ഹൈദരാബാദ്: ഏകദിന ലോകകപ്പിലേക്കുള്ള വരവ് തകര്‍പ്പന്‍ ജയത്തോടെ ആഘോഷിച്ച് പാകിസ്താന്‍. നെതര്‍ലന്‍ഡ്‌സിനെ 81 റണ്‍സിനാണ് പാക് പട മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 49 ഓവറില്‍ 286 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് 41 ഓവറില്‍ 205 റണ്‍സാണ് നേടാനായത്. പാകിസ്താനായി ഹാരിസ് റഊഫ് മൂന്നും ഹസന്‍ അലി രണ്ടും ഷഹീന്‍ ഷാ അഫ്രീദി, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപ്പണര്‍ ഫഖര്‍ സമാന്‍ (12) മോശം ഫോം തുടരുകയാണ്. 15 പന്ത് നേരിട്ട് മൂന്ന് ബൗണ്ടറിയടക്കം നേടിയ ഫഖര്‍ സമാനെ ലോഗന്‍ വാന്‍ ബീക്ക് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. പാകിസ്താന്‍ നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ ബാബര്‍ ആസം (5) നിരാശപ്പെടുത്തി. കോളിന്‍ അക്കര്‍മാനാണ് ബാബറിന് മടക്ക ടിക്കറ്റ് നല്‍കിയത്.
ചെറിയ ഇടവേളയില്‍ ഓപ്പണര്‍ ഇമാം ഉല്‍ ഹഖും (15) പുറത്തായതോടെ പാകിസ്താന്‍ വലിയ പ്രതിസന്ധിയിലായി. 38 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന പാകിസ്താനെ നാലാം വിക്കറ്റിലെ മുഹമ്മദ് റിസ്വാന്‍ (68) സൗദ് ഷക്കീത് (68) എന്നിവരുടെ കൂട്ടുകെട്ട് രക്ഷിച്ചു.
52 പന്തില്‍ 9 ഫോറും 1 സിക്‌സും പറത്തിയ സൗദിനെ ആര്യന്‍ ദത്ത് പുറത്താക്കുമ്പോള്‍ 158 എന്ന ഭേദപ്പെട്ട നിലയിലേക്ക് പാകിസ്താനെത്തിയിരുന്നു. 75 പന്ത് നേരിട്ട് 8 ബൗണ്ടറി നേടിയ റിസ്വാനെ ബാസ് ഡി ലീഡ് മടക്കി.

വമ്പനടിക്കാരന്‍ ഇഫ്തിഖര്‍ അഹമ്മദ് (9) പാകിസ്താന്റെ രക്ഷകനാവുമെന്ന് തോന്നിപ്പിച്ചെങ്കിലും ലീഡ് മടക്ക ടിക്കറ്റ് നല്‍കി. മധ്യനിരയില്‍ മുഹമ്മദ് നവാസ് (39) റണ്ണൗട്ടായപ്പോള്‍ ഷദാബ് ഖാനെ (32) ലീഡ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഹസന്‍ അലിയെ ലീഡ് എല്‍ബിയില്‍ കുടുക്കിയപ്പോള്‍ ഹാരിസ് റഊഫിനെ (16) അക്കര്‍മാനും പുറത്താക്കി. ഷഹീന്‍ ഷാ അഫ്രീദി (13) പുറത്താവാതെ നിന്നു. ഒരോവര്‍ ബാക്കി നിര്‍ത്തി 286 റണ്‍സില്‍ പാകിസ്താന്‍ പുറത്തായി എന്നതാണ് നാണക്കേട്.
നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കോളിന്‍ അക്കര്‍മാന്‍ രണ്ടും ആര്യന്‍ ദത്ത്, ലോഗന്‍ വാന്‍ ബീക്ക്, പോള്‍ വാന്‍ മിക്കീരന്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.
മറുപടിക്കിറങ്ങിയ നെതര്‍ലന്‍ഡ്‌സ് മികച്ച പോരാട്ടം തന്നെയാണ് കാഴ്ചവെച്ചത്. ഓപ്പണര്‍ മാക്‌സ് ഒഡൗഡിനെ (5) ഹസന്‍ അലി പുറത്താക്കിയപ്പോള്‍ കോളിന്‍ അക്കര്‍മാനെ (17) ഇഫ്തിഖര്‍ അഹമ്മദ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഓപ്പണര്‍ വിക്രമജിത് സിങ് (52) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 4 ഫോറും 1 സിക്‌സുമാണ് വിക്രമജിത് നേടിയത്. നെതര്‍ലന്‍ഡ്‌സിന്റെ മധ്യനിരയെ ഹാരിസ് റഊഫ് എറിഞ്ഞൊതുക്കി.
തേജ നിദാമാനുരുവിനെ (5) ഫഖര്‍ സമാന്റെ കൈയിലെത്തിച്ച റഊഫ് ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സിനെ (0) പൂജ്യത്തിനും മടക്കി. സാഖിബ് സുല്‍ഫിഖറിനെ (10) ഷഹീന്‍ ഷാ അഫ്രീദി എല്‍ബിയില്‍ കുടുക്കി. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടിയ ബാസ് ഡി ലീഡിനെ (67) മുഹമ്മദ് നവാസ് ക്ലീന്‍ബൗള്‍ഡ് ചെയ്തു. 68 പന്ത് നേരിട്ട് 6 ഫോറും 2 സിക്‌സുമാണ് ബാസ് ഡി ലീഡ് നേടിയത്.
റോയ്‌ലോഫ് വാന്‍ ഡെര്‍ മെര്‍വി (4) റണ്ണൗട്ടായി. ആര്യന്‍ ദത്തിനെ (1) ഹസന്‍ അലി ക്ലീന്‍ബൗള്‍ഡ് ചെയ്തു. പോള്‍ വാന്‍ മിക്കീരനെ ക്ലീന്‍ബൗള്‍ഡാക്കി ഹാരിസ് റഊഫ് നെതര്‍ലന്‍ഡ്‌സ് പോരാട്ടത്തിന് അവസാനമിട്ടു. 41 ഓവറില്‍ 205 റണ്‍സാണ് നെതര്‍ലന്‍ഡ്‌സിന് നേടാനായത്. ലോഗന്‍ വാന്‍ ബീക്ക് (28) പുറത്താവാതെ നിന്നു.
പ്ലേയിങ് 11: പാകിസ്താന്‍- ഇമാം ഉല്‍ ഹഖ്, ഫഖര്‍ സമാന്‍, ബാബര്‍ ആസം (c), മുഹമ്മദ് റിസ്വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ്.
നെതര്‍ലന്‍ഡ്‌സ്- വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, കോളിന്‍ അക്കര്‍മാന്‍, ബാസ് ഡി ലീഡ്, തേജ നിദാമനുരു, സ്‌കോട്ട് എഡ്വാര്‍ഡ്‌സ് (c), സാഖിബ് സുല്‍ഫിഖര്‍, ലോഗന്‍ വാന്‍ ബീക്ക്, റോയ്‌ലോഫ് വാന്‍ ഡെര്‍ മെര്‍വി, ആര്യന്‍ ദത്ത്, പോള്‍ വാന്‍ മിക്കീരന്‍