അട്ടിമറികളും അവിസ്മരണീയ ബാറ്റിങ്, ബൗളിങ് മുഹൂര്‍ത്തങ്ങളും പിറന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ പോരാട്ടങ്ങള്‍ പകുതിയിലേക്കു അടുക്കുകയാണ്. മല്‍സരങ്ങൾ ഇന്ത്യയിലെ ബാറ്റിങ് പിച്ചുകളിലായതിനാല്‍ തന്നെ റണ്ണൊഴുക്കിന് ഈ ടൂര്‍ണമെന്റില്‍ യാതൊരു കുറവുമുണ്ടായിട്ടില്ല. പല മല്‍സരങ്ങളിലും ടീമുകള്‍ 300ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു.
ശരാശരിയേക്കാള്‍ ഒരു ബാറ്ററെ അപകടകാരിയാക്കുന്നത് സ്‌ട്രൈക്ക് റേറ്റ് തന്നെയാണ്. അഞ്ചു മല്‍സരങ്ങള്‍ക്കു ശേഷം ടൂര്‍ണമെന്റില്‍ ഏറ്റവുമധികം അപകടം വിതച്ചിട്ടുള്ള ബാറ്റര്‍മാര്‍ ആരൊക്കെയാണെന്നു നോക്കാം. ഒരു സര്‍പ്രൈസ് താരത്തെയാണ് സ്‌ട്രൈക്ക് റേറ്റില്‍ നമുക്കു തലപ്പത്തു കാണാന്‍ സാധിക്കുക.

സൗത്താഫ്രിക്കയ്ക്കായി തീപ്പൊരി ഇന്നിങ്‌സുകള്‍ കളിക്കുന്ന ഹെന്‍ഡ്രിച്ച് ക്ലാസെനാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. 150.78 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം റണ്‍സ് വാരിക്കൂട്ടിയത്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ക്ലാസെന്‍ അടിച്ചെടുത്തത് 288 റണ്‍സാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 109 റണ്‍സുമാണ്.
സ്‌ട്രൈക്ക് റേറ്റില്‍ രണ്ടാം സ്ഥാനത്തുള്ളത് ശ്രീലങ്കന്‍ ടീമിന്റെ താല്‍ക്കാലിക ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ കുശാല്‍ മെന്‍ഡിസാണ്. 146.5 സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിനുള്ളത്. നാലു മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയം ഫിഫ്റ്റിയുമടക്കം 218 റണ്‍സാണ് മെന്‍ഡിസിന്റെ സമ്പാദ്യം. ലങ്കന്‍ ടീം ടൂര്‍ണമെന്റില്‍ പതറുകയാണെങ്കിലും മെന്‍ഡിസിന്റെ ഉജ്ജ്വല ഫോം അവര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യമാണ്.
ക്ലാസെന്‍, മെന്‍ഡിസ് എന്നിവര്‍ക്കു ശേഷം മൂന്നാംസ്ഥാനത്തു പാകിസ്താന്റെ ഫിനിഷറും ലോവര്‍ ഓര്‍ഡര്‍ ബാറ്ററുമായ ഇഫ്തിഖാര്‍ അഹമ്മദാണ്. പാക് ടീമിലെ അവിഭാജ്യ ഘടകമായ അദ്ദേഹം അഞ്ചു മല്‍സരങ്ങളിലും ഇതിനകം കളിച്ചുകഴിഞ്ഞു. ഇവയില്‍ അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യാനും ഇഫ്തിഖാറിനു സാധിച്ചിട്ടുണ്ട്.
140.27 ആണ് ഇഫ്തിഖാറിന്റെ സ്‌ട്രൈക്ക് റേറ്റ്. സ്‌ട്രൈക്ക് റേറ്റില്‍ കസറിയെങ്കിലു അതു റണ്‍സാക്കി മാറ്റാന്‍ താരത്തിനു സാധിച്ചിട്ടില്ലെന്നു കാണം. വെറും 101 റണ്‍സ് മാത്രമാണ് അഞ്ചിന്നിങ്‌സുകളില്‍ നിന്നും ഇഫ്തിഖാറിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 40 റണ്‍സാണ്.

സ്‌ട്രൈക്ക് റേറ്റില്‍ നാലാമത് ഒരു ബൗളറാണെന്നതാണ് കൗതുകകരമായ കാര്യം. 150 കിമിക്കു മുകളില്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്യാന്‍ മിടുക്കനായ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡാണ് നാലാമതെത്തി ക്രിക്കറ്റ് പ്രേമികളെ അദ്ഭുതപ്പെടുത്തിയിരിക്കുന്നത്. 137.93 ആണ് ഇംഗ്ലീഷ് പേസറുടെ സ്‌ട്രൈക്ക് റേറ്റ്. ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്ററുമായ രോഹിത് ശര്‍മയ്ക്കാണ് സ്‌ട്രൈക്ക് റേറ്റില്‍ അഞ്ചാംസ്ഥാനം.
അഞ്ചു മല്‍സരങ്ങളില്‍ നിന്നും 133.47 സ്‌ട്രൈക്ക് റേറ്റില്‍ 311 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഹിറ്റ്മാന്‍ ഇതിനകം നേടുകയും ചെയ്തു. സ്‌ട്രൈക്ക് റേറ്റില്‍ അഞ്ചാമതാണെങ്കിലും ഈ ലിസ്റ്റില്‍ തനിക്കു മുകളിലുള്ള മറ്റു നാലു പേരേക്കാളും റണ്‍സ് സ്‌കോര്‍ ചെയ്തിരിക്കുന്നത് രോഹിത്താണ്.
മികച്ച സ്‌ട്രൈക്ക് റേറ്റുള്ള ആദ്യത്തെ പത്തു താരങ്ങളെയെടുത്താല്‍ അക്കൂട്ടത്തിലെ ഏക ഇന്ത്യന്‍ താരം കൂടിയാണ് രോഹിത്. സൗത്താഫ്രിക്കയുടെ ഡേവിഡ് മില്ലര്‍ (128.97), സൗത്താഫ്രിക്കയുടെ തന്നെ മാര്‍ക്കോ യാന്‍സണ്‍ (126.80), എയ്ഡന്‍ മാര്‍ക്രം (123.83), അഫ്ഗാനിസ്താന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ (122.85), ഓസ്‌ട്രേലിയയുടെ മാര്‍ക്കസ് സ്‌റ്റോയിനിസ് (122.85) എന്നിവരാണ് ആറു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍.