അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ആവേശ ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ കിരീടം ചൂടിയിരിക്കുകയാണ്. ആറ് വിക്കറ്റിനാണ് ആതിഥേയരെ ഓസ്‌ട്രേലിയ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 240 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയ 42 പന്തും ആറ് വിക്കറ്റും ബാക്കിയാക്കിയാണ് ജയം നേടിയത്. തോല്‍വി അറിയാതെ ഫൈനലിലെത്തിയ ഇന്ത്യ കലാശപ്പോരാട്ടത്തില്‍ കളി മറന്നു.
അഹമ്മദാബാദിലെ ഒന്നര ലക്ഷത്തോളം ആരാധകരെ സാക്ഷിയാക്കി ഓസ്‌ട്രേലിയ ഇന്ത്യയെ പൂട്ടിയത് എങ്ങനെയാണ്?. ഓസ്‌ട്രേലിയയുടെ മാസ്റ്റര്‍ പ്ലാന്‍ എന്തായിരുന്നുവെന്ന് പരിശോധിക്കാം. ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കം സന്തോഷിച്ചു. ആദ്യം ബാറ്റുചെയ്യാനാണ് ആഗ്രഹിച്ചതെന്ന് രോഹിത് പറയുകയും ചെയ്തു. എന്നാല്‍ പാറ്റ് കമ്മിന്‍സ് രണ്ടാമത് ബാറ്റു ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു ശരിയായ തീരുമാനം.
കാരണം പിച്ച് ക്യുറേറ്ററുടെ വാക്കുകള്‍ ഇന്ത്യയെക്കാള്‍ നന്നായി ഓസ്‌ട്രേലിയ മനസിലാക്കി. പിച്ചില്‍ തുടക്കത്തിലേ പേസിന് പിന്തുണ ലഭിക്കുമെങ്കിലും പിന്നീട് സ്ലോവാകുമെന്നാണ് ക്യുറേറ്റര്‍ പറഞ്ഞത്. ഇത് കൃത്യമായി മനസിലാക്കിയ ഓസീസ് ടോസ് നേടി ആദ്യം പന്തെറിയാന്‍ തീരുമാനിച്ചു. ആദ്യത്തെ 10 ഓവറില്‍ പേസര്‍മാര്‍ക്ക് നല്ല വേഗവും ആവശ്യത്തിന് സ്വിങ്ങും പിച്ചില്‍ ലഭിച്ചു. എന്നാല്‍ പിന്നീട് പിച്ച് സ്ലോവായതോടെ ഓസീസ് പേസര്‍മാര്‍ തന്ത്രം മാറ്റി.
സ്ലോ ബോളുകളിലൂടെയാണ് ഓസീസ് ഇന്ത്യയുടെ റണ്ണൊഴുക്കിനെ തടുത്തത്. 15 ഓവറിന് ശേഷം ഓസ്‌ട്രേലിയന്‍ പേസര്‍മാരുടെ ശരാശരി ബൗളിങ് വേഗം 120 ആയിരുന്നു. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെല്ലാം 140ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിയാന്‍ കഴിവുള്ളവരാണ്. എന്നാല്‍ ഇന്ത്യക്കെതിരേ സ്ലോ ബോളുകളാണ് ഓസീസ് കൂടുതലും ഉപയോഗിച്ചത്. ഈ തന്ത്രം ഫലിക്കുകയും ചെയ്തു.

സ്ലോ ബോളുകളെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പ്രയാസമുണ്ട്. ഇത് കൃത്യമായി മുതലാക്കി തന്ത്രം മെനയാന്‍ ഓസീസിനായി. ഇന്ത്യയുടെ നട്ടെല്ലായ വിരാട് കോലിയെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയത് സ്ലോ ബൗണ്‍സറിലൂടെയാണ്. മധ്യ ഓവറുകളില്‍ ഓസീസ് കൂടുതല്‍ പയറ്റിയത് സ്ലോ കട്ടറുകളാണ്. ഇതെല്ലാം കൃത്യമായി ഫലം കണ്ടു. സൂര്യകുമാര്‍ യാദവ് അവസാന ഓവറുകളില്‍ കടന്നാക്രമിക്കുമെന്നും വെടിക്കെട്ട് ഫിനിഷിങ് നടത്തുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ സൂര്യകുമാറിന് 28 പന്ത് നേരിട്ട് 18 റണ്‍സാണ് ആകെ നേടാനായത്. സ്ലോ കട്ടറുകളിലൂടെ സൂര്യയെ പിടിച്ചുകെട്ടാന്‍ ഓസീസിനായി. അതിവേഗ പന്തുകളെ വ്യത്യസ്ത ഷോട്ടുകളിലൂടെ ബൗണ്ടറിയിലേക്ക് പായിക്കാന്‍ സൂര്യക്ക് കഴിവുണ്ട്. എന്നാല്‍ സ്ലോ ബോളുകളില്‍ ഇത്തരം ഷോട്ടുകള്‍ കളിക്കുക പ്രയാസമാണ്. ഇത് തിരിച്ചറിഞ്ഞ് ഓസീസ് മെനഞ്ഞ തന്ത്രത്തില്‍ സൂര്യയും വീണു. ഇന്ത്യ ആതിഥേയരായിട്ടും ഓസീസിനെപ്പോലെ പിച്ചിനെ മനസിലാക്കാനാവാതെ പോയി.
ന്യൂസീലന്‍ഡിനെതിരായ സെമിയില്‍ ഇന്ത്യ പിച്ചില്‍ മാറ്റം വരുത്തിയത് വിവാദമായിരുന്നു. എന്നാല്‍ ഫൈനലിന് മുമ്പ് പിച്ച് പരിശോധിച്ച ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് പിച്ചിന്റെ ചിത്രങ്ങള്‍ എടുത്തിരുന്നു. ഇതിനനുസരിച്ച് ഓസീസ് തന്ത്രം മെനയുകയും അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്തു. ഇന്ത്യ പിച്ചിനെക്കുറിച്ച് അധികം ചിന്തിച്ചില്ലെന്നതാണ് പ്രകടനം കാണുമ്പോള്‍ തോന്നുന്നത്. പിച്ച് സ്ലോവാകുമ്പോള്‍ വിക്കറ്റ് കാത്ത് കളിക്കാനും സ്‌ട്രൈക്ക് മാറി കളിക്കാനും സാധിക്കണമായിരുന്നു.
എന്നാല്‍ തുടക്കത്തിലേ അമിത ആക്രമണോത്സകത ഇന്ത്യ കാട്ടിയതാണ് തിരിച്ചടിയായത്. രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞുവീഴ്ച ഉണ്ടായതോടെ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ കാഴ്ചക്കാരായി മാറി. കുല്‍ദീപ് യാദവിനും രവീന്ദ്ര ജഡേജയ്ക്കും ഒരു വിക്കറ്റ് പോലും നേടാനായില്ല. ഇതും ഇന്ത്യക്ക് തിരിച്ചടിയായി മാറി.