ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായി ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് പാകിസ്താന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസം. ഏകദിനത്തില്‍ നിലവില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററായ അദ്ദേഹത്തെ ഏഷ്യാ കപ്പിലായിരുന്നു പാകിസ്താന്‍ ടീമിന്റെ ജഴ്‌സിയില്‍ അവസാനമായി കണ്ടത്. കിരീട മോഹവുമായി ബാബറിനു കീഴില്‍ ഇറങ്ങിയ പാക് ടീം പക്ഷെ ഫൈനല്‍ പോലും കാണാതെ സൂപ്പര്‍ ഫോറില്‍ തോറ്റു പുറത്താവുകയായിരുന്നു.
അടുത്ത മാസം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പാക് ബാറ്റിങിന്റെ നട്ടെല്ല് കൂടിയാണ് ബാബര്‍. പാകിസ്താന്റെ കിരീടമോഹം പൂവണിയണമെങ്കില്‍ ബാബറില്‍ നിന്നും വലിയ ഇന്നിങ്‌സുസള്‍ ടീമിനു ആവശ്യമാണ്. ലോകകപ്പില്‍ മാറ്റുരയ്ക്കുന്ന 10 ടീമുകളില്‍ ഓരോരുത്തര്‍ക്കുമെതിരേ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനം എങ്ങനെയാണെന്നു നമുക്കു പരിശോധിക്കാം.

ബാബറിനു ഏറ്റവുമുയര്‍ന്ന ബാറ്റിങ് ശരാശരിയുള്ളത് കുഞ്ഞന്‍ ടീമായ നെതര്‍ലാന്‍ഡ്‌സിനെതിരേയാണ്. ഡച്ച് ടീമിനെതിരേ 74 എന്ന ഗംഭീര ശരാശരിയിലാണ് ഏകദിനത്തില്‍ പാക് ക്യാപ്റ്റന്‍ റണ്‍സടിച്ചു കൂട്ടിയത്.
നെതര്‍ലാന്‍ഡ്‌സ് കഴിഞ്ഞാല്‍ ബാബറിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത് ഓസ്‌ട്രേലിയക്കെതിരേയാണ്. 73.50 ആണ് അഞ്ചു തവണ ലോകകപ്പ് ജേതാക്കളായ ഓസീസിനെതിരേ അദ്ദേഹത്തിന്റെ ശരാശരി. ബാബറിനു 70ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ളതും ഈ രണ്ടു ടീമുകള്‍ക്കെതിരേയാണ്.
ശരാശരിയില്‍ മൂന്നാംസ്ഥാനത്തു സൗത്താഫ്രിക്കയും നാലാംസ്ഥാനത്തു ശ്രീങ്കയുമാണ്. ഈ രണ്ടു ടീമുകള്‍ക്കുമെതിരേ ഏകദിനത്തില്‍ 55ന് മുകളിലാണ് ബാബറിന്റെ ശരാശരി. സൗത്താഫ്രിക്കയ്‌ക്കെതിരേ 65.37ഉം ലങ്കയ്‌ക്കെതിരേ 58.33ഉം ബാറ്റിങ് ശരാശരി പാകിസ്താന്‍ ക്യാപ്റ്റനുണ്ട്. നിലവിലെ ലോക ചാംപ്യന്‍മാരായ ഇംഗ്ലണ്ടാണ് അഞ്ചാം സ്ഥാനത്ത്. അവര്‍ക്കെതിരേ 48 ശരാശരിയിലാണ് ബാബര്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്. 46.66 ശരാശരിയുള്ള ന്യൂസിലാന്‍ഡാണ് ആറാംസ്ഥാനത്തുള്ളത്.

അവസാനത്തെ മൂന്നു സ്ഥാനങ്ങളില്‍ അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവരാണ്. അഫ്ഗാനെതിരേ പാക് ക്യാപ്റ്റന്റെ ഏകദിന ശരാശരി 44.80 ആണ്. ബംഗ്ലാദേശിനെതിരേയും അദ്ദേഹം റണ്ണെടുക്കാന്‍ പാടുപെട്ടിട്ടുണ്ട്. 38 മാത്രം ശരാശരിയേ ബാബറിനു അവര്‍ക്കെതിരേയുള്ളൂ. ചിരവൈരികളായ ഇന്ത്യക്കെതിരേയാണ് ബാറ്റിങില്‍ ബാബര്‍ ഏറ്റവും വലിയ ദുരന്തമായി മാറിയത്. വെറും 28 മാത്രമാണ് ഇന്ത്യക്കെതിരേ ഏകദിത്തില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.
ലോകകപ്പില്‍ അടുത്ത മാസം ഇന്ത്യ- പാകിസ്താന്‍ പോരാട്ടം നടത്താനിരിക്കെ അവരെ ആശങ്കയിലാക്കുന്നതാണ് ഈ പ്രകടനം. ഒക്ടോബര്‍ 14നാണ് ലോകം ഉറ്റുനോക്കുന്ന ഇന്ത്യ- പാക് എല്‍ ക്ലാസിക്കോ പോര്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ലോകം കാത്തിരിക്കുന്ന ഈ വമ്പന്‍ മല്‍സരം.
ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരേ അപരാജിത റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. തീര്‍ച്ചയായും ഇതു സ്വന്തം നാട്ടിലും കാത്തുസൂക്ഷിക്കാന്‍ തന്നെയായിരിക്കും രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും ശ്രമം.