അഞ്ചു തവണ ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ കൈക്കുമ്പിളില്‍ നിന്നും അവിസ്മരണീയ വിജയം വഴുതിപ്പോയതിന്റെ ഞെട്ടലിലും നിരാശയിലുമാണ് അഫ്ഗാനിസ്താന്‍. ജയത്തിനു കൈയെത്തുംദൂരത്ത് വരെയെത്തിയ ശേഷം മൂന്നു വിക്കറ്റിന്റെ പരാജയമാണ് അഫ്ഗാനു നേരിട്ടത്. 292 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്ന ഹഷ്മത്തുള്ള ഷാഹിദിയും സംഘവും ഓസീസിനു നല്‍കിയത്.
റണ്‍ചേസില്‍ 19ാം ഓവര്‍ ആവുമ്പോഴേക്കും ഓസീസ് ഏഴിനു 91 റണ്‍സിലേക്കു വീഴുകയും ചെയ്തിരുന്നു. പക്ഷെ ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ (201*) വണ്‍മാന്‍ ഷോ മല്‍സരം അഫ്ഗാനില്‍ നിന്നും തട്ടിയെടുത്തു. ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ സെമി ഫൈനലിനു തൊട്ടരികെ എത്താനുള്ള സുവര്‍ണാവസരം കൂടിയാണ് അഫ്ഗാന്‍ കൈവിട്ടു കളഞ്ഞത്.

ലീഗ് ഘട്ടത്തില്‍ ഇനി ഒരു മല്‍സരം ബാക്കിനില്‍ക്കെ അഫ്ഗാനിസ്താന്‍ സെമി ഫൈനലില്‍ കളിക്കുമോ? അവര്‍ സെമിയിലെത്താനുള്ള സാധ്യതകള്‍ പരിശോധിക്കാം. ഇന്ത്യ (16 പോയിന്റ്), സൗത്താഫ്രിക്ക (12), ഓസ്‌ട്രേലിയ (12) എന്നിവര്‍ സെമി ഫൈനലില്‍ ഇടം പിടിച്ചു കഴിഞ്ഞു. ശേഷിച്ച ഏക സെമി ഫൈനല്‍ ബെര്‍ത്തിനായി മൂന്നു ടീമുകളാണ് പോരടിക്കുന്നത്. ന്യൂസിലാന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവരാണിത്. എട്ടു പോയിന്റാണ് ഇവര്‍ക്കെല്ലാമുള്ളത്.
പക്ഷെ നെറ്റ് റണ്‍റേറ്റില്‍ ഈ മൂന്നു ടീമുകളില്‍ മുന്നില്‍ നില്‍ക്കുന്നത് ന്യൂസിലാഡാണ്. +0.398 ആണ് കിവികളുടെ നെറ്റ് റണ്‍റേറ്റ്. പാകിസ്താന്റെ നെറ്റ് റണ്‍റേറ്റ് +0.036ഉം അഫ്ഗാന്റേത് -0.338ഉം ആണ്. അവസാന കളിയില്‍ ന്യൂസിലാന്‍ഡ് ശ്രീലങ്കയെയും പാകിസ്താന്‍ ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്താന്‍ സൗത്താഫ്രിക്കയെയുമാണ് നേരിടുക.
10നു അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഉജ്ജ്വല ഫോമിലുള്ള സൗത്താഫ്രിക്കയുമായി അഫ്ഗാന്‍ കൊമ്പുകോര്‍ക്കുന്നത്. ഈ മല്‍സരത്തില്‍ എന്തു വില കൊടുത്തും ജയിക്കുകയെന്നതാണ് സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അഫ്ഗാന്‍ ആദ്യം ചെയ്യേണ്ട്. വെറുമൊരു ജയത്തേക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ സൗത്താഫ്രിക്കയെ തകര്‍ത്തുവിടാനും അഫ്ഗാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇതിനു സാധിച്ചാല്‍ അഫ്ഗാനു 10 പോയിന്റാവും.
ഇതു കൂടാതെ മറ്റു രണ്ടു കാര്യങ്ങള്‍ കൂടി സംഭവിച്ചാല്‍ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ഇന്ത്യയുമായി അഫ്ഗാനു സെമി കളിക്കാം. സെമി ബെര്‍ത്തിനായി തങ്ങള്‍ക്കൊപ്പം പോരടിക്കുന്ന ന്യൂസിലാന്‍ഡും പാകിസ്താനും അവസാന മല്‍സരങ്ങളില്‍ തോല്‍ക്കണം.

കിവികളെ ശ്രീലങ്കയും പാകിസ്താനെ ഇംഗ്ലണ്ടും വീഴ്ത്തുകയാണെങ്കില്‍ സെമിയിലേക്കുള്ള അഫ്ഗാന്റെ റൂട്ട് ക്ലിയറാവും. എന്നാല്‍ അഫ്ഗാനോടൊപ്പം ന്യൂസിലാന്‍ഡ്, പാകിസ്താന്‍ എന്നീ ടീമുകളും അവസാന റൗണ്ട് മല്‍സരങ്ങളില്‍ ജയിക്കുകയാണെങ്കില്‍ കാര്യങ്ങള്‍ വീണ്ടും കടുപ്പമാവും.
അങ്ങനെ സംഭവിച്ചാല്‍ ന്യൂസിലാന്‍ഡ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ മൂന്നു ടീമുകള്‍ക്കും 10 പോയിന്റാവും. അപ്പോള്‍ നെറ്റ് റണ്‍റേറ്റായിരിക്കും പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരെ തീരുമാനിക്കുക. നിലവിലെ രീതിയില്‍ തന്നെ തുടര്‍ന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ കിവികള്‍ സെമിയില്‍ കടക്കും.
പാകിസ്താന്‍, അഫ്ഗാനിസ്താന്‍ ടീമുകള്‍ പുറത്താവുകയും ചെയ്യും. ഈ കാരണത്താല്‍ തന്നെയാണ് സൗത്താഫ്രക്കയ്‌ക്കെതിരേ വലിയൊരു മാര്‍ജിനില്‍ ജയിച്ച് അഫ്ഗാനിസ്താന്‍ നെറ്റ് റണ്‍റേറ്റ് നെഗറ്റീവില്‍ നിന്നും പോസിറ്റീവില്‍ എത്തിക്കേണ്ടതിന്റെ പ്രാധാന്യവും വര്‍ധിക്കുന്നത്.