ലോകകപ്പില്‍ നാലു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ഇന്ത്യ- ന്യൂസിലാന്‍ഡ് സെമി ഫൈനല്‍ പോരാട്ടം നടക്കാന്‍ പോവുകയാണ്. ബുധനാഴ്ച മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ ബെര്‍ത്തിനായി രോഹിത് ശര്‍മയും കെയ്ന്‍ വില്ല്യംസണും കൊമ്പുകോര്‍ക്കുക. നേരത്തേ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ന്യൂസിലാന്‍ഡിനെ വീഴ്ത്താനായിരുന്നെങ്കിലും സെമിയില്‍ ഇതു ഇന്ത്യക്കു മുന്‍തൂക്കം നല്‍കുമോയെന്ന് ഉറപ്പില്ല.
കാരണം മറ്റൊരു വേദിയില്‍ നോക്കൗട്ട് പോരാട്ടത്തിന്റെ മുഴുവന്‍ സമ്മര്‍ദ്ദവും പേറിയാവും ടീം ഇന്ത്യയിറങ്ങുക. ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് മല്‍സരങ്ങളിലെ റെക്കോര്‍ഡ് നോക്കിയാല്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ ജയിക്കുമോയെന്ന് ആരും സംശയിക്കും. കാരണം നേരത്തേ സെമി / ഫൈനല്‍ എന്നിവയിലായി മൂന്നു തവണ കൊമ്പുകോര്‍ത്തപ്പോഴും ഇന്ത്യയെ തകര്‍ത്തുവിടാന്‍ കിവികള്‍ക്കായിരുന്നു.

ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍, 2019ലെ ലോകകപ്പ് സെമി ഫൈനല്‍, 2021ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ എന്നിവയിലായിരുന്നു ഇത്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനം വിലയിരുത്തുകയാണെങ്കില്‍ സെമിയില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ടെന്ന് ആരും സമ്മതിക്കും. പക്ഷെ ലീഗ് ഘട്ടത്തില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് സെമിയിലെത്തിയതു കൊണ്ടു മാത്രം ഇന്ത്യ ഫൈനല്‍ കളിക്കുമെന്നു യാതൊരു ഗ്യാരണ്ടിയുമില്ല.
കാരണം 2015, 2019 ലോകകപ്പുകളിലും ഇന്ത്യയായിരുന്നു തലപ്പത്ത് ഫിനിഷ് ചെയ്തത്. പക്ഷെ സെമിയില്‍ അടിതെറ്റുകയായിരുന്നു. ഇത്തവണത്തേതു പോലെ കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യ ഒന്നാമതും ന്യൂസിലാന്‍ഡ് നാലാമതുമായിരുന്നു ഫിനിഷ് ചെയ്തത്. പക്ഷെ സെമിയില്‍ കിവികള്‍ ഇന്ത്യയുടെ കഥ കഴിച്ചു.
പക്ഷെ, ഇത്തവണ ഈ ദുരന്തം ഇന്ത്യ ആവര്‍ത്തിക്കാന്‍ സാധ്യതയില്ല. ചില കാര്യങ്ങള്‍ ഇന്ത്യക്കു സെമിയില്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നമുക്കു നോക്കാം. ആദ്യത്തെ കാര്യം ഈ ലോകകപ്പില്‍ ന്യൂസിലാന്‍ഡിനേക്കാള്‍ മികച്ച ടീം തങ്ങളാണെന്നതിന്റെ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ സെമിയില്‍ ഇറങ്ങുകയെന്നതാണ്.
കളിച്ച ഒമ്പതു മല്‍സരങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍ കിവികള്‍ ഒമ്പതെണ്ണത്തില്‍ അഞ്ചില്‍ ജയിച്ചപ്പോള്‍ ശേഷിച്ച നാലിലും തോറ്റു. ഒരു ടീമെന്ന നിലയില്‍ കിവികളേക്കാള്‍ എത്ര മാത്രം മുകളിലാണ് ഇന്ത്യയെന്നത് ഇതു അടിവരയിടുന്നു.
കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഇന്ത്യ സെമിയില്‍ തോറ്റത് സ്വന്തം നാട്ടില്‍ വച്ചായിരുന്നില്ല. 2015ലേത് ഓസ്‌ട്രേലിയയില്‍ വച്ചായിരുന്നെങ്കില്‍ 2019ലേത് ഇംഗ്ലണ്ടില്‍ വച്ചുമായിരുന്നു. പക്ഷെ ഇത്തവണ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍, ഏറ്റവും അനുകൂലമായ സാഹചര്യങ്ങളില്‍ കളിക്കുന്നതിന്റെ ആനുകൂല്യം തീര്‍ച്ചയായും ഇന്ത്യക്കുണ്ട്.
കാണികളുടെയും പിച്ചിന്റെയും കാലാവസ്ഥയുടെയുമെല്ലാം ആനുകൂല്യം ടീമിനുണ്ടാവും. ഇതു പരമാവധി സെമിയില്‍ മുതലെടുക്കാന്‍ രോഹിത്തും സംഘവും ശ്രമിക്കുകയും വേണം. ഇതിനേക്കാള്‍ മികച്ച സാഹചര്യങ്ങളും വേദിയുമൊന്നും ഇന്ത്യക്കു ഇനി ലഭിക്കാനും പോവുന്നില്ല. അതുകൊണ്ടു തന്നെ ഇതു നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടമെടുത്താല്‍ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിവിന്റെ പരമാവധി മികച്ച പ്രകടനം തന്നെ പുറത്തെടുക്കാന്‍ ഓരോരുത്തരും ശ്രമിക്കുന്നുണ്ട്.

ഇതും സെമി ഫൈനലില്‍ ഇന്ത്യയെ സഹായിക്കുന്ന ഘടകമാണ്. നേരത്തേ ടീമിലെ ഒന്നോ, രണ്ടോ പേര്‍ മാത്രമായിരുന്നു ഏറ്റവും നന്നായി പെര്‍ഫോം ചെയ്തിരുന്നത്. പക്ഷെ ഇത്തവണ അങ്ങനെയെല്ല. എല്ലാവരും ഒരുപോലെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വ്യത്യസ്ത താരങ്ങള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായത് ഇതു ശരിവയ്ക്കുന്നു
സെമിയില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവുന്ന നാലാമത്തെ കാര്യം ശക്തമായ ബൗളിങ് നിരയാണ്. ചെറിയ ടോട്ടല്‍ പോലും പ്രതിരോധിച്ച് ടീമിനെ ജയിപ്പിക്കാന്‍ ശേഷിയുള്ള മൂര്‍ച്ചയുള്ള ബൗളിങ് നിര ഇന്ത്യക്കുണ്ട്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിരുള്‍പ്പെട്ട പേസ് ത്രയത്തിനൊപ്പം കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ സ്പിന്‍ ജോടിയും ചേരുന്നതോടെ ഇന്ത്യയുടേത് ഒരു കംപ്ലീറ്റ് ബൗളിങ് യൂണിറ്റായി മാറും.
കഴിഞ്ഞ രണ്ടു ലോകകപ്പുകളിലും ഇത്ര മികച്ചൊരു ബൗളിങ് നിര ഇന്ത്യക്കില്ലായിരുന്നു. അതുകൊണ്ടു തന്നെ കിവികളുടെ കഥ കഴിക്കാന്‍ ഈ ബൗളിങ് നിര ഇന്ത്യയെ സഹായിക്കുകയും ചെയ്യും.