ക്രിക്കറ്റെന്ന ഗെയിമിനെ ഇഷ്ടപ്പെടുകയും സ്ഥിരമായി ഫോളോ ചെയ്യുകയും ചെയ്യുന്നവര്‍ക്കു മറക്കാന്‍ സാധിക്കാത്ത ചില ഐക്കണ്‍ ആരാധകരുണ്ട്. വീടുള്‍പ്പെടെ തനിക്കുള്ളതെന്തും ത്യജിക്കുകയും ലോകത്തിന്റെ ഏതു ഭാഗത്തു സ്വന്തം ടീം കളിക്കുകയും ചെയ്താലും അവര്‍ അവിടെ കാണും. സ്വന്തം ടീമിന്റെ ജഴ്‌സിയണിഞ്ഞ്, ചായം തേച്ച് ദേശീയ പതാകയുമായി ആര്‍പ്പുവിളിക്കാനെത്തുന്ന ചില സൂപ്പര്‍ ഫാന്‍സിനെ നമ്മള്‍ കണ്ടിട്ടുണ്ട്.
അക്കൂട്ടത്തില്‍ ഒരുപക്ഷെ ഏറ്റവും മുന്നില്‍ തന്നെ നില്‍ക്കാന്‍ യോഗ്യതയുള്ളയാള്‍ ക്രിക്കറ്റ് ചാച്ചായെന്നു (ക്രിക്കറ്റിലെ അമ്മാവന്‍) ലോകം വിളിക്കുന്ന പാകിസ്താന്റെ ഒരു വയോധികനായ ആരാധകനാണ്. പാകിസ്താന്റെ പച്ച നിറത്തിലുള്ള ജഴ്‌സിയില്‍ ദേശീയ പതാകയും വീശി ടീമിനെ പ്രോല്‍സാഹിപ്പിക്കാന്‍ സ്ഥിരമായി എത്താറുള്ള ഊശാം താടിയുള്ള ഈ 73കാരന്‍ കാണികള്‍ക്കു ഇപ്പോഴും ഒരു അദ്ഭുതമാണ്. ചൗധരി അബ്ദുള്‍ ജലാലെന്ന ഈ പാകിസ്താന്റെ സൂപ്പര്‍ ഫാനിനെ അടുത്തറിയാം.

ചാച്ച ക്രിക്കറ്റെന്ന് വിളിക്കപ്പെടുന്ന അദ്ദേഹം സ്വന്തം നാട്ടിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 500ന് മുകളില്‍ അന്താരാഷ്ട്ര മല്‍സരങ്ങള്‍ നേരിട്ടു കണ്ടുകഴിഞ്ഞു. മൂന്നു തലമുറകളാണ് ജലീലിന്റെ മുന്നിലൂടെ ഇതിനിടെ കടന്നുപോയത്. ഇത്തവണ ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന ഏകദിന ലോകകപ്പിലും പാകിസ്താന്റെ മല്‍സരവേദികളില്‍ അദ്ദേഹത്തെ തീര്‍ച്ചയായും നമുക്കു പ്രതീക്ഷിക്കാം.
ചാച്ചയുടെ ക്രിക്കറ്റ് യാത്രയുടെ തുടക്കം 1969ലായിരുന്നു. അന്നു അദ്ദേഹത്തിനു പ്രായം 19 വയസ് മാത്രം. ലാഹോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യത്തെ അന്താരാഷ്ട്ര മല്‍സരം കാണാന്‍ ഭാഗ്യമുണ്ടായ വ്യക്തികളിലൊരാള്‍ കൂടിയാണ് ചാച്ച. പാകിസ്താനും ഇംഗ്ലണ്ടും തമ്മിലായിരുന്നു അന്നു ഏറ്റുമുട്ടിയത്. 1986ല്‍ ഷാര്‍ജയില്‍ നടന്ന ഇന്ത്യ-പാക് മല്‍സരം കാണാന്‍ ചാച്ചയും സ്റ്റേഡിയത്തിലെത്തിയിരുന്നു.
അന്നു ചേതന്‍ ശര്‍മയ്‌ക്കെതിരേ പാക് താരം ജാവേദ് മിയാന്‍ ദാദിന്റെ സിക്‌സര്‍ വന്നു പതിച്ചത് ചാച്ച ഇരുന്ന ഗാലറിയിലെ സീറ്റിലേക്കായിരുന്നു. ടെലിവിഷനുകള്‍ പ്രചാരത്തിലായിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. അന്നു ചാച്ചയെ ടിവിയില്‍ കാണിക്കുകയും അതോടെ അദ്ദേഹം പ്രശസ്തനാവുകയും ചെയ്തു. അതിനു ശേഷം എല്ലാ മല്‍സരങ്ങളും കാണാന്‍ ചാച്ച സ്‌റ്റേഡിയത്തില്‍ എത്താറുണ്ടായിരുന്നു.
1994ല്‍ ഷാര്‍ജയില്‍ നടന്ന ഏഷ്യാ കപ്പിനിടെയായിരുന്നു ചാച്ച ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. വ്യത്യസ്തമായ ലുക്ക് കൊണ്ടു തന്നെ അദ്ദേഹം വളരെ പെട്ടെന്നു ശ്രദ്ധിക്കപ്പെടുകയും വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. ചാച്ചയുടെ പ്രശസ്തി തിരിച്ചറിഞ്ഞ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തെ പാക് ടീമിന്റെ ഔദ്യോഗിക ചിയര്‍ ലീഡറാവാന്‍ ഓഫര്‍ വരെ നല്‍കിയിരുന്നു. വേദികളിലേക്കു കാണികളെ ആകര്‍ഷിക്കാന്‍ ചാച്ചയുടെ സാന്നിധ്യം സഹായിക്കുമെന്നും അവര്‍ നിരീക്ഷിച്ചു.

1973 മുതല്‍ 96 വരെ അബുദാബിയിലെ ഒരു വാട്ടര്‍ പമ്പിങ് സ്റ്റേഷനില്‍ ഫോര്‍മാനായി ചാച്ച ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ 1996ല്‍ പാകിസ്താനില്‍ തിരിച്ചെത്തിയ അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം ക്രിക്കറ്റിനു വേണ്ടി മാത്രമായിരുന്നു. സ്ഥിരം ചിയര്‍ ലീഡറായി ചാച്ചയെ പാക് ടീമിന്റെ മല്‍സരവേദികളിലേക്കു അയക്കാന്‍ പിസിബി തയ്യാറെടുക്കവെയാണ് ഭരണസമിതി മാറിയത്.
ചാച്ചയെ ട്രാവലിങ് ചിയര്‍ ലീഡറായി ടീമിനൊപ്പം അയക്കുകയെന്ന നീക്കത്തോടു പുതുതായി വന്ന പിസിബി സെക്രട്ടറി വലിയ താല്‍പര്യവും കാണിച്ചില്ല. പക്ഷെ ഇതൊന്നും ചാച്ചയുടെ ദൃഢനിശ്ചയത്തെ തളര്‍ത്തിയില്ല. സ്വന്തം ചെലവില്‍ മല്‍സരങ്ങള്‍ കാണാനും പാക് ടീമിനെ പ്രോല്‍സാഹിപ്പിക്കാനും അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
1999ല്‍ ഇംഗ്ലണ്ട് വേദിയായ ഏകദിന ലോകകപ്പ് കാണാന്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ സിലാകോട്ടിലെ സ്വന്തം വീട് പോലും വില്‍ക്കാന്‍ ചാച്ച മടിച്ചില്ല. പിസിബിയുടെ ഭാഗത്തു നിന്നും സഹായം ലഭിക്കാതിരിക്കുകയും മറ്റു പ്രൈവറ്റ് സ്‌പോണ്‍സര്‍മാര്‍ കൈയൊഴിയുകയും ചെയ്തപ്പോഴായിരുന്നു ക്രിക്കറ്റിനായി സ്വന്തം വീട് പോലും ചാച്ച വേണ്ടെന്നു വച്ചത്. ഈ 73ം വയസ്സിലും ക്രിക്കറ്റിനോടുള്ള പാഷന്‍ ഒട്ടും കുറയാതെ, വന്‍കരകള്‍ വ്യത്യാസമില്ലാതെ പ്രായത്തെ തോല്‍പ്പിച്ച് ചാച്ചയുടെ യാത്ര തുടരുകയാണ്.