ഇന്ത്യയുടെ അവസാനത്തെ ലോകകപ്പ് കിരീട വിജയത്തിനു 12 വയസ്സായിരിക്കുന്നു. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് 2011ല്‍ നാട്ടില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു ഇന്ത്യ അവസാനമായി വിശ്വ കിരീടത്തില്‍ മുത്തമിട്ടത്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു കീഴിലായിരുന്നു ഇന്ത്യയുടെ കിരീട വിജയം. മുംബൈയിലെ വാംഖഡെയില്‍ നടന്ന കലാശപ്പോരില്‍ ശ്രീലങ്കയെ തകര്‍ത്താണ് 1983നു ശേഷം ഇന്ത്യ ആദ്യമായി ലോകകപ്പുയര്‍ത്തിയത്. വീണ്ടുമൊരിക്കല്‍ക്കൂടി നാട്ടില്‍ ലോകകപ്പ് വിരുന്നെത്തുമ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകളും വാനോളമാണ്.
2011ല്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ സംഘത്തിലുള്ളവരില്‍ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം മല്‍സരരംഗത്തു നിന്നും വിരമിച്ചു കഴിഞ്ഞു. ഇതിഹാസ ബാറ്ററും മുന്‍ നായകനുമായ വിരാട് കോലിയാണ് ഇപ്പോഴും കളിക്കളത്തില്‍ തുടരുന്ന ഏക താരം. 2011ലെ ലോകകപ്പ് സ്‌ക്വാഡിലുള്ളവര്‍ ഇപ്പോള്‍ എന്തു ചെയ്യുന്നുവെന്നറിയാം.

മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് ഫൈനലില്‍ ഫ്‌ളോപ്പായിരുന്നു. ലസിത് മലിങ്ക പൂജ്യത്തിനാണ് അദ്ദേഹത്തെ മടക്കിയത്. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വീരു വിരമിച്ചിരുന്നു. നിലവില്‍ മുഴുവന്‍ സമയ കന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
മുന്‍ ഇതിഹാസ ഓപ്പണര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു 2011ലെ ഫൈനലില്‍ 14 ബോളില്‍ 18 റണ്‍സാണ് നേടാനായത്. അദ്ദേഹം 2011ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റ്, ഐപിഎല്‍ എന്നിവയില്‍ നിന്നും വിരമിച്ചത്. നിലവില്‍ കൂടുതല്‍ സമയവും തന്റെ ബിസിനസ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് സച്ചിന്‍.
2011ലെ ഫൈലിലെ ടോപ്‌സ്‌കോററായിരുന്നു ഗൗതം ഗംഭീര്‍. 97 റണ്‍സാണ് റണ്‍ചേസില്‍ അന്നു അദ്ദേഹം നേടിയത്. 2016ലായിരുന്നു ഗംഭീര്‍ അവസാനമായി കളിച്ചത്. 2018ല്‍ ഐപിഎല്ലും മതിയാക്കി അദ്ദേഹം മുഴുവന്‍ സമയ കമന്റേറ്ററായി മാറി. നിലവില്‍ ഐപിഎല്‍ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ ഉപദേശകനായും ഗംഭീര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വിരാട് കോലിയാവട്ടെ 2011ലെ ഫൈനലില്‍ 35 റണ്‍സ് നേടി പുറത്താവുകയായിരുന്നു. അന്നു യുവതാരമായിരുന്ന അദ്ദേഹം പിന്നീട് ആധുനിക ക്രിക്കറ്റിലെ ഇതിഹാസമായും ഇന്ത്യന്‍ ക്യാപ്റ്റനായുമെല്ലാം വളര്‍ന്നു. 34 കാരനായ കോലി ഇപ്പോള്‍ കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുകയാണ്. ഇനിയൊരു ലോകകപ്പില്‍ കൂടി അദ്ദേഹത്തെ കാണാന്‍ സാധ്യത തീരെ കുറവാണ്.

2011ലെ ഫൈനലിലെ ക്യാപ്റ്റനും പ്ലെയര്‍ ഓഫ് ദി മാച്ചുമായിരുന്നു ധോണി. 79 ബോളില്‍ പുറത്താവാതെ 91 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 2019ലെ ഏകദിന ലോകകപ്പിലായിരുന്നു ധോണിയെ അവസാനമായി ഇന്ത്യന്‍ ടീമിനൊപ്പം കണ്ടത്. 2020സായിരുന്നു ധോണി വിരമിച്ചത്. പക്ഷെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായി ധോണി ഇപ്പോഴും മല്‍സരരംഗത്തുണ്ട്.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങായിരുന്നു 2011ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്. ഫൈനലില്‍ പുറത്താവാതെ 21 റണ്‍സും രണ്ടു വിക്കറ്റുകളുമായിരുന്നു അദ്ദേഹം നേടിയത്. 2017 വരെ ദേശീയ ടീമിനു വേണ്ടിയും 2019 വരെ ഐപിഎല്ലിലും യുവി കളിച്ചു. നിലവില്‍ കുടുംബത്തോടൊപ്പം സ്വസ്ഥ ജീവിതം നയിക്കുകയാണ് അദ്ദേഹം.
ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയ്ക്കു ഫൈനലില്‍ ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നില്ല. എങ്കിലും ക്വാര്‍ട്ടര്‍ ഫൈനലിലും സെമിയിലുമെല്ലാം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. 2015ലായിരുന്നു റെയ്‌ന അവസാനമായി കളിച്ചത്. 2020ല്‍ വിരമിച്ച അദ്ദേഹം നിലവില്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ്.
ഹര്‍ഭജന്‍ സിങ്, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, മലയാളി താരം ശ്രീശാന്ത് എന്നിവരായിരുന്നു അന്നു ലോകകപ്പ് സംഘത്തിലെ ബൗളര്‍മാര്‍. ഭാജി ഫൈനലില്‍ ഒരു വിക്കറ്റാണ് വീഴത്തിയത്. 2016ലായിരുന്നു അദ്ദേഹത്തിന്റെ അവസാന മല്‍സരം. നിലവില്‍ കമന്റേറ്ററാണ് ഭാജി. 2011ലെ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ സഹീര്‍ ഒന്നാംസ്ഥാനം പങ്കിട്ടിരുന്നു. 2014നു ശേഷം അദ്ദേഹത്തെ ദേശീയ ടീമില്‍ കണ്ടിട്ടില്ല. ഇപ്പോള്‍ കമന്ററിയില്‍ സജീവമാണ് സഹീര്‍.
മുനാഫാവട്ടെ ലോകകപ്പിനു ശേഷം പൂര്‍ണമായി ചിത്രത്തില്‍ നിന്നു തന്നെ മാഞ്ഞുപോയി. വിരമിച്ച ശേഷം അദ്ദേഹം ഇപ്പോള്‍ കുടുംബത്തോടൊപ്പം കഴിയുകയാണ് മുനാഫ്. ശ്രീശാന്തിനു ലോകകപ്പിലെ രണ്ടു മല്‍സരങ്ങളില്‍ മാത്രമേ കളിക്കാന്‍ അവസരം കിട്ടിയുള്ളൂ. 2013ല്‍ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടതോടെ ശ്രീയുടെ കരിയര്‍ തകര്‍ന്നു. കഴിഞ്ഞ വര്‍ഷം വിരമിച്ച അദ്ദേഹം നിലവില്‍ വിദേശ ഫ്രാ്‌ഞ്ചൈസി ലീഗുകളില്‍ കളിക്കുന്നുണ്ട്. കൂടാതെ അടുത്തിടെ കമന്ററിയിലും അരങ്ങേറിയിരുന്നു.