫ്ഗാന് കാര്യങ്ങള്‍ എളുപ്പമല്ല. കാരണം അഫ്ഗാന്റെ ഒരു എതിരാളികള്‍ കരുത്തരായ ഓസ്‌ട്രേലിയയാണ്. രണ്ടാമത്തെ എതിരാളികള്‍ ദക്ഷിണാഫ്രിക്കയാണ്. രണ്ട് ടീമുകളും ലോക ക്രിക്കറ്റിലെ വന്‍ ശക്തികളായതിനാല്‍ അഫ്ഗാന് ജയിക്കുക പ്രയാസമാവും.
എന്നാല്‍ ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്‌സിനോട് തോറ്റ ടീമാണ്. അതുകൊണ്ടുതന്നെ അഫ്ഗാന് പ്രതീക്ഷയുണ്ട്. ക്രിക്കറ്റില്‍ മുന്‍വിധികള്‍ക്ക് സ്ഥാനമില്ല. ദക്ഷിണാഫ്രിക്കയേയും ഓസ്‌ട്രേലിയയേയും അഫ്ഗാന്‍ തോല്‍പ്പിച്ചാല്‍ ചരിത്രത്തിലാദ്യമായി അഫ്ഗാന്‍ ഏകദിന ലോകകപ്പ് സെമി കളിക്കും. ആദ്യ നാല് മത്സരവും ജയിച്ച ന്യൂസീലന്‍ഡ് പിന്നീടുള്ള നാല് മത്സരവും തോറ്റുവെന്നതാണ് നിരാശപ്പെടുത്തുന്നത്. പാകിസ്താനെതിരേ ന്യൂസീലന്‍ഡ് ജയം അര്‍ഹിച്ചിരുന്നു.
എന്നാല്‍ മഴയുടെ രൂപത്തില്‍ നിര്‍ഭാഗ്യം വേട്ടയാടി. അവസാന രണ്ട് ലോകകപ്പിലേയും റണ്ണറപ്പുകളാണ് ന്യൂസീലന്‍ഡ്. ഇത്തവണയും സെമിയില്‍ ടീം ഇടം പ്രതീക്ഷിക്കുന്നു. അവസാന മത്സരത്തില്‍ ഭാഗ്യം പാകിസ്താനെയാണോ ന്യൂസീലന്‍ഡിനെയാണോ തുണക്കുകയെന്നത് കാത്തിരുന്ന് കണ്ടറിയാം. എന്തായാലും പോരാട്ടം കടുക്കുമെന്നുറപ്പ്.